താനല്ല കുട്ടിയെ കൊലപ്പെടുത്തിയതെന്നു മൊഴിമാറ്റുകയും കരയുകയും ചികിത്സ ആവശ്യപ്പെടുകയും കോടതിയില്‍ ചെയ്ത ഹരികുമാര്‍; ഒറ്റ ദിവസം കൊണ്ട് ഒരാളുടെ മനോനില പറയാന്‍ കഴിയില്ലെന്ന് ഡോക്ടര്‍മാര്‍; ശ്രീതുവിനൊപ്പം ചോദ്യം ചെയ്യാന്‍ ഹരികുമാറില്ല; ബാലരാമപുരത്ത് വമ്പന്‍ സ്രാവുകള്‍ സജീവമോ?

Update: 2025-02-06 04:09 GMT

നെയ്യാറ്റിന്‍കര: ബാലരാമപുരം കോട്ടുകാല്‍കോണത്ത് കിണറ്റില്‍ എറിഞ്ഞു കൊലപ്പെടുത്തിയ രണ്ടു വയസ്സുകാരി ദേവേന്ദുവിന്റെ കൊലപാതകത്തിലെ ദുരൂഹത നീക്കാന്‍ പോലീസ്. സാമ്പത്തിക തട്ടിപ്പില്‍ അറസ്റ്റിലായ അമ്മ ശ്രീതുവിനെ നാലു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. ദേവസ്വം ബോര്‍ഡില്‍ ജോലി വാഗ്ദാനം നല്‍കി സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസിലാണ് കസ്റ്റഡിയില്‍ വാങ്ങിയത്. പക്ഷേ പ്രധാനമായും ചോദ്യം ചെയ്യുക കുട്ടിയുടെ കൊലക്കേസിലായിരിക്കും. വമ്പന്‍ സ്രാവുകള്‍ക്ക് ഈ തട്ടിപ്പില്‍ പങ്കുണ്ടെന്നാണ് സൂചനകള്‍. പോലീസ് അന്വേഷണത്തില്‍ കൊലക്കേസ് ശ്രീതുവിലേക്ക് എത്താതിരിക്കാനുള്ള ചില കുതന്ത്രങ്ങളും അണിയറയില്‍ സംഭവിക്കുന്നുണ്ട്.

ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് ഉള്‍പ്പെടെ ശ്രീതുവിനെ എത്തിച്ച് തെളിവെടുപ്പ് നടത്തും. കൊലപാതക കേസില്‍ ചോദ്യം ചെയ്യലിനുശേഷം മറ്റൊരു കേസില്‍ അറസ്റ്റ് ചെയ്തത് നിയമവിരുദ്ധമാണെന്ന് പ്രതിക്കുവേണ്ടി ഹാജരായ അഭിഭാഷക വാദിച്ചു. എന്നാല്‍ ശ്രീതുവിന്റെ പേരില്‍ നിരവധി പരാതികളുണ്ടെന്നും വിശദ അന്വേഷണത്തിന് പൊലീസ് കസ്റ്റഡി വേണമെന്നും പ്രോസിക്യൂഷനും വാദിച്ചു. ദേവേന്ദുവിനെ കിണറ്റില്‍ എറിഞ്ഞു കൊലപ്പെടുത്തിയ കേസിലെ പ്രതി ഹരികുമാറിന്റെ മാനസികനില പരിശോധിക്കുന്നതിനായി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. വെള്ളിയാഴ്ച ജയില്‍ അധികൃതര്‍ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നെയ്യാറ്റിന്‍കര കോടതിയുടെ നിര്‍ദേശം. ചൊവ്വാഴ്ച കോടതി ഹരികുമാറിനെ ഈമാസം 10വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു.

എന്നാല്‍ പ്രതിക്ക് മാനസിക പ്രശ്‌നമുണ്ടെന്നും കസ്റ്റഡിയില്‍ വിടരുതെന്നും ലീഗല്‍ സര്‍വീസ് അതോറിറ്റി അഭിഭാഷക സ്വജിനാ മുഹമ്മദ് കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിശദമായ പരിശോധന നടത്തി മെഡിക്കല്‍ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടത്. ഒറ്റ ദിവസംകൊണ്ട് ഒരാളുടെ മനോനില പറയാന്‍ കഴിയില്ലെന്നും കുറഞ്ഞത് 10 ദിവസമെങ്കിലും നിരീക്ഷിക്കണമെന്നും പ്രതിയെ പരിശോധിച്ച മെഡിക്കല്‍ കോളേജിലെ സൈക്ക്യാട്രി വിഭാഗം ഡോക്ടര്‍മാര്‍ അറിയിച്ചു. പിന്നാലെയാണ് പൊലീസ് കസ്റ്റഡിയില്‍നിന്ന് പ്രതി ഹരികുമാറിനെ കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയിലേക്ക് കൈമാറിയത്. ഇതോടെ ശ്രീതുവിനേയും ഹരികുമാറിനേയും ഒരുമിച്ച് ചോദ്യം ചെയ്യാനുള്ള നീക്കം പൊളിഞ്ഞു. അതിന് വേണ്ടിയാണ് ഹരികുമാറിന്റെ മാനസിക നില പരിശോധനാവശ്യം ചര്‍ച്ചയാക്കിയത് എന്ന സൂചനകളുണ്ട്.

