മാന്യമായ വേഷത്തിലെത്തി ടെക്സ്സ്റ്റിൽസ് ഷോപ്പിൽ കയറി; എല്ലാം നോക്കി നിന്ന് കറങ്ങിയ ശേഷം കള്ളത്തനം; ചെയ്തുകൂട്ടിയതെല്ലാം മുകളിലിരിക്കുന്നവൻ കണ്ടു; തൊട്ടടുത്ത ദിവസം ഉടമയുടെ വക എട്ടിന്റെ പണി; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
ബെംഗളൂരു: 90,000 രൂപയോളം വിലവരുന്ന 61 സാരികൾ മോഷ്ടിച്ചെന്ന് ആരോപിച്ച് യുവതിയെ കടയുടമയും സഹായിയും ചേർന്ന് നടുറോഡിലിട്ട് ക്രൂരമായി മർദ്ദിച്ചു. സെപ്തംബർ 20ന് ബെംഗളൂരുവിലെ അവന്യൂ റോഡിലുള്ള 'മായ സിൽക്ക് സാരീസ്' എന്ന വസ്ത്ര വ്യാപാര ശാലയിൽ നിന്നാണ് സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയെയും മർദ്ദനത്തിൽ ഏർപ്പെട്ട കടയുടമയെയും സഹായിയെയും പോലീസ് അറസ്റ്റ് ചെയ്തു.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് യുവതി സാരികൾ മോഷ്ടിച്ചതായി പോലീസ് കണ്ടെത്തിയത്. യുവതി സാരികളുടെ ഒരു കെട്ട് തന്ത്രപരമായി കടയിൽ നിന്ന് എടുത്തുകൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. സെപ്തംബർ 20ന് ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം നടന്നത്. ഈ കേസിൽ സിറ്റി മാർക്കറ്റ് പോലീസ് തുടർ നടപടികൾ ആരംഭിച്ചിരുന്നു.
അടുത്ത ദിവസം ഇതേ യുവതി കടയ്ക്ക് സമീപം പ്രത്യക്ഷപ്പെട്ടതോടെയാണ് കടയുടമയും സഹായിയും ചേർന്ന് ഇവരെ തടയുകയും റോഡിലിട്ട് മർദ്ദിക്കുകയും ചെയ്തത്. ഞായറാഴ്ച പകൽ വെളിച്ചത്തിലായിരുന്നു അതിക്രമം നടന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമീപത്തുണ്ടായിരുന്നവർ മൊബൈലിൽ പകർത്തിയിരുന്നു. ഈ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ പോലീസ് ഇടപെട്ടു.
ബെംഗളൂരു പോലീസ് കടയുടമയെയും സഹായിയെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. തുടർന്ന് ഇവർക്കെതിരെയും കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. യുവതിക്കെതിരെ മോഷണക്കുറ്റവും, കടയുടമയ്ക്കും സഹായിക്കുമെതിരെ മർദ്ദനത്തിനും പോലീസ് കേസെടുത്തിട്ടുണ്ട്. രണ്ട് വ്യത്യസ്ത കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളതെന്ന് പോലീസ് അറിയിച്ചു. അറസ്റ്റിലായ മൂവരെയും കോടതിയിൽ ഹാജരാക്കുകയും തുടർ നടപടികൾക്കായി ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയും ചെയ്തു. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്.