വാടകയ്ക്ക് എടുത്ത ഥാറുമായി പാതിരാത്രി ഇറങ്ങി; പതിയെ സ്ലോ സ്പീഡിൽ പേടിച്ച് വിറച്ച് അതിർത്തി കടക്കാൻ ശ്രമം; ട്രാക്കറിന്റെ സഹായത്തോടെ ഉടമ എല്ലാം കണ്ടത് വിനയായി; നാടിനെ നടുക്കി അരുംകൊല

Update: 2025-11-02 14:48 GMT

പനജി: വാടകയ്‌ക്കെടുത്ത വാഹനം തട്ടിയെടുക്കുമെന്ന സംശയത്തിൽ 19കാരനെ വാഹനം ഉടമയും സുഹൃത്തുക്കളും ചേർന്ന് തല്ലിക്കൊന്നു. ഗോവയിലെ തിവിമിലാണ് സംഭവം. ഉത്തർപ്രദേശ് സ്വദേശിയായ കപിൽ ചൗധരിയാണ് (19) അതിദാരുണമായി കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് വാഹനം വാടകയ്‌ക്ക് നൽകിയ ഉടമയായ ഗുരുദത്ത് ലാവണ്ടേ (31) യെയും മറ്റ് രണ്ട് സുഹൃത്തുക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു.

വെള്ളിയാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്. ശരീരമാസകലം ഗുരുതരമായ പരിക്കുകളോടെയാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് മാപുസയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹത്തിൽ നിന്ന് ലഭിച്ച പാൻ കാർഡാണ് കേസിൽ വഴിത്തിരിവായത്. ഇതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് കണ്ടോലിം സ്വദേശിയായ ഗുരുദത്ത് ലാവണ്ടേയിൽ നിന്ന് വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് യുവാവ് ഥാർ വാഹനം വാടകയ്‌ക്കെടുത്തതായി കണ്ടെത്തിയത്.

വ്യാഴാഴ്ചയായിരുന്നു ഥാർ വാഹനം കപിൽ ചൗധരി വാടകയ്‌ക്കെടുത്തത്. എന്നാൽ, അന്നേദിവസം വൈകുന്നേരത്തോടെ വാഹനത്തിലുണ്ടായിരുന്ന ട്രാക്കിംഗ് സംവിധാനം വഴി വാഹനം ഗോവ അതിർത്തി കടന്നതായി ഉടമയായ ഗുരുദത്ത് ലാവണ്ടേയ്ക്ക് വിവരം ലഭിച്ചു. വാഹനം മഹാരാഷ്ട്രയിലെ ബൻഡയിലേക്ക് നീങ്ങുന്നുവെന്ന് മനസ്സിലാക്കിയ ഇയാൾ, രണ്ട് സുഹൃത്തുക്കളുടെ സഹായത്തോടെ വാഹനത്തെ പിന്തുടർന്നു.

മഹാരാഷ്ട്രയിലെ കനകവാലിയിൽ വെച്ച് ഇവർ കപിൽ ചൗധരിയെ തടയുകയായിരുന്നു. തുടർന്ന് മൂന്നുപേരും ചേർന്ന് യുവാവിനെ തിരികെ ഗോവയിലെ തിവിമിലേക്ക് കൊണ്ടുവന്നു. ഇവിടെയെത്തിയ ശേഷം സംഘം ചേർന്ന് കപിൽ ചൗധരിയെ ക്രൂരമായി മർദ്ദിച്ചു. മർദ്ദനത്തിൽ അവശനായ യുവാവ് ബോധം നഷ്ടപ്പെട്ട് നിലത്തുവീണതോടെ, പ്രതികൾ ഇയാളെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു.

സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതികളിലേക്ക് എത്താൻ പൊലീസിന് സഹായകമായത്. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ ചോദ്യം ചെയ്യലിലാണ് ഗുരുദത്ത് ലാവണ്ടേയും കൂട്ടാളികളും കുറ്റം സമ്മതിച്ചത്. വാടകയ്‌ക്കെടുത്ത വാഹനം മോഷ്ടിക്കുമെന്ന ഭയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതികൾ മൊഴി നൽകി.

വ്യാജ തിരിച്ചറിയൽ രേഖകളുണ്ടാക്കി വാഹനം വാടകയ്‌ക്കെടുക്കുന്ന സംഘങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ സംഭവം. ഇത്തരം സംഭവങ്ങൾ വർധിക്കുന്നതിനെതിരെ പൊലീസ് ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് അറിയിച്ചു.

Tags:    

Similar News