'വിവാഹമൊന്നും നടക്കില്ല, എനിക്ക് അതിന് താല്‍പര്യക്കുറവും ബുദ്ധിമുട്ടുമുണ്ട്; അവളെ പറഞ്ഞ് മനസിലാക്കാന്‍ നിങ്ങള്‍ ശ്രമിക്കണം'; സുകാന്ത് ഐബി ഉദ്യോഗസ്ഥയുടെ അമ്മയ്ക്ക് വാട്‌സാപില്‍ അയച്ച സന്ദേശം ഇങ്ങനെ; 'കാര്യം' കഴിഞ്ഞ് വലിച്ചെറിയുന്നെന്ന ചതി നിറച്ച ആ സന്ദേശം അറിഞ്ഞ് മനം തകര്‍ന്ന് യുവതിയുടെ ആത്മഹത്യ

'വിവാഹമൊന്നും നടക്കില്ല, എനിക്ക് അതിന് താല്‍പര്യക്കുറവും ബുദ്ധിമുട്ടുമുണ്ട്; അവളെ പറഞ്ഞ് മനസിലാക്കാന്‍ നിങ്ങള്‍ ശ്രമിക്കണം'

Update: 2025-04-05 16:13 GMT

തിരുവനന്തപുരം: തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥയെ ജീവനെടുക്കാന്‍ പ്രേരിപ്പിച്ചത് സുഹൃത്തായ ഐ.ബി ഉദ്യോഗസ്ഥന്‍ സുകാന്ത് സുരേഷിന്റെ കൊടിയ വഞ്ചനയണ്. യുവതിയുമായി ലിവിങ് ടുഗെദര്‍ ബന്ധം പുലര്‍ത്തി ഗര്‍ഭിണിയാക്കിയ ശേഷം അര്‍ബോര്‍ഷനും നടത്തി കൈകഴുകാനാമണ് സുകേഷ് ശ്രമിച്ചത്. വിവാഹം വാഗദാനം നല്കി പീഡനമെന്നത് കൃത്യമായി തെളിയുകയാണ് ഇവിടെ. ഇത് ശരിവെക്കുന്ന വിധത്തില്‍ തെളിവുകളും പുറത്തുവരുന്നുണ്ട്. മാതാപിതാക്കള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയ സന്ദേശം സുകാന്തിന് ശരിക്കും കുരുക്കാകുന്നതാണ്.

സുകാന്തിനെതിരെ ആത്മഹത്യാ പ്രേരണാകുറ്റം തെളിയിക്കാന്‍ തെളിവ് അന്വേഷിക്കുന്ന പൊലീസിന്റെ മുന്നില്‍ നിര്‍ണായകമായി മാറുകയാണ് സുകാന്തിന്റെ വാട്‌സാപ്പ് സന്ദേശം. ഐ.ബി ഉദ്യോഗസ്ഥ ജീവനൊടുക്കുന്നതിന് ഏതാനും ദിവസം മുന്‍പ് സുകാന്ത് യുവതിയുടെ അമ്മയ്ക്ക് വാട്‌സാപില്‍ സന്ദേശം അയച്ചിരുന്നു. വിവാഹമൊന്നും നടക്കില്ല, എനിക്ക് അതിന് താല്‍പര്യക്കുറവും ബുദ്ധിമുട്ടുമുണ്ട്. അത് അവളെ പറഞ്ഞ് മനസിലാക്കാന്‍ നിങ്ങള്‍ ശ്രമിക്കണം. ഇതായിരുന്നു സുകാന്തിന്റെ സന്ദേശം.

ഈ മെസേജിന്റെ കാര്യം അമ്മ പിന്നീട് യുവതിയെ അറിയിച്ചു. ഇതോടെയാണ് യുവതി കടുത്ത നിരാശയിലായത്. ജീവനൊടുക്കിയതിന്റെ തലേദിവസം ഡ്യൂട്ടിക്കിടെ യുവതി പൊട്ടിക്കരഞ്ഞതായി സഹപ്രവര്‍ത്തകര്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. ഒരുമിച്ച് ജീവിക്കുമെന്ന് കരുതിയ ആളുടെ വഞ്ചനയില്‍ കടുത്ത മനോവിഷമത്തിലായിരുന്നു അവര്‍.

