ശംഖു മുദ്രയുള്ള സീല്‍ കിട്ടയതിലും ശംഖുമുഖം ദേവീദാസിന്റെ പങ്കിലും ദുരൂഹത; ശ്രീതുവിന് നന്ദന്‍കോട്ടെ ഓഫീസിനുള്ളില്‍ ഉന്നത സൗഹൃദങ്ങളോ? അന്വേഷണം നേതാക്കളിലേക്ക് നീളുമോ എന്ന ആശങ്കയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ഇടതു സംഘടനകളും; ശ്രീതുവിന്റെ 'ലിവിംഗ് ടുഗദറുകാരന്‍' മറഞ്ഞിരിക്കുമ്പോള്‍
തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടു വയസുകാരിയുടെ കൊലപാതകത്തിന് ശേഷം ദേവസ്വം റിക്രൂട്ട്‌മെന്റ് കേസില്‍ അകത്തായ അമ്മ ശ്രീതുവിന് ബാലരാമപുരം പോലീസിലും സുഹൃത്തുക്കളോ? ദേവസ്വം ബോര്‍ഡിലെ നിയമന തട്ടിപ്പിലെ പരാതി ബാലരാമപുരം പോലീസിന് ഒരു മാസം മുമ്പ് കിട്ടിയെന്നാണ് സൂചന. എന്നാല്‍ ഇതില്‍ അന്വേഷണം നടന്നില്ല. ഈ സാഹചര്യം അറിഞ്ഞാണ് തന്റെ മുപ്പതു ലക്ഷം രൂപ കളവ് പോയെന്ന പരാതിയുമായി ശ്രീതുവെത്തിയത്. തൊഴില്‍ തട്ടിപ്പിന്റെ ആദ്യ പരാതിയില്‍ അന്വേഷണം നടന്നിരുന്നുവെങ്കില്‍ ആ രണ്ടു വയസ്സുകാരിയുടെ ജീവന്‍ നഷ്ടമാകില്ലായിരുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനുള്ളിലും ശ്രീതുവിന് സൂഹൃത്തുക്കളുണ്ട്. ഇവരിലൂടെയാണ് ദേവസ്വം ബോര്‍ഡിന്റെ ശംഖുമുദ്രയുള്ള സീല്‍ ശ്രീതുവിന്റെ കൈയ്യിലേക്ക് എത്തിയത്. ഈ തട്ടിപ്പില്‍ ശംഖുമുഖം ദേവീദാസന് പങ്കുണ്ടെന്ന അന്വേഷണം പോലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ശ്രീതുവിന് രണ്ടാം ഭര്‍ത്താവുള്ളതായി ശംഖുമുഖം ദേവീദാസന്‍ എന്ന ജ്യോത്സ്യന്‍ വെളിപ്പെടുത്തിയിരുന്നു. ഇയാളുമായി ലിവിംഗ് ടുഗദര്‍ ബന്ധത്തിലായിരുന്നുവെന്നാണ് ജ്യോത്സ്യന്‍ പറഞ്ഞു വച്ചത്. ഇയാളെ കുറിച്ചും സൂചനകള്‍ തേടുന്നുണ്ട് പോലീസ്.
