ഭാര്യ പിണങ്ങി പോയി; കേസില്‍ കുറ്റക്കാരനെന്ന് കോടതി വിധിച്ച് ജയിലില്‍ പോയാല്‍ മകന്‍ ഒറ്റക്കാകുമെന്ന മനോവിഷമം ക്രൂരതയായി; വീടിന് തീവച്ച ശേഷം പ്രകാശന്‍ വീടിന് പുറകില്‍ ഇരുമ്പ് പൈപ്പില്‍ തൂങ്ങി മരിച്ചു; മകനേയും കൊല്ലാന്‍ പദ്ധതിയിട്ടു; തൃപ്പുണ്ണിത്തുറയില്‍ ദുരൂഹത മാറുന്നില്ല
കൊച്ചി: തൃപ്പൂണിത്തറയില്‍ വീടിന് തീവച്ച ശേഷം ഗൃഹനാഥന്‍ തൂങ്ങിമരിച്ചത് മനോവിഷമത്തെ തുടര്‍ന്ന്. എരൂര്‍ പെരിക്കാട് ചക്കാലപ്പറമ്പില്‍ വീട്ടില്‍ പ്രകാശന്‍ (വാവന്‍ 59) ആണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്. വധശ്രമം അടക്കം നിരവധി കേസുകളില്‍ പ്രതിയായിരുന്നു പ്രകാശന്‍. കേസില്‍ ജയിലില്‍ പോയാല്‍ മകന്‍ ഒറ്റക്കാകുമെന്ന മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് എഫ് ഐ ആര്‍ പറയുന്നു. വീടിന് തീവച്ച ശേഷം പ്രകാശന്‍ വീടിന് പുറകില്‍ ഇരുമ്പ് പൈപ്പില്‍ തൂങ്ങി മരിക്കുകയായിരുന്നു. വീടിനകത്തുണ്ടായിരുന്ന വിദ്യാര്‍ഥിയായ മകന് നിസാര പൊള്ളലേറ്റു.
ഇന്നലെ പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം. താമസിച്ചിരുന്ന വാടക വീടിനാണ് ഇയാള്‍ തീവച്ചത്. മകനും പ്രകാശനും മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. ഭാര്യ രാജേശ്വരി വഴക്കിനെ തുടര്‍ന്ന് വീട്ടില്‍നിന്ന് മാറിയാണ് താമസിക്കുന്നത്. വധശ്രമം അടക്കം വിചാരണ നേരിടുന്ന പ്രകാശന് ജയിലില്‍ പോകേണ്ട വരുമെന്ന് ഭയന്നിരുന്നു. ഭാര്യയും മാറി താമസിച്ചിരുന്നതിനാല്‍ മകന്‍ ഒറ്റക്കാകുമെന്ന മനോവിഷമത്തിലായിരുന്നു പ്രകാശന്‍. ഇതാണ് ആത്മഹത്യയ്ക്ക് കാരണമായതും.
കിടപ്പുമുറിയിലും കിടക്കയിലും പെട്രോള്‍ ഒഴിച്ച് തീയിട്ട ശേഷമാണ് പ്രകാശന്‍ തൂങ്ങി മരിക്കുന്നത്. ഈ സമയം 16കാരനായ മകന്‍ വീട്ടില്‍ ഉറങ്ങുകയായിരുന്നു. തീ പടരുന്നതു കണ്ട് വീട്ടില്‍നിന്ന് ഇറങ്ങി ഓടിയതു കാരണം നിസ്സാര പരുക്കുകളോടെ 16കാരൻ രക്ഷപ്പെട്ടു. തീപിടിച്ച വീടിനോട് തൊട്ടുചേര്‍ന്ന് തന്നെയുള്ള മറ്റു വീടുകളിലേയ്ക്ക് തീപടരേണ്ടതായിരുന്നു. സമീപവാസികളുടെ ഇടപെടലാണ് വന്‍ അപകടം ഒഴിവാക്കിയത്. ഹില്‍ പാലസ് പോലീസിനാണ് കേസിലെ അന്വേഷണം.
വീടിന് തീ കൊളുത്തിയശേഷം പ്രകാശന്‍ അടുക്കളയ്ക്ക് പുറത്ത് വര്‍ക്ക് ഏരിയയിലെ ഇരുമ്പു തൂണില്‍ ഉടുത്തിരുന്ന മുണ്ടില്‍ തൂങ്ങി ആത്മഹത്യ ചെയ്യുകയായിരുന്നു. വീട്ടില്‍ നിന്നും തീയും പുകയും വരുന്നത് കണ്ട് സമീപവാസികളും ഓടി എത്തി. അഗ്‌നിശമന സേനയുടെ രണ്ട് യൂണിറ്റ് എത്തിയാണ് തീ അണച്ചത്. അപ്പോഴേക്കും വീട് ഭാഗികമായി കത്തി നശിച്ചിരുന്നു.