കൂട്ടുകാരന്റെ ജന്മദിനം കളറാക്കാൻ പെൺകുട്ടികൾ ഉൾപ്പടെയുള്ളവർ ചേർന്ന് മുറിയെടുത്തു; എല്ലാം മതിമറന്ന് ആഘോഷിക്കുന്നതിനിടെ 'ഈഗിള്‍ ഫോഴ്‌സ്' ന്റെ എൻട്രി; 'മൂത്ര' പരിശോധനയിൽ ഞെട്ടൽ; കോളേജ് വിദ്യാര്‍ഥികളെ കുടുക്കിയ സ്റ്റിങ്ങ് ഓപ്പറേഷൻ ഇങ്ങനെ
ഹൈദരാബാദ്: നഗരത്തിലെ ഒരു പ്രമുഖ പാചക അക്കാദമിയിലെ ആറ് വിദ്യാർഥികൾ ജന്മദിനാഘോഷത്തിനിടെ കഞ്ചാവ് ഉപയോഗിച്ചെന്ന കേസിൽ ഹൈദരാബാദ് പോലീസിന്റെ 'ഈഗിൾ ഫോഴ്‌സ്' വിഭാഗം അറസ്റ്റ് ചെയ്തു. ഇവരെല്ലാം 'കളിനറി അക്കാദമി ഓഫ് ഇന്ത്യ' (CAI) യിലെ അവസാന വർഷ കേറ്ററിങ് ടെക്നോളജി ബിരുദ വിദ്യാർഥികളാണ്. സാക്ഷി ഇമാലിയ (22), മോഹിത് ഷാഹി (21), ശുഭം റാവത് (27), കരോലിന സിന്തിയ ഹാരിസൺ (19), എറിക് ജോനാഥൻ ആന്റണി (21), ലോയ് ബറുവ (22) എന്നിവരാണ് അറസ്റ്റിലായത്.
വിദ്യാർഥികളുടെ ജന്മദിനാഘോഷത്തിനിടെയാണ് 'ഈഗിൾ ഫോഴ്‌സ്' വിഭാഗം റെയ്ഡ് നടത്തിയത്. റെയ്ഡിന്റെ ഭാഗമായി നടത്തിയ ചോദ്യംചെയ്യലിൽ ആകെ 11 വിദ്യാർഥികൾ കഞ്ചാവ് ഉപയോഗിച്ചതായി സമ്മതിച്ചിരുന്നു. തുടർന്ന് ഇവരുടെ മൂത്രം പരിശോധനയ്ക്ക് വിധേയമാക്കി. പരിശോധനയിൽ ആറ് വിദ്യാർഥികളുടെ ഫലം പോസിറ്റീവായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു.
പ്രതികളായ വിദ്യാർഥികൾക്ക് എസ്.ആർ. നഗറിൽ താമസിക്കുന്ന ജയ്‌സൺ എന്നയാളാണ് കഞ്ചാവ് വിതരണം ചെയ്യുന്നതായി പോലീസ് കണ്ടെത്തിയിട്ടുള്ളത്. ഇയാൾക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കളിനറി അക്കാദമിയിലെ വിദ്യാർഥികൾ ലഹരിക്കേസിൽ ഉൾപ്പെടുന്നത് ഇതാദ്യമായല്ലെന്നും പോലീസ് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
അറസ്റ്റിലായ വിദ്യാർഥികൾക്ക് രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ കൗൺസിലിങ് നൽകിയ ശേഷം ലഹരിവിമുക്ത കേന്ദ്രത്തിലേക്ക് അയച്ചിട്ടുണ്ട്. ലഹരിവിമുക്ത കേന്ദ്രത്തിലെ ചികിത്സ വിജയകരമായി പൂർത്തിയാക്കിയാൽ ഈ കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥികളും രക്ഷിതാക്കളും പോലീസിന് അഭ്യർഥന നൽകിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. ഈ സംഭവം നഗരത്തിലെ യുവജനങ്ങളുടെ ലഹരി ഉപയോഗത്തെക്കുറിച്ചുള്ള ആശങ്കകൾ വീണ്ടും ഉയർത്തിയിരിക്കുകയാണ്.