അതിന് ശേഷം ഡ്യൂട്ടി കഴിഞ്ഞിറങ്ങിയാണ് യുവതി നേരെ റെയില്‍വേ ട്രാക്കിലേക്ക് പോയതും ജീവനൊടുക്കിയതും. ജീവനൊടുക്കുന്നതിന് തൊട്ടുമുന്‍പ് നാല് തവണ സുകാന്തുമായി യുവതി സംസാരിച്ചിട്ടുണ്ട്. ഓരോ ഫോണ്‍ വിളിയും സെക്കന്‍ഡുകള്‍ മാത്രമാണ് നീണ്ടത്. വിവാഹബന്ധത്തില്‍ നിന്ന് പിന്‍മാറരുതെന്ന് അപേക്ഷിക്കാനാകും അവസാന നിമിഷവും യുവതി വിളിച്ചതെന്നും അത് കേള്‍ക്കാന്‍ പോലും സുകാന്ത് തയാറാകാത്തതാവും ആത്മഹത്യയിലേക്ക് നയിച്ചതെന്നും പൊലീസ് സംശയിക്കുന്നു.

ഐബി ഉദ്യോഗസ്ഥയെ സുഹൃത്ത് സുകാന്ത് ഗര്‍ഭഛിദ്രത്തിനായി ആശുപത്രിയിലെത്തിച്ചത് വ്യാജ രേഖകള്‍ തയാറാക്കിയെന്ന് സ്ഥിരീകിരിച്ചിട്ടുണ്ട്. ചികിത്സാ രേഖകള്‍ യുവതിയുടെ വീട്ടുകാര്‍ കണ്ടെടുക്കുകയും പൊലീസിന് കൈമാറുകയും ചെയ്തു. വിശദ അന്വേഷണത്തിലേക്ക് കടന്നതോടെയാണ് ഗര്‍ഭഛിദ്രത്തിന് പിന്നില്‍ മറ്റൊരു യുവതിയുടെ ഇടപെടല്‍ കൂടി രംഗത്ത് വരുന്നത്. ആരാണ് അവര്‍ എന്നതാണ് ഇപ്പോള്‍ അന്വേഷിക്കുന്നത്.

2024 ജൂലായിലാണ് യുവതി തിരുവനന്തപുരം നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ഗര്‍ഭഛിദ്രത്തിന് ചികിത്സ തേടിയത്. ആദ്യം ആശുപത്രിയിലെത്തിയപ്പോള്‍ സുകാന്തും യുവതിയും ഒരുമിച്ചാണ് വന്നത്. ദമ്പതികള്‍ എന്നാണ് ആശുപത്രിയിലടക്കം പരിചയപ്പെടുത്തിയത്. വിശ്വസിപ്പിക്കാന്‍ വിവാഹരേഖകളും വിവാഹക്ഷണക്കത്തുമെല്ലാം വ്യാജമായി തയാറാക്കി ഹാജരാക്കുകയും ചെയ്തു.

എന്നാല്‍ പിന്നീട് രണ്ട് തവണ ആശുപത്രിയിലെത്തിയപ്പോഴും സുകാന്ത് വന്നില്ല. പകരം സുകാന്തിന്റെ സുഹൃത്തായ മറ്റൊരു യുവതിയേയാണ് ഐ.ബി ഉദ്യോഗസ്ഥക്കൊപ്പം ആശുപത്രിയിലേക്ക് അയച്ചത്. ഈ യുവതിക്ക് ആശുപത്രിയിലും നല്ല പരിചയമുണ്ടായിരുന്നു. ഈ പരിചയവും സ്വാധീനവുമാണ് ഗര്‍ഭഛിദ്രത്തിന് സഹായിച്ചതെന്നും കരുതുന്നു. പക്ഷെ ആരാണ് ഈ യുവതിയെന്ന് ഇപ്പോഴും വ്യക്തത വന്നിട്ടില്ല. ഐ.ബി ഉദ്യോഗസ്ഥയുടെ സുഹൃത്തല്ലെന്നാണ് വീട്ടുകാര്‍ പൊലീസിനെ അറിയിച്ചിരിക്കുന്നത്. ആശുപത്രി അധികൃതരോടെ വിശദമായി ചോദിച്ച് ഇതാരാണെന്ന് കണ്ടെത്താനുള്ള തയാറെടുപ്പിലാണ് അന്വേഷണ സംഘം.

