ഭര്‍ത്താവിനൊപ്പം ആഹാരം കഴിക്കാനോ വീടിനു പുറത്തു പോകാനോ അനുവദിക്കുന്നില്ല; എച്ചില്‍പാത്രത്തില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ അമ്മായിയമ്മ നിര്‍ബന്ധിച്ചു; മലയാളി അദ്ധ്യാപിക ശ്രുതിയുടെ ആത്മഹത്യയില്‍ കേസെടുത്തതിന് പിന്നാലെ ഭര്‍തൃമാതാവ് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു

ശ്രുതിയുടെ ഭര്‍തൃമാതാവ് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു

Update: 2024-10-24 08:43 GMT

കന്യാകുമാരി: സ്ത്രീധനത്തെ ചൊല്ലി ഭര്‍തൃവീട്ടില്‍ നിരന്തരം പീഡനങ്ങള്‍ക്ക് ഇരയായ മലയാളിയായ കോളേജ് അധ്യാപിക ശുചീന്ദ്രത്ത് ജീവനൊടുക്കിയതിന് പിന്നാലെ ഭര്‍തൃമാതാവ് വിഷം കഴിച്ച് ആത്മഹത്യക്കു ശ്രമിച്ചു. ഇവരെ കന്യാകുമാരി ആശാരിപള്ളം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഭര്‍തൃമാതാവിന്റെ പീഡനം സഹിക്കാന്‍ കഴിയാതെ ജീവനൊടുക്കുവെന്ന് ശ്രുതി കോയമ്പത്തൂരിലുള്ള മാതാപിതാക്കളെ അറിയിച്ചിരുന്നു. ശ്രുതിയുടെ ആത്മഹത്യക്ക് പിന്നാലെ പൊലീസ് കേസെടുത്തതോടെയാണ് ഭര്‍തൃമാതാവിന്റെ ആത്മഹത്യാശ്രമം.

കൊല്ലം പിറവന്തൂര്‍ സ്വദേശിയായ 25കാരി ശ്രുതിയെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആറ് മാസം മുമ്പാണ് ശ്രുതിയെ വിവാഹം കഴിച്ചത് അയച്ചത്. കഴിഞ്ഞ ഏപ്രിലിലാണ് തമിഴ്നാട് വൈദ്യുതി ബോര്‍ഡ് ജീവനക്കാരനായ കാര്‍ത്തിക്കുമായുള്ള ശ്രുതിയുടെ വിവാഹം നടന്നത്. ജീവനൊടുക്കുന്നതിന് മുമ്പ് ശ്രുതി അയച്ച ശബ്ദസന്ദേശവും പുറത്തായിട്ടുണ്ട്. ഇതില്‍ താന്‍ അനുഭവിച്ച പീഡനങ്ങളെ കുറിച്ച് ശ്രുതി എണ്ണിപ്പറയുന്നുണ്ട്. 10 ലക്ഷം രൂപയും 50 പവന്‍ സ്വര്‍ണവും ശ്രുതിക്ക് വീട്ടുകാര്‍ വിവാഹസമ്മാനമായി നല്‍കിയിരുന്നു.എന്നാല്‍ സ്ത്രീധനം കുറഞ്ഞെന്ന് പറഞ്ഞു കാര്‍ത്തിക്കിന്റെ അമ്മ ശ്രുതിയോട് നിരന്തരം വഴക്കുണ്ടാക്കിയിരുന്നു എന്ന് ശ്രുതിയുടെ ശബ്ദസന്ദേശത്തില്‍ പറയുന്നുണ്ട്.

മരിക്കുകയല്ലാതെ മറ്റു വഴിയില്ലെന്നും എച്ചില്‍പാത്രത്തില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ അമ്മായിയമ്മ നിര്‍ബന്ധിച്ചെന്നും ശ്രുതി വെളിപ്പെടുത്തുന്നു. വീട്ടിലേക്ക് തിരിച്ചുപോകണമെന്ന് പറഞ്ഞു പീഡിപ്പിക്കുകയാണ്. ഇതെല്ലാം യുവതി സഹിച്ചു നിന്നത് കുടുംബത്തിന് നാണക്കേടുണ്ടാകുമെന്ന് കരുതിയാണ്. കുടുംബത്തിന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫോണ്‍ സന്ദേശം അടക്കം തെളിവായി എടുത്താണ് പോലീസ് അന്വേഷണം. കൊല്ലത്താണ് വേരുകള്‍ എങ്കിലും, കോയമ്പത്തൂരില്‍ സ്ഥിരതാമസം ആണ് ശ്രുതിയുടെ കുടുംബം.