ദേവസ്വം ബോര്‍ഡില്‍ ജോലി വാങ്ങി നല്‍കാമെന്ന് പറഞ്ഞ് പത്ത് ലക്ഷം തട്ടിയെടുത്തു എന്ന നെല്ലിവിള സ്വദേശി ഷാജിയുടെ പരാതിയിലാണ് ശ്രീതുവിനെ അറസ്റ്റ് ചെയ്തത്. നാല് ലക്ഷം രൂപ തട്ടിയെടുത്തതായി കാണിച്ച് ഒരു അധ്യാപികയും പരാതി നല്‍കിയിട്ടുണ്ട്. കുടുംബശ്രീ അംഗങ്ങളായ സ്ത്രീകളില്‍നിന്ന് 25,000 രൂപ മുതല്‍ ലക്ഷങ്ങള്‍ വരെ കൈക്കലാക്കിയതായും ആരോപണമുണ്ട്. ഇവര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരിയാണെന്ന് വിശ്വസിപ്പിക്കാന്‍ വ്യാജരേഖ ചമച്ചതായും കണ്ടെത്തിയിട്ടുണ്ട്. ശ്രീതുവിന്റെ മൂത്തമകള്‍ പഠിക്കുന്ന സ്‌കൂളിലെ പിടിഎ ഭരണസമിതി അംഗങ്ങളാണ് പ്രധാന പരാതിക്കാര്‍. ആദ്യ മാസം പരാതിക്കാരന് കൃത്യമായി അക്കൗണ്ടില്‍ പണമെത്തി. ഈ സമയത്തൊന്നും ഓഫീസില്‍ കയറ്റിയില്ല. പ്രൊബേഷന്‍ കാലത്ത് ഓഫീസില്‍ കയറരുതെന്ന നിര്‍ദ്ദേശം ഷിജുവിന് നല്‍കിയിരുന്നു. രണ്ടാം മാസവും പണം കിട്ടി. തുടര്‍ മാസങ്ങളില്‍ പണം കിട്ടാതെ വന്നതോടെയാണ് ശ്രീതുവിനെ സംശയിച്ചു തുടങ്ങിയത്. പോലീസിനോട് ഇതെല്ലാം ശ്രീതു സമ്മതിച്ചിട്ടുണ്ട്. പക്ഷേ പലതും മറച്ചു വയ്ക്കുകയാണ്. ഇത് അന്വേഷണത്തില്‍ കടുത്ത വെല്ലുവിളിയായി മാറുന്നുണ്ട്.
ദേവസ്വം ബോര്‍ഡിനുള്ളില്‍ ശ്രീതുവിന് സൗഹൃദമൂണ്ട്. അതുകൊണ്ടാണ് ശംഖുമുദ്രയുള്ള സീല്‍ ശ്രീതുവിന് കിട്ടിയതെന്നാണ് സൂചന. വ്യാജ നിയമന ഉത്തരവ് ഉണ്ടാക്കിയ ശേഷം ദേവസ്വം ബോര്‍ഡിന്റെ സീല്‍ സ്വന്തമാക്കി ശ്രീതു അതില്‍ പതിച്ചാണ് നല്‍കിയതെന്നാണ് സൂചന. ശംഖുമുദ്രയുള്ള സീല്‍ പതിച്ച നിയമന ഉത്തരവായതു കൊണ്ടാണ് പരാതിക്കാരനായ ഷിജു വിശ്വസിച്ചതും. വ്യാജ നിയമന ഉത്തരവ് തയാറാക്കാന്‍ ശ്രീതുവിന് പുറത്തുനിന്നു സഹായം കിട്ടിയെന്ന് പൊലീസ് ഏതാണ്ട് ഉറപ്പിച്ചിട്ടുണ്ട്. ദേവസ്വം ബോര്‍ഡിനുള്ളിലെ ഇടതു സംഘടനാ നേതാവുമായി ശ്രീതുവിന് പരിചയമുണ്ടെന്ന സൂചനകളുമുണ്ട്. എന്നാല്‍ സംഘടനാ നേതാക്കളിലേക്ക് അന്വേഷണം എത്താത്ത തരത്തിലേക്ക് കാര്യങ്ങള്‍ എത്തിയേക്കും. കാര്യങ്ങളെല്ലാം സര്‍ക്കാരിനെ ബോധ്യപ്പെടുത്തിയ ശേഷമേ ഈ തട്ടിപ്പില്‍ പോലീസ് തുടര്‍ അറസ്റ്റുകള്‍ നടത്തൂ. കുറ്റകൃത്യത്തില്‍ ശ്രീതു ഒറ്റക്കല്ലെന്നാണ് പൊലീസിന്റെ നിഗമനം. പരാതിക്കാരനായ ഷിജുവിനെ ദേവസ്വം ബോര്‍ഡില്‍ ഡ്രൈവറായി നിയമിച്ചു കൊണ്ടുള്ള ഉത്തരവാണ് തയ്യാറാക്കിയത്. ദേവസ്വം സെക്ഷന്‍ ഓഫിസര്‍ എന്ന പേരിലാണ് ശ്രീതു ഇത് തയ്യാറാക്കിയത്.