ഗര്‍ഭഛിദ്രത്തിന് പിന്നാലെ പ്രണയബന്ധത്തില്‍ നിന്ന് സുകാന്ത് പിന്‍മാറുകയും ചെയ്തു. വിവാഹത്തിന് താല്‍പര്യമില്ലെന്ന് വ്യക്തമാക്കുന്ന സന്ദേശം പെണ്‍കുട്ടിയുടെ അമ്മയ്ക്കാണ് സുകാന്ത് അയച്ചതെന്നും പൊലീസ് കണ്ടെത്തി. ഇതോടെ 'കാര്യം' കഴിഞ്ഞപ്പോള്‍ സുകാന്ത് കയ്യൊഴിയുകായിരുന്നുവെന്ന് വ്യക്തമായി. ഹൈക്കോടതിയിലെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ സുകാന്ത് വിശദീകരിച്ചതെല്ലാം കളവാണെന്ന സൂചനകളാണ് ഇതില്‍ നിന്നും ലഭിക്കുന്നത്. അന്വേഷണത്തില്‍ കണ്ടെത്തിയ കാര്യങ്ങള്‍ സുകാന്തിന്റെ മുന്‍കൂര്‍ ജാമ്യത്തെ എതിര്‍ക്കാനായി പൊലീസ് കോടതിയില്‍ ബോധിപ്പിക്കും.

ഇരുവരും വിവാഹിതരായെന്ന് തെളിയിക്കുന്ന രേഖകളാണ് വ്യാജമായി തയാറാക്കിയത്. വ്യാജ കല്യാണ ക്ഷണക്കത്ത് ഉള്‍പ്പടെ പൊലീസ് കണ്ടെടുത്തു. സുകാന്തിനെതിരെ പോലീസ് ബലാത്സംഗ കുറ്റം ചുമത്തിയിട്ടുണ്ട്. ദ്യോഗസ്ഥയുടെ മരണത്തില്‍ ഇന്നലെയാണ് സുകാന്തിനെ പ്രതിചേര്‍ത്തത്. ബലാല്‍സംഗം, തട്ടിക്കൊണ്ടുപോകല്‍ വകുപ്പുകളും ചുമത്തി. നെടുമ്പാശേരി വിമാനത്താവളത്തിലെ ഉദ്യോഗസ്ഥനായ സുകാന്ത് നിലവില്‍ ഒളിവിലാണ്.

മൂന്നേകാല്‍ ലക്ഷത്തോളം രൂപയാണ് ഐബി ഉദ്യോഗസ്ഥയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് സുകാന്തിന്റെ അക്കൗണ്ടിലേക്ക് പലതവണയായി മാറ്റിയത്. ഇതേച്ചൊല്ലി ഇരുവരും തര്‍ക്കമായി. ഇതും നിരാശയുമാണ് ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കുന്നതിന് കാരണമായതെന്നാണ് പൊലീസ് വിലയിരുത്തല്‍. ഐബി ഉദ്യോഗസ്ഥയുടെ ബാഗില്‍ നിന്നാണ് വ്യാജമായി സുകാന്ത് തയ്യാറാക്കിയ വിവാഹക്ഷണക്കത്ത് പൊലീസിന് ലഭിച്ചത്. ഐബി ഉദ്യോഗസ്ഥ ട്രെയിന്‍തട്ടി മരിച്ചതില്‍ യുവതിയുടെ വീട്ടുകാരെ കുറ്റപ്പെടുത്തിയായിരുന്നു സുകാന്ത് ജാമ്യഹര്‍ജി നല്‍കിയത്. തങ്ങള്‍ വിവാഹം കഴിച്ച് ഒരുമിച്ച് ജീവിക്കാന്‍ ആഗ്രഹിച്ചിരുന്നെന്നും, വീട്ടുകാര്‍ വിവാഹത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്‌തെന്നും ഹര്‍ജിയിലുണ്ട്. വീട്ടുകാരുടെ നിലപാടില്‍ യുവതി നിരാശയായിരുന്നുവെന്ന് സുകാന്ത് ഹര്‍ജിയില്‍ പറയുന്നു.

Tags:    

Similar News