ആകർഷകമായ ലാഭവിഹിതങ്ങൾ നൽകാമെന്ന വാഗ്ദാനം നൽകി നിക്ഷേപം സ്വീകരിച്ചു; ലാഭവിഹിതമായി 30 ഗ്രാം സ്വർണം നൽകി വിശ്വാസം പിടിച്ചു പറ്റി; സൂപ്പർതാരത്തിന്റെ വീട്ടുജോലിക്കാരിയും കുടുംബവും ചേർന്ന് തട്ടിയത് ലക്ഷങ്ങൾ; തട്ടിപ്പിനിരയായത് സൂര്യയുടെ സെക്യൂരിറ്റി ഓഫീസർ

Update: 2025-09-24 11:58 GMT

തൃശൂർ: നടൻ സൂര്യയുടെ സെക്യൂരിറ്റി ഓഫീസർ ഉൾപ്പെടെ നിരവധി പേർ 42 ലക്ഷം രൂപയുടെ നിക്ഷേപത്തട്ടിപ്പിന് ഇരയായി. സൂര്യയുടെ വീട്ടിലെ മുൻ വീട്ടുജോലിക്കാരി സുലോചനയും അവരുടെ കുടുംബാംഗങ്ങളുമാണ് ഈ തട്ടിപ്പിന് പിന്നിലെന്ന് പോലീസ് കണ്ടെത്തി. ആകർഷകമായ ലാഭവിഹിതം വാഗ്ദാനം ചെയ്താണ് ഇവർ നിക്ഷേപം സ്വീകരിച്ചിരുന്നത്.

പോലീസ് പറയുന്നത് അനുസരിച്ച്, തുടക്കത്തിൽ വിശ്വാസ്യത നേടുന്നതിനായി സെക്യൂരിറ്റി ഓഫീസർ ആന്റണി ജോർജ് പ്രഭുവിൽ നിന്ന് ഒരു ലക്ഷം രൂപ സ്വീകരിക്കുകയും അതിന് പ്രതിഫലമായി 30 ഗ്രാം സ്വർണം ലാഭവിഹിതമായി നൽകുകയുമായിരുന്നു. തുടർന്ന്, വിശ്വസ്തത നേടിയതോടെ ഇക്കഴിഞ്ഞ ജനുവരി-ഫെബ്രുവരി മാസങ്ങളിലായി ഇവർക്ക് ഏകദേശം 45 ലക്ഷം രൂപയോളം കൈമാറി. മാർച്ച് മാസത്തോടെ ലാഭവിഹിതം നൽകാമെന്നായിരുന്നു വാഗ്ദാനം.

എന്നാൽ, മാർച്ച് മാസം കഴിഞ്ഞിട്ടും പണം തിരികെ ലഭിക്കാതെ വന്നതോടെയാണ് താൻ കബളിപ്പിക്കപ്പെട്ടുവെന്ന് ആന്റണി ജോർജ്ജ് പ്രഭുവിന് ബോധ്യപ്പെട്ടത്. പണം തിരികെ ചോദിച്ചപ്പോൾ വിവിധ കാരണങ്ങൾ പറഞ്ഞ് ഇവർ ഒഴിഞ്ഞുമാറുകയും പിന്നീട് ഒളിവിൽ പോകുകയുമായിരുന്നു. ഇതേത്തുടർന്ന്, ജൂലൈ മാസത്തിൽ സെക്യൂരിറ്റി ഓഫീസർ പോലീസിൽ പരാതി നൽകി.

ഇവർ ഏകദേശം രണ്ട് കോടിയോളം രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് സുലോചന, അവരുടെ കുടുംബാംഗങ്ങളായ ബാലാജി, ഭാസ്കർ, വിജയലക്ഷ്മി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. തട്ടിപ്പ് വിവരം അറിഞ്ഞതോടെ സൂര്യ സുലോചനയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. 

Tags:    

Similar News