സുഭദ്രയുടെ മൃതദേഹം കുഴിയിലിട്ട ശേഷം പഞ്ചസാര വിതറി; തെളിവു നശിപ്പിക്കാന്‍ പ്രചോദനമായത് മലയാള സിനിമ: ഉറുമ്പരിച്ചു മൃതദേഹം വേഗം നശിക്കാന്‍ വിതറിയത് 20 കിലോ പഞ്ചസാര

സിനിമ കണ്ടു പ്രചോദനം; സുഭദ്രയുടെ മൃതദേഹത്തിൽ പഞ്ചസാര വിതറി

Update: 2024-09-27 00:24 GMT

കലവൂര്‍: സുഭദ്രാ കൊലക്കേസില്‍ മൃതദേഹം നശിപ്പിക്കാന്‍ പ്രതികള്‍ നടത്തിയത് സിനിമാ സ്റ്റൈല്‍ അനുകരണം. കൊച്ചി സ്വദേശിനിയായ സുഭദ്രയെ (73) കൊലപ്പെടുത്തിയ ശേഷം തെളിവു നശിപ്പിക്കാനായി മൃതദേഹത്തില്‍ 20 കിലോഗ്രാം പഞ്ചസാര വിതറിയാണു കുഴിച്ചിട്ടതെന്നു പൊലീസ് കണ്ടെത്തി. ഉറുമ്പരിച്ചു മൃതദേഹം വേഗം നശിക്കാനാണ് ഇങ്ങനെ ചെയ്തത്. ഈ ആശയം ഒരു സിനിമയില്‍ നിന്നാണു ലഭിച്ചതെന്നു പൊലീസ് പറഞ്ഞു. പ്രതി മാത്യൂസാണ് ഇക്കാര്യം വ്യക്തമാക്കിയത്.

യൂ ട്യൂബില്‍ കണ്ട ഒരു മലയാള സിനിമയില്‍ ഇങ്ങനെ ചെയ്യുന്നതു കണ്ടെന്നു മാത്യൂസ് പൊലീസിനോടു പറഞ്ഞു. എന്നാല്‍ കുഴിക്ക് ആഴം കൂടുതലായതിനാലും വെള്ളക്കെട്ട് ഉണ്ടായിരുന്നതിനാലും സുഭദ്രയുടെ മൃതദേഹം ഉറുമ്പരിച്ചില്ല. കലവൂരില്‍ നിന്നാണ് മൃതദേഹത്തില്‍ വിതറാന്‍ മാത്യൂസ് 20 കിലോ പഞ്ചസാര വാങ്ങിയത്. പഞ്ചസാര വാങ്ങിയ മാത്യൂസിനെ കട ഉടമ തിരിച്ചറിഞ്ഞിട്ടുണ്ട്. സുഭദ്രയുടെ മൃതദേഹം ആദ്യം കുഴിയില്‍ ഇറക്കി ഇട്ട ശേഷമാണു പഞ്ചസാര വിതറിയത്.

സുഭദ്ര ധരിച്ചിരുന്ന മാല പ്രതികള്‍ താമസിച്ചിരുന്ന കോര്‍ത്തുശേരിയിലെ വാടകവീടിനു പിന്നിലെ തോട്ടില്‍ നിന്നു പൊലീസ് ഇന്നലെ കണ്ടെടുത്തു. സ്വര്‍ണമാണെന്നു കരുതിയാണു പ്രതികള്‍ മാല എടുത്തത്. എന്നാല്‍ മുക്കുപണ്ടമാണെന്നു മനസ്സിലാക്കി തോട്ടിലേക്ക് എറിഞ്ഞതായി മാത്യൂസ് മൊഴി നല്‍കിയിരുന്നു. ഇന്നലെയാണ് മാല കണ്ടെത്തിയത്.

19നു പ്രതികളെ കൂട്ടി പൊലീസ് ഇവിടെ തിരച്ചില്‍ നടത്തിയെങ്കിലും മാല കിട്ടിയില്ല. ഇന്നലെ വീണ്ടും മാത്യൂസിനെ ഇവിടെയെത്തിച്ച ശേഷം തൊഴിലാളികളുടെ സഹായത്തോടെ തോട്ടിലെ മാലിന്യങ്ങള്‍ നീക്കിയപ്പോഴാണു മാല കണ്ടെത്തിയത്.തെളിവെടുപ്പും തെളിവു ശേഖരണവും പൂര്‍ത്തിയാക്കി ഇന്നലെ വൈകിട്ടു പ്രതികളെ തിരികെ കോടതിയില്‍ ഹാജരാക്കി.

19നാണ് ഒന്നും രണ്ടും പ്രതികളായ കൊച്ചി മുണ്ടംവേലി നട്ടച്ചിറയില്‍ ശര്‍മിള (52), ഭര്‍ത്താവ് കാട്ടൂര്‍ പള്ളിപ്പറമ്പില്‍ മാത്യൂസ് (നിഥിന്‍35) എന്നിവരെ കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. മൂന്നാം പ്രതി റെയ്‌നോള്‍ഡിനെ കസ്റ്റഡിയില്‍ ലഭിക്കാന്‍ പൊലീസ് അടുത്തയാഴ്ച കോടതിയില്‍ അപേക്ഷ നല്‍കും.

Tags:    

Similar News