ഹരികുമാറിന് മാനസികപ്രശ്‌നങ്ങളുള്ളതായി കരുതുന്നില്ലെന്ന് ഡോക്ടര്‍മാര്‍ നേരത്തെ പ്രതികരിച്ചിരുന്നു. കോടതി നിര്‍ദ്ദേശപ്രകാരം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മനോരോഗ വിദഗ്ധരാണ് പരിശോധന നടത്തിയത്. ഈ പരിശോധനയ്ക്ക് പിന്നാലെയാണ് പ്രതിയായ ഹരികുമാറിന് മാനസികാസ്വാസ്ഥ്യമുള്ളതായി തോന്നുന്നില്ലെന്ന് പരിശോധനയില്‍ വ്യക്തമായതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. വൈദ്യപരിശോധനക്ക് ശേഷം പ്രതിയെ ജയിലിലേക്ക് മാറ്റി. അറസ്റ്റിന് പിന്നാലെ റൂറല്‍ എസ് പി ഹരികുമാറിന് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് പറഞ്ഞിരുന്നു. പ്രതി പലപ്പോഴായി മൊഴി മാറ്റുന്നത് കൊലയുടെ കാരണം ഉള്‍പ്പെടെ വ്യക്തമാകുന്നതിന് വെല്ലുവിളിയായി മാറുകയാണെന്നും മാനസിക പ്രശ്‌നമുണ്ടെന്നുമാണ് പൊലീസ് പറഞ്ഞത്. ഇക്കാര്യം കോടതിയെയും അറിയിച്ചിരുന്നു.

തുടര്‍ന്നാണ് കോടതി മാനസിക പ്രശ്‌നങ്ങളുണ്ടോയെന്ന് പരിശോധിക്കാന്‍ നിര്‍ദേശം നല്‍കിയത്. രണ്ടു ദിവസം പ്രതിയെ ജയിലില്‍ നിരീക്ഷിച്ചതിനുശേഷം പരിശോധനയുടെ റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കും. ഹരികുമാറിനെ അഞ്ചു ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്നു പൊലീസ് ആവശ്യപ്പെട്ടെങ്കിലും കോടതി അത് അംഗീകരിച്ചിരുന്നില്ല. കോടതിയില്‍ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനാല്‍ മാനസിക രോഗവിദഗ്ധന്റെ സര്‍ട്ടിഫിക്കറ്റ് കോടതി ആവശ്യപ്പെട്ടു. ഇതിനായി ഇന്നലെ ഉച്ചയോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്നില്ല. തുടര്‍ന്ന് ഇന്നാണു ഹരികുമാറിനെ പരിശോധനയ്ക്കു വിധേയമാക്കിയത്. കസ്റ്റഡി അപേക്ഷ പരിഗണിക്കവെ താനല്ല കുട്ടിയെ കൊലപ്പെടുത്തിയതെന്നു ഹരികുമാര്‍ മൊഴിമാറ്റുകയും കരയുകയും ചികിത്സ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പത്തോളം പരാതികളില്‍ ശ്രീതുവിന്റെ അമ്മ ശ്രീകലയെ നെയ്യാറ്റിന്‍കര, മാരായമുട്ടം എസ്എച്ച്ഒമാരുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു. ദേവസ്വം ബോര്‍ഡില്‍ ഡ്രൈവര്‍ ജോലിയുടെ നിയമന ഉത്തരവ് നല്‍കി ബാലരാമപുരം നെല്ലിവിള സ്വദേശിയായ ജെ.ഷിജുവില്‍ നിന്ന് 10 ലക്ഷം രൂപ വാങ്ങി കബളിപ്പിച്ചുവെന്ന പരാതിയിലാണ് ശ്രീതു റിമാന്‍ഡില്‍ കഴിയുന്നത്.

Tags:    

Similar News