ഐഐഎമ്മില്‍ കൗണ്‍സിലിംഗിനായി എത്തിയ ബിരുദ വിദ്യാര്‍ത്ഥിനിയെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ എത്തിച്ചു; ഭക്ഷണം കഴിച്ചോയെന്ന് തിരക്കിയ ശേഷം പിസയും വെള്ളവും നല്‍കി; മയങ്ങി വീണ പെണ്‍കുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കി; സീനിയര്‍ വിദ്യാര്‍ഥി കസ്റ്റഡിയില്‍; കൊല്‍ക്കത്തയില്‍ രണ്ടാഴ്ചയ്ക്കിടെ സമാനമായ സംഭവം

കൊല്‍ക്കത്തയില്‍ രണ്ടാഴ്ചയ്ക്കിടെ സമാനമായ സംഭവം

Update: 2025-07-12 10:26 GMT

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലെ വിദ്യാര്‍ഥിനിയെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ വെച്ച് ബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി അറസ്റ്റില്‍. പശ്ചിമ ബംഗാളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ അക്രമങ്ങള്‍ വര്‍ദ്ധിക്കുന്നുവെന്ന ആരോപണങ്ങള്‍ക്കിടെയാണ് പുതിയ സംഭവം. വെള്ളിയാഴ്ചയാണ് കൊല്‍ക്കത്ത ഐഐഎമ്മിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയും കര്‍ണാടക സ്വദേശിയുമായ പരമാനന്ദ് ടോപ്പാനുവാര്‍ അറസ്റ്റിലായത്.

വെള്ളിയാഴ്ച പെണ്‍കുട്ടി പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ഹരിദേവ്പൂര്‍ പൊലീസ് രണ്ടാം വര്‍ഷ വിദ്യാര്‍ഥിയെ അറസ്റ്റ് ചെയ്തത്. സൗത് കൊല്‍ക്കത്ത ലോ കോളേജ് കാമ്പസിനുള്ളില്‍ ഒരു നിയമ വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി രണ്ടാഴ്ച പിന്നിടുമ്പോഴാണ് പ്രശസ്തമായ ഐ.ഐ.എം കാമ്പസില്‍ സമാന സംഭവം.

കൗണ്‍സിലിങ് സെഷന്റെ മറവില്‍ ആണ്‍കുട്ടികളുടെ ഹോസ്റ്റലിലേക്ക് തന്നെ എത്തിച്ചതായി പെണ്‍കുട്ടി പരാതിയില്‍ പറയുന്നുവെന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. അവിടെ എത്തിയപ്പോള്‍ ഭക്ഷണവും പാനീയങ്ങളും വാഗ്ദാനം ചെയ്തു. തുടര്‍ന്ന് ബോധം നഷ്ടപ്പെട്ടു. ബോധം വീണ്ടെടുത്തപ്പോള്‍ ഹോസ്റ്റലിനകത്താണെന്നും താന്‍ ബലാത്സംഗത്തിന് ഇരയായെന്നും തിരിച്ചറിഞ്ഞു. പുറത്തുപറഞ്ഞാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതായും അവള്‍ പറഞ്ഞു.

പെണ്‍കുട്ടി ആ പരിസരത്തുനിന്ന് ഇറങ്ങി നേരെ താക്കൂര്‍പുകുര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. അതേ രാത്രിയില്‍ തന്നെ ഹോസ്റ്റലില്‍ നിന്ന് ഒരു വിദ്യാര്‍ഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. കസ്റ്റഡിയിലെടുത്ത വ്യക്തി പ്രധാന പ്രതിയാണോ എന്ന് ഇപ്പോഴും പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

പ്രാരംഭ അന്വേഷണത്തില്‍ അതിജീവിതയും പ്രതിയും സമൂഹമാധ്യമത്തിലൂടെയാണ് ബന്ധപ്പെട്ടതെന്ന് കണ്ടെത്തി. മറ്റൊരു പരിചയക്കാരനുമായുള്ള സംഘര്‍ഷത്തെത്തുടര്‍ന്ന് അവള്‍ പ്രതിയില്‍നിന്ന് ഉപദേശം തേടിയിരുന്നു. തുടര്‍ന്ന് അയാള്‍ അവളെ ഒരു ചര്‍ച്ചക്കായി കാമ്പസിലേക്ക് ക്ഷണിച്ചു.

രണ്ടുപേരെയും അറിയുന്ന ഒരുസുഹൃത്ത് അവളോടൊപ്പം പോയതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍, പ്രതി സ്വകാര്യമായ സംഭാഷണം ആവശ്യപ്പെടുകയും അവളെ ഒഴിഞ്ഞുകിടക്കുന്ന ഒരു ഹോസ്റ്റല്‍ മുറിയിലേക്ക് കൊണ്ടുപോകുകയും അവിടെ വെച്ച് അതിക്രമത്തിനിരയാക്കുകയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്.

വിസിറ്റേഴ്‌സ് ബുക്കില്‍ പേരെഴുതാതെ അകത്തേക്ക് കൂട്ടിക്കൊണ്ട് പോയത് സംശയം ജനിപ്പിച്ചുവെന്നും എന്നാല്‍ അവഗണിക്കുകയായിരുന്നുവെന്നാണ് വിദ്യാര്‍ത്ഥിനി പൊലീസിന് മൊഴി നല്‍കിയിട്ടുള്ളത്. ഹോസ്റ്റലിനുള്ളില്‍ വച്ച് ഭക്ഷണം കഴിച്ചോയെന്ന് തിരക്കിയ ശേഷം പിസയും വെള്ളവും നല്‍കി. ഭക്ഷണം കഴിച്ചതോടെ മയങ്ങി വീണ വിദ്യാര്‍ത്ഥിനിയെ പരമാനന്ദ് പീഡിപ്പിച്ചുവെന്നാണ് പരാതി.

ബോധം വന്നപ്പോള്‍ ഹോസ്റ്റല്‍ മുറിയില്‍ നിന്ന് രക്ഷപ്പെട്ട വിദ്യാര്‍ത്ഥിനി സുഹൃത്തിനോട് വിവരം അറിയിക്കുകയായിരുന്നു. ബലാത്സംഗത്തിനും മയക്കുമരുന്ന് നല്‍കി ആക്രമിച്ചതിനുമാണ് പൊലീസ് കേസ് എടുത്തിട്ടുള്ളത്. സംഭവത്തില്‍ 4 പേര്‍ക്ക് കൂടി പങ്കുള്ളതായാണ് പൊലീസ് വിശദമാക്കുന്നത്. സുരക്ഷാ ജീവനക്കാരനേയും പൊലീസ് ചോദ്യം ചെയ്യുകയാണ്. സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. ഹോസ്റ്റലില്‍ നിന്ന് ഫോറന്‍സിക് സംഘം തെളിലുകള്‍ ശേഖരിച്ചിട്ടുണ്ട്.

Tags:    

Similar News