ഒരു വര്‍ഷം മുമ്പ് ഷിജുവിന് 'ഉത്തരവ്' കൈമാറിയിരുന്നു. 28000 രൂപ ശമ്പളം എന്നാണ് ഉത്തരവില്‍ ഉള്ളത്. ശ്രീതുവിന്റെ ഒഫീഷ്യല്‍ ഡ്രൈവര്‍ എന്നാണ് പറഞ്ഞത്. ദേവസ്വം ബോര്‍ഡ് ഓഫിസിന് മുന്നില്‍ എന്നും കാറുമായി എത്താന്‍ നിര്‍ദേശിച്ചു. അവിടെ വെച്ച് ശ്രീതു കാറില്‍ കയറും. ഒരിക്കലും ഷിജുവിനെ ദേവസ്വം ഓഫിസില്‍ കയറ്റിയിരുന്നില്ലെന്നും പൊലീസ് പറഞ്ഞു. ഇടക്ക് ശമ്പളം കുടിശിക വന്നു. പരാതിപ്പെട്ടപ്പോള്‍ ഒരു ലക്ഷം രൂപ ഒരുമിച്ചു നല്‍കി. കുഞ്ഞു മരിച്ചപ്പോഴാണ് ഷിജുവിന് തട്ടിപ്പെന്നു മനസ്സിലായതെന്നും പൊലീസ് പറഞ്ഞു. പിന്നീട് സംശയം കൂടി. ഇതോടെ പോലീസിനെ അറിയിക്കുകയും ചെയ്തു. വ്യാജ നിയമന ഉത്തരവ് തയ്യാറാക്കിയ സ്ഥാപനം പൊലീസ് കണ്ടെത്തിയിട്ടുണ്ട്. തട്ടിപ്പിന് സഹായിച്ചവരുടെ വിവരങ്ങള്‍ ശ്രീതു പോലീസിന് കൈമാറിയിട്ടുണ്ട്. ഇതേക്കുറിച്ചു പ്രാഥമിക അന്വേഷണം നടത്തിയ ശേഷം സഹായികളെ ചോദ്യം ചെയ്യും. നിലവില്‍ ശ്രീതുവിനെതിരെ പത്തു പേരാണ് പരാതിപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഭൂരിഭാഗം പേരും രേഖാ മൂലം പരാതി നല്‍കിയിട്ടില്ല. രണ്ടു പരാതികളാണ് പ്രധാനമായും സര്‍ക്കാരിന് മുന്നിലുള്ളത്.
ഇതിനിടെ കുഞ്ഞിന്റെ കൊലക്ക് കാരണം എന്താണെന്ന കാര്യത്തില്‍ പൊലീസിന് ഒരു വ്യക്തതയും വന്നിട്ടില്ല. റിമാന്റില്‍ കഴിയുന്ന കുഞ്ഞിന്റെ അമ്മാവന്‍ ഹരികുമാറിനെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്ത് ദുരൂഹത നീക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. അതിന് ശേഷം സാമ്പത്തിക തട്ടിപ്പ് കേസില്‍ അകത്തായ ശ്രീതുവിനേയും കസ്റ്റഡിയില്‍ വാങ്ങും. നിയമന തട്ടിപ്പിനു പുറമേ പണം വാങ്ങിച്ചിട്ട് തിരികെ കൊടുക്കാതെ കബളിപ്പിച്ചു എന്ന പരാതിയും ലഭിച്ചിട്ടുണ്ട്. ഇതെല്ലാം പരിശോധിച്ചു കൂടുതല്‍ കേസുകള്‍ എടുക്കും. ജ്യോല്‍സ്യന്‍ ദേവീദാസന് 36 ലക്ഷം നല്‍കിയെന്ന പരാതി വ്യാജമെന്നും നിഗമനം. അതേസമയം ദേവേന്ദു വധത്തിലെ കൂടുതല്‍ വിവരങ്ങള്‍ തേടി പ്രതി ഹരികുമാറിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ പോലീസ് അപേക്ഷ നല്‍കും. അഞ്ചുദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നാണ് ആവശ്യം.