പരീക്ഷയ്ക്ക് എന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങി മുംബൈയില്‍ പോയത് ചുറ്റിയടിക്കാനോ? പെണ്‍കുട്ടികള്‍ക്ക് പണം കിട്ടിയതെവിടെ നിന്ന്? എടവണ്ണ സ്വദേശി റഹിം ഇരുവരെയും പരിചയപ്പെടുന്നത് നാലുമാസം മുമ്പ് ഇന്‍സ്റ്റഗ്രാം വഴി; യാത്ര പ്ലാന്‍ ചെയ്തത് മൂന്നുപേരും ചേര്‍ന്ന്; തട്ടിക്കൊണ്ടുപോകലിന് അടക്കം വകുപ്പുകള്‍ ചുമത്തി റഹിം അറസ്റ്റില്‍

റഹിം അറസ്റ്റില്‍

Update: 2025-03-08 15:26 GMT

മലപ്പുറം: താനൂരില്‍ പെണ്‍കുട്ടികളെ കാണാതായ സംഭവത്തില്‍ ഒപ്പം ഉണ്ടായിരുന്ന യുവാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കസ്റ്റഡിയിലുള്ള എടവണ്ണ സ്വദേശി റഹിം അസ്ലമിന്റെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്. ഇയാള്‍ക്കെതിരെ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകല്‍, ഫോണില്‍ പിന്തുടരല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി.

പെണ്‍കുട്ടികളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. കുട്ടികളെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ മുന്നില്‍ ഹാജരാക്കും. തുടര്‍ന്ന് വീട്ടുകാരുടെ കൂടെ വിടണോ മറ്റെവിടെയെങ്കിലും താമസിപ്പിക്കണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കും. നാലുമാസം മുന്‍പ് ഇന്‍സ്റ്റഗ്രാം വഴിയാണ് പെണ്‍കുട്ടികളുമായി യുവാവ് പരിചയപ്പെടുന്നത്. യാത്ര പോവുക എന്ന ലക്ഷ്യത്തോടെയാണ് ഇവര്‍ മുംബൈയിലെത്തിയത്. മൂവരും ചേര്‍ന്നാണ് യാത്ര പ്ലാന്‍ ചെയ്തത്.

പൊലീസ് പിന്തുടരുന്നതറിഞ്ഞ് മുംബൈയില്‍ നിന്ന് മടങ്ങിയ റഹീമിനെ തിരൂരില്‍ നിന്നാണ് പൊലീസ് ശനിയാഴ്ച കസ്റ്റഡിയിലെടുത്തത്. പൂനെയില്‍ നിന്ന് കണ്ടെത്തിയ പെണ്‍കുട്ടികളുമായി പൊലീസ് ഇന്ന് ഉച്ചയോടെയാണ് തിരൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയത്. പൂനയ്ക്കടുത്തുള്ള ലോണാവാല സ്റ്റേഷനില്‍ വച്ചാണ് പെണ്‍കുട്ടികളെ ഇന്നലെ പുലര്‍ച്ചയോടെ കണ്ടെത്തിയത്. തുടര്‍ന്ന് ഇവരെ തിരികെ എത്തിക്കാന്‍ താനൂരില്‍ നിന്നുള്ള പൊലീസ് സംഘം പൂനെയിലേക്ക് തിരിക്കുകയായിരുന്നു. പെണ്‍കുട്ടികള്‍ മുടിവെട്ടാന്‍ കയറിയ മുംബൈയിലെ ബ്യൂട്ടി പാര്‍ലറില്‍ നിന്നുള്ള ദൃശ്യങ്ങളാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്.

നാട്ടിലെത്തിയ പെണ്‍കുട്ടികളെ മാതാപിതാക്കളും ബന്ധുക്കളും ചേര്‍ന്നാണ് സ്വീകരിച്ചത്. ദിവസങ്ങള്‍ക്ക് മുമ്പാണ് പെണ്‍കുട്ടികള്‍ നാടുവിട്ടത്. പ്ലസ്ടു വിദ്യാര്‍ത്ഥികളായ ഇവര്‍ പരീക്ഷയുടെ തലേന്നാണ് നാടുവിട്ടത്. വിദ്യാര്‍ത്ഥിനികള്‍ക്ക് കൗണ്‍സിലിംഗും രക്ഷിതാക്കള്‍ക്ക് ബോധവല്‍ക്കരണവും പൊലീസ് നല്‍കും. കുട്ടികള്‍ പോകാനുള്ള കാരണമെന്താണ്, കുട്ടികള്‍ക്ക് പണം കിട്ടിയതെവിടെനിന്ന് എന്നീകാര്യങ്ങളിലാണ് പോലീസ് അന്വേഷണം നടത്തുന്നത്.

കഴിഞ്ഞ ബുധനാഴ്ചയാണ് സ്‌കൂളില്‍ പരീക്ഷയെഴുതാന്‍ പോകുന്നെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ താനൂര്‍ സ്വദേശിനികളായ പ്ലസ്ടു വിദ്യാര്‍ത്ഥിനികളെ കാണാതായത്. സ്‌കൂളില്‍ കുട്ടികള്‍ എത്താതിരുന്നതോടെ വീട്ടിലേക്ക് വിളിച്ചു ചോദിച്ചപ്പോഴാണ് കാണാതായെന്ന വിവരം അറിയുന്നത്. മൂന്നാം തീയതി ഇരുവരും സ്‌കൂളിലെത്തി പരീക്ഷ എഴുതിയിരുന്നു. ബുധനാഴ്ച ഒരാള്‍ക്ക് മാത്രമാണ് പരീക്ഷ ഉണ്ടായിരുന്നത്. മുംബൈ-ചെന്നൈ എഗ്മേര്‍ ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ ലോണാവാലയില്‍ വെച്ചാണ് റെയില്‍വേ പൊലീസ് പെണ്‍കുട്ടികളെ കണ്ടെത്തിയത്.


Tags:    

Similar News