'എനിക്ക് അതിൽ പങ്കെടുക്കാൻ തീരെ താല്പര്യമില്ല..'; നേരം വെളുത്തിട്ടും മകൾ മുറി തുറക്കുന്നില്ല; അന്വേഷിച്ചെത്തിയ അമ്മ കണ്ടത് ഹൃദയം കലങ്ങുന്ന കാഴ്ച; ചിറയിൻകീഴിൽ കോളേജ് വിദ്യാർഥിനി ജീവനൊടുക്കിയ നിലയിൽ; സമീപത്ത് ദുരൂഹത നിറച്ച് ആത്മഹത്യക്കുറിപ്പ്; വേദനയോടെ ഉറ്റവർ
തിരുവനന്തപുരം: ചിറയിൻകീഴിൽ തുമ്പ സെന്റ് സേവിയേഴ്സ് കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പൊടിയന്റെമുക്ക് സുനിത ഭവനിൽ സുധീഷ് കുമാറിന്റെയും ലതയുടെയും മകളായ അനഘ സുധീഷ് (19) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം പുറത്തറിഞ്ഞത്.
അനഘയുടെ മാതാവ് ലതയാണ് മകളെ മുറിക്കുള്ളിൽ ജനൽ കമ്പിയിൽ തൂങ്ങിയ നിലയിൽ ആദ്യം കണ്ടത്. ഉടൻതന്നെ വിവരമറിയിച്ചതിനെത്തുടർന്ന് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മുറിയിൽനിന്ന് ഒരു ആത്മഹത്യക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. ഇതിൽ ഇന്ന് നടക്കാനിരുന്ന ഒരു സെമിനാറിൽ പങ്കെടുക്കാൻ താല്പര്യമില്ല എന്ന് മാത്രമാണ് സൂചിപ്പിച്ചിട്ടുള്ളത്. പഠിക്കുന്ന സ്ഥാപനത്തിൽ മറ്റ് പ്രശ്നങ്ങളുണ്ടോ എന്നതിനെക്കുറിച്ച് കുറിപ്പിൽ വ്യക്തതയില്ല.
ചിറയിൻകീഴ് പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. അനഘയുടെ പിതാവ് വിദേശത്താണ്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായി ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. പിതാവ് സുധീഷ് നാട്ടിലെത്തിയ ശേഷം വീട്ടുവളപ്പിൽ സംസ്കാര ചടങ്ങുകൾ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
മാനസികാരോഗ്യ സഹായം തേടേണ്ടതിൻ്റെ പ്രാധാന്യം:
ജീവിതത്തിൽ നേരിടുന്ന ഏത് പ്രശ്നത്തിനും പരിഹാരമായി മരണത്തെ കാണുന്നത് ശരിയായ രീതിയല്ല. മാനസിക സംഘർഷങ്ങളിലൂടെ കടന്നുപോകുന്നവർക്ക് വിദഗ്ദ്ധ സഹായം തേടുന്നത് അതിജീവനത്തിന് വഴികാട്ടും. ഇത്തരം സാഹചര്യങ്ങളിൽ സഹായം നൽകുന്ന നിരവധി ഹെൽപ്പ് ലൈനുകൾ ലഭ്യമാണ്. കേരള സർക്കാർ ഹെൽപ്പ് ലൈൻ നമ്പർ 1056 ആണ്. മാനസികാരോഗ്യ വിദഗ്ദ്ധരുടെ സഹായം തേടാനും അതിജീവിക്കാനും ശ്രമിക്കാവുന്നതാണ്.