പറമ്പിലും തൊഴുത്തിലും കാണുന്ന പശുക്കളെ ആരും കാണാതെ മോഷ്ടിക്കും, ശേഷം അതിനെ മറിച്ച് വില്‍ക്കും, പതിവ് പരിപാടി എന്നാല്‍ ഇത്തവണ പാളി; മോഷ്ടാവിന് പൊലീസ് വല വിരിച്ചത് ഇങ്ങനെ

Update: 2024-11-12 06:15 GMT

ആലപ്പുഴ: പറമ്പിലും തൊഴുത്തിലും കാണുന്ന പശുക്കളെ മോഷ്ടിച്ച് അതിനെ മറിച്ച് വില്‍പ്പന നടത്തുന്ന മോഷ്ടാവ് പിടിയില്‍. മലപ്പുറം സ്വദേശി അലിയാണ് അരൂര്‍ പൊലീസിന്റെ പിടിയിലായത്. ആലപ്പുഴയില്‍ നിന്ന് കന്നുകാലികളെ മോഷ്ടിച്ച് കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് പോലീസ് അലിയെ പിടികൂടിയത്. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് കിട്ടിയ തെളിവിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അലിയെ പിടികൂടുന്നത്. കന്നുകാലികളെ മോഷടിച്ച് മറിച്ചുവില്‍ക്കുന്നത് അലിയുടെ സ്ഥിരം പരിപാടിയാണെന്നാണ് പൊലീസ് പറയുന്നത്. പക്ഷേ ആലപ്പുഴ ചന്തിരൂരിലെ മോഷണം പാളി, അരൂര്‍ പൊലീസിന്റെ പിടിയിലായി.

കഴിഞ്ഞ മാസം 28 നാണ് അലി മലപ്പുറത്ത് നിന്ന് ലോറിയില്‍ ചന്തിരൂരിലെത്തിയത്. അരൂരിലെ ഒരു വീട്ടില്‍ തൊഴുത്തിലുണ്ടായിരുന്ന മൂന്ന് കാളകളെയും തൊട്ടടുത്ത പറമ്പിലുണ്ടായിരുന്ന പശുവിനെയും മോഷ്ടിച്ചു. ശേഷം കന്നുകാലികളെ ലോറിയില്‍ കയറ്റി മലപ്പുറത്തെത്തിച്ചു. വീട്ടുകാരുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു, അന്വേഷണത്തില്‍ KL-11-BE-1821 എന്ന വാഹനം അരൂരില്‍ വിവിധ സിസിടിവികളില്‍ നിന്നും പൊലീസ് തിരിച്ചറിഞ്ഞു.

പിന്നീട് വാഹന നമ്പര്‍ കേന്ദ്രീകരിച്ച നടത്തിയ അന്വേഷണത്തിലാണ് നിരവധി മോഷണക്കേസുകളില്‍ പ്രതിയായ അലിയെ കണ്ണൂര്‍ തലശേരിയില്‍ നിന്ന് അരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തതെന്ന് അരൂര്‍ എസ്‌ഐ ഗീതുമോള്‍ പറഞ്ഞു. കന്നുകാലികളെ മറിച്ചുവിറ്റുവെന്നാണ് പ്രതി പൊലീസിന് നല്‍കിയ മൊഴി. കോടതിയില്‍ ഹാജരാക്കിയ അലിയെ റിമാന്‍ഡ് ചെയ്തു.

Tags:    

Similar News