ഷൈന്‍ കുട്ടന്റെ ജീവനെടുത്തത് മദ്യലഹരിയിലുള്ള ടെനി ജോപ്പന്റെ ചീറിപ്പായല്‍; വൈദ്യ പരിശോധനയില്‍ ടെനി മദ്യപിച്ചിരുന്നതായി തെളിഞ്ഞതോടെ നരഹത്യക്കെതിരെ കേസെടുത്തു; കൂടുതല്‍ പേര്‍ അപകടത്തില്‍ പെടാതിരുന്നത് ഭാഗ്യം കൊണ്ട് മാത്രം! സോളാര്‍ കേസിലെ വിവാദ നായകന്‍ വീണ്ടും കുരുക്കില്‍

ഷൈന്‍ കുട്ടന്റെ ജീവനെടുത്തത് മദ്യലഹരിയിലുള്ള ടെനി ജോപ്പന്റെ ചീറിപ്പായല്‍

Update: 2025-04-22 04:05 GMT

കൊട്ടാരക്കര: കേരളത്തെ നടുക്കിയ സോളാര്‍ കേസിലെ വിവാദ നായകനാണ് ടെനി ജോപ്പന്‍. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പഴ്‌സണല്‍ അസിസ്റ്റന്റ് ആയിരുന്ന ജോപ്പന് അന്ന് വിവാദത്തെ തുടര്‍ന്നാണ് ജോലി നഷ്ടമായത്. പിന്നീട് ബിസിനസിലേക്ക് തിരിഞ്ഞ ടെനി പതിയെ വാര്‍ത്തകളില്‍ നിന്നും മാഞ്ഞു. ഇന്നലെ ഒരു ജീവനെടുത്ത കാര്‍ അപകടത്തിന്റെ പേരിലാണ് ടെനി വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്. മദ്യലഹരിയില്‍ വാഹനം ഓടിച്ചാണ് ടെനി അപകടം വരുത്തിവെച്ചത്. സിപിഎം ഇഞ്ചക്കാട് ബ്രാഞ്ച് സെക്രട്ടറി ഷൈന്‍ കുട്ടനാ(34)ണ് അപകടത്തില്‍ ജീവന്‍ നഷ്ടമായത്. കൂടുതല്‍ പേര്‍ അപകടത്തില്‍ പെടാതിരുന്നത് ഭാഗ്യം കൊണ്ട് മാത്രമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.

'റോഡ് വശത്തു കിടന്ന മെറ്റല്‍ റോഡിന് താഴെയുള്ള വീട്ടിലേക്ക് വീണു. അത്ഭുതകരമായാണ് എല്ലാവരും രക്ഷപ്പെട്ടതെന്ന് ചരുവിള പുത്തന്‍വീട്ടില്‍ സുരേഷ്ബാബു കുടുംബവും പറയുന്നു. വീടിനു മുകളിലെ ഷീറ്റിലേക്കാണ് കാര്‍ ഇടിച്ചുനിന്നത്. അമിതവേഗത്തില്‍ റോഡിന്റെ മറുവശത്തേക്ക് പാഞ്ഞെത്തിയ കാറാണ് ഷൈന്‍ കുട്ടന്റെ ജീവനെടുത്തത്. കൊല്ലം കൊട്ടാരക്കര പുത്തൂര്‍ റോഡിലുണ്ടായ അപകടത്തിലാണ് ദാരുണാന്ത്യം ഉണ്ടായത്.

പുത്തൂര്‍ കൊട്ടാരക്കര റോഡില്‍ അവണൂര്‍ കശുവണ്ടി ഫാക്ടറിക്കു സമീപമായിരുന്നു അപകടം. കാറോടിച്ച വെണ്ടാര്‍ മനക്കര വീട്ടില്‍ ടെനി ജോപ്പനെ(51) കൊട്ടാരക്കര പൊലീസ് കസ്റ്റഡിയിലെടുത്തു.വൈദ്യ പരിശോധനയില്‍ ടെനി ജോപ്പന്‍ മദ്യപിച്ചിരുന്നതായി തെളിഞ്ഞതായി കൊട്ടാരക്കര പൊലീസ് അറിയിച്ചു. മദ്യലഹരിയില്‍ അപകടകരമാം വിധത്തിലാണ് ജോപ്പന്‍ വാഹനം ഓടിച്ചത്.

ഇയാള്‍ക്കെതിരെ നരഹത്യയ്ക്കു കേസെടുത്തതായും പൊലീസ് അറിയിച്ചു. വെണ്ടാറില്‍ നിന്ന് കൊട്ടാരക്കരയിലേക്കു വരികയായിരുന്ന ജോപ്പന്റെ കാര്‍ റോഡിന്റെ വലതു ഭാഗം കടന്ന് എതിരെ വന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു. തെറിച്ചു വീണ ഷൈന്‍കുട്ടനെ താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. അപകടത്തില്‍ നിയന്ത്രണം വിട്ട കാര്‍ സമീപമുള്ള വീട്ടു മുറ്റത്തേക്ക് തലകീഴായി മറിയുകയായിരുന്നു. വെല്‍ഡിങ് തൊഴിലാളിയാണ് മരിച്ച ഷൈന്‍കുട്ടന്‍.

ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ 2013 ജൂണില്‍ സോളര്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ജോപ്പന്‍ 67 ദിവസം ജയിലില്‍ കിടന്നിരുന്നു. ഉമ്മന്‍ചാണ്ടിയുടെ പഴ്‌സണല്‍ അസിസ്റ്റന്റ് ആയിരുന്ന ജോപ്പന് അന്ന് ജോലി നഷ്ടമായി. കോന്നി മല്ലേലില്‍ ഇന്‍ഡസ്ട്രീസ് ഉടമ താഴം മല്ലേലില്‍ ശ്രീധരന്‍ നായരുടെ പക്കല്‍നിന്നു സോളര്‍ തട്ടിപ്പു കേസിലെ മുഖ്യപ്രതികള്‍ ചേര്‍ന്നു 40 ലക്ഷം രൂപ തട്ടിയെടുത്തതായി കോന്നി പൊലീസില്‍ റജിസ്റ്റര്‍ ചെയ്ത കേസിലാണ് ജോപ്പനെയും പ്രതി ചേര്‍ത്തത്.

വഞ്ചനക്കുറ്റമാണ് (ഐപിസി 420) ചുമത്തിയത്. പാലക്കാട് കിന്‍ഫ്ര പാര്‍ക്കില്‍ ടീം സോളറിന്റെ നേതൃത്വത്തില്‍ മൂന്നു മെഗാവാട്ടിന്റെ സൗരോര്‍ജ പ്ലാന്റ് സ്ഥാപിക്കാമെന്നു വാഗ്ദാനം ചെയ്താണ് 2012 മേയില്‍ ശ്രീധരന്‍ നായരില്‍നിന്നു പണം തട്ടിയതെന്നായിരുന്നു കേസ്.

Tags:    

Similar News