ബൈക്കിന് പിന്നിൽ തോക്കുമേന്തി ഇരിക്കുന്ന ഒരാൾ; വെടി കൊണ്ട് തെരുവിലൂടെ പേടിച്ച് ഓടുന്ന നായ്ക്കൾ; ചിലത് പാതി വഴിയിൽ ചത്ത് വീണു; പശുക്കൾ അടക്കം പ്രാണഭയം കൊണ്ട് ഓടുന്ന കാഴ്ച; മിണ്ടാപ്രാണികൾക്ക് നേരെ കൊടും ക്രൂരത; ദയനീയ ദൃശ്യങ്ങൾ പുറത്ത്

Update: 2025-08-08 11:00 GMT

ജയ്‌പൂർ: ബൈക്കിന് പിന്നിൽ തോക്കുമേന്തി ഇരുന്ന് ഒരാളുടെ ക്രൂര പ്രവർത്തി. വെടി കൊണ്ട് നിരവധി നായ്ക്കളാണ് തെരുവിൽ ചത്തു വീണത്. പശുക്കൾ അടക്കം പ്രാണഭയം കൊണ്ട് ഓടി. രാജസ്ഥാനിലെ ജുൻജുനു ജില്ലയിലാണ് നടുക്കുന്ന വീഡിയോ പുറത്തുവന്നിരിക്കുന്നത്. ഓഗസ്റ്റ് 2, 3 തീയതികളിലായി തോക്കുമായി ബൈക്കിൽ സഞ്ചരിച്ച രണ്ട് പേര്‍ 25 ലധികം തെരുവ് നായ്ക്കളെ വെടിവച്ച് കൊലപ്പെടുത്തിയെന്നാണ് ആരോപണം.

ഇതിന്‍റെ വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ വൈറലയാതോടെ ഇവരെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തമായി. വീഡിയോകൾ വൈറലാവുകയും പരാതി ശക്തമാവുകയും ചെയ്തതിന് പിന്നാലെ പ്രതികളെ കുറിച്ച് അന്വേഷിക്കുകയാണെന്ന് രാജസ്ഥാന്‍ പോലീസ് വ്യക്തമാക്കി.

രാജസ്ഥാനിലെ കുമാവാസ് ഗ്രാമത്തിലാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്. ദുമ്ര ഗ്രാമവാസിയായ ഷിയോചന്ദ് ബവേറിയ എന്ന മുഖ്യപ്രതി തെരുവ് നായ്ക്കളെ കൊലപ്പെടുത്താനായി തോക്കുമായി ബൈക്കില്‍ ഗ്രാമത്തിലൂടെ പരസ്യമായി കറങ്ങുന്നത് വീഡിയോയിൽ കാണാം.

ബൈക്കിൽ ഒരു സഹായിയോടൊപ്പം എത്തിയ ഷിയോചന്ദ് ബവേറിയ നായ്ക്കളെ തൊട്ടടുത്ത് നിന്ന് വെടിവെച്ച് കൊല്ലുന്നത് വീഡിയോയിലുണ്ട്. മറ്റൊരു ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന മൂന്നാമത്തെയാളാണ് സംഭവം ചിത്രീകരിച്ചതെന്നും റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നു.

തെരുവിന്‍റെ പല ഭാഗത്തായി നിരവധി നായ്ക്കൾ വെടിയേറ്റ് ചത്ത് കിടക്കുന്നത് വീഡിയോയില്‍ കാണാം. ഒപ്പം ഗ്രാമത്തിലെ ചെറിയ വഴികളിലൂടെ നടന്നും മറ്റ് സ്ഥലങ്ങളില്‍ ബൈക്കില്‍ സഞ്ചരിച്ചും ഇയാൾ തെരുവ് നായ്ക്കൾക്ക് നേരെ വെടിവയ്ക്കുന്നതും വീഡിയോയില്‍ കാണാം. ഈ അക്രമ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലും ജനങ്ങളിലും രൂക്ഷ വിമര്‍ശനമാണ് സൃഷ്ടിച്ചത്.

സംഭവത്തില്‍ ഉൾപ്പെട്ട എല്ലാവരെയും അറസ്റ്റ് ചെയ്ത് ശിക്ഷിക്കണമെന്ന് സമൂഹ മാധ്യമ ഉപയോക്താക്കൾ ആവശ്യപ്പെട്ടു. നിയമം പരസ്യമായി ലംഘിക്കപ്പെടുമ്പോൾ പോലീസ് നിഷ്കൃയരായി നോക്കി നില്‍ക്കുകയാണെന്ന് നിരവധി പേര്‍ സമൂഹ മാധ്യമങ്ങളിൽ എഴുതി. പ്രധാന പ്രതി ഒളിവിലാണെന്നും ഇയാൾക്ക് വേണ്ടിയുള്ള അന്വേഷണം ശക്തമാക്കിയെന്നും പോലീസ് വ്യക്തമാക്കി.

Tags:    

Similar News