ശുചീന്ദ്രത്ത് എത്തിയ ശ്രുതിയുടെ പിതാവ് ബാബു ശുചീന്ദ്രം പൊലീസില്‍ പരാതി നല്‍കിയിരുന്നു. ശുചീന്ദ്രം പൊലീസും ആര്‍ഡിഒ കാളീശ്വരിയും വീട്ടിലെത്തി കാര്‍ത്തിക്കിന്റെയും അമ്മയുടെയും മൊഴി എടുത്തു. ഇതിനു പിന്നാലെയാണ് ഭര്‍തൃമാതാവ് വിഷം കഴിച്ച് ആത്മഹത്യക്കു ശ്രമിച്ചത്. ശ്രുതിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി കോയമ്പത്തൂരിലേക്കു കൊണ്ടുപോയി. കോയമ്പത്തൂര്‍ പെരിയനായ്ക്കന്‍പാളയത്ത് തമിഴ്നാട് വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥനാണ് ശ്രുതിയുടെ പിതാവ് ബാബു.

''അമ്മ ക്ഷമിക്കണം, ദയവു ചെയ്ത് ഭര്‍ത്താവിനെ ഒന്നും പറയരുത്. അവര്‍ ഒരു തെറ്റും ചെയ്തിട്ടില്ല. ഞാന്‍ വീട്ടിലേക്കു തിരിച്ചു വരുന്നില്ല. ആളുകള്‍ പലതും പറയും. എന്റെ മൃതദേഹം ഇവിടെ സംസ്‌കരിക്കരുത്. കോയമ്പത്തൂരില്‍ കൊണ്ടുപോയി നമ്മുടെ ആചാരപ്രകാരം വൈദ്യുതി ശ്മശാനത്തില്‍ സംസ്‌കരിക്കണം'' - ശ്രുതി അവസാനമായി സ്വന്തം മാതാപിതാക്കള്‍ക്ക് അയച്ച വാട്സാപ്പ് സന്ദേശമാണിത്.

വിവരമറിഞ്ഞ് ശ്രുതിയുടെ പിതാവ് ബാബു കുടുംബത്തിനൊപ്പം കോയമ്പത്തൂരില്‍നിന്ന് ശുചീന്ദ്രത്തേക്കു പുറപ്പെടുന്നതിനു മുന്‍പ് തന്നെ ശ്രുതി ജീവനൊടുക്കിയിരുന്നു. കാര്‍ത്തിക്കിന്റെ ഒരു ബന്ധുവാണ് ബാബുവിനെ വിളിച്ചു ശ്രുതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടുവെന്നും മൃതദേഹം ആശാരിപള്ളം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആണെന്നും അറിയിച്ചത്. തുടര്‍ന്ന് ശുചീന്ദ്രത്ത് എത്തിയ ബാബു പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഭര്‍തൃമാതാവിന്റെ പീഡനം സഹിക്കാന്‍ കഴിയാതെ മനംനൊന്താണ് മകള്‍ ജീവനൊടുക്കിയതെന്നും നടപടി എടുക്കണമെന്നും ബാബുവിന്റെ പരാതിയില്‍ പറയുന്നു.

ഭര്‍ത്താവായ കാര്‍ത്തിക്കിന്റെ മാതാവ് വല്ലാതെ മാനസികമായി പീഡിപ്പിക്കുന്നുവെന്നാണ് ശ്രുതിയുടെ ശബ്ദസന്ദേശത്തില്‍ പറയുന്നത്. കാര്‍ത്തിക്കിന്റെ പിതാവ് നേരത്തേ മരിച്ചു പോയിരുന്നു. ഭര്‍ത്താവിനൊപ്പം ആഹാരം കഴിക്കാനോ വീടിനു പുറത്തു പോകാനോ അനുവദിക്കുന്നില്ലെന്നും കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും ശ്രുതിയുടെ ശബ്ദസന്ദേശത്തില്‍ പറയുനനുണ്ട്.


Tags:    

Similar News