ആദായ നികുതി കുടിശികയായി 36 കോടി രൂപയും കോളജ് ട്രസ്റ്റിന്റെ പേരില്‍ കുടിശിക 25 കോടി രൂപയും അടയ്ക്കണമെന്ന് നോട്ടീസ് കിട്ടി; ഇതിനൊപ്പം കടക്കാരുടെ ശല്യവും; പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്തത് കോളേജ് ഉടമ താഹ തന്നെ; ഡിഎന്‍എ പരിശോധനാ ഫലം എല്ലാം സ്ഥിരീകരിക്കുമ്പോള്‍
തിരുവനന്തപുരം: കരകുളം മുല്ലശ്ശേരി പിഎ അസീസ് എന്‍ജിനീയറിങ് ആന്‍ഡ് പോളിടെക്‌നിക് കോളജിലെ നിര്‍മാണത്തിലിരിക്കുന്ന ഹാളിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കാണപ്പെട്ട മൃതദേഹം കോളജിന്റെ ഉടമ ഇ.എം.താഹ (67) യുടേതാണെന്നു തെളിയുമ്പോള്‍ സംശയം നീളുന്നത് ആത്മഹത്യയിലേക്ക് മാത്രം. മറ്റ് ദുരൂഹതകള്‍ പോലീസ് തള്ളുകയാണ്. ഡിഎന്‍എ പരിശോധനയിലാണ് മരിച്ചത് താഹയാണെന്ന സ്ഥിരീകരിച്ചത്. സാമ്പത്തിക ബാധ്യതയുണ്ടായിരുന്ന താഹയ്ക്ക് 30ന് ആദായ നികുതി വകുപ്പിന്റെ നോട്ടിസും ലഭിച്ചിരുന്നു. ആദായ നികുതി കുടിശികയായി 36 കോടി രൂപയും കോളജ് ട്രസ്റ്റിന്റെ പേരില്‍ കുടിശിക 25 കോടി രൂപയും അടയ്ക്കണമെന്ന് നോട്ടിസില്‍ രേഖപ്പെടുത്തിയിരുന്നു. ഇതാണ് മാനസിക സമ്മര്‍ദ്ദേ കൂട്ടിയതെന്നാണ് വിലയിരുത്തല്ഡ.
കഴിഞ്ഞ മാസം 30ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. സമീപത്തായി ഇദ്ദേഹത്തിന്റെ ഷൂസും മൊബൈല്‍ ഫോണും കാണപ്പെട്ടിരുന്നു. കൂടാതെ ഹാളിനു പുറത്ത് ഇദ്ദേഹത്തിന്റെ കാറും കിടപ്പുണ്ടായിരുന്നു. രക്തസാംപിള്‍ തിരുവനന്തപുരം എഫ്എസ് ലാബില്‍ ഡിഎന്‍എ പരിശോധനയ്ക്കായി അയച്ചിരുന്നു . ഇതോടെയാണ് മരിച്ചത് താഹയാണെന്ന് വ്യക്തമായത്. ഇദ്ദേഹം പണം നല്‍കാനുള്ള ചിലര്‍ കോളജിലെത്തി തുക ഉടന്‍ വേണമെന്നും ആവശ്യപ്പെട്ടിരുന്നു. കോളജ് അധ്യാപകര്‍ക്ക് 4 മാസത്തെ ശമ്പളവും നല്‍കാനുണ്ടായിരുന്നെന്ന് നെടുമങ്ങാട് സിഐ രാജേഷ് കുമാര്‍ അറിയിച്ചു.
ദുബായിലെ ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്ന് അടക്കം പണം എടുത്താണ് മുഹമ്മദ് അബ്ദുല്‍ അസീസ് മുല്ലശേരിയില്‍ കോളജ് ആരംഭിച്ചത്. തുടക്കത്തില്‍ നല്ല നിലയില്‍ പ്രവര്‍ത്തിച്ച കോളജ് ഇടയ്ക്കു സാമ്പത്തിക പ്രതിസന്ധിയിലായതോടെ അടച്ചിട്ടു. വീണ്ടും വായ്പയെടുത്താണ് പ്രവര്‍ത്തനം പുനഃരാരംഭിച്ചത്. പ്രതിസന്ധികളെ അതിജീവിച്ച് വീണ്ടും മുന്നോട്ടു പോയെങ്കിലും പരാതികളെ തുടര്‍ന്ന് ആദായനികുതി വകുപ്പ് കോളജില്‍ പരിശോധനയ്‌ക്കെത്തി. ഉടമയുടെ വസ്തുക്കള്‍ ക്രമവിക്രയം ചെയ്യുന്നതു തടഞ്ഞതോടെ മുഹമ്മദ് അബ്ദുല്‍ അസീസ് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ തുടങ്ങി. കോളജ് അധ്യാപകരില്‍ നിന്നുള്‍പ്പെടെ പലരില്‍ നിന്നും വന്‍തുക കടം വാങ്ങി.
30ന് രാവിലെ എട്ടോടെ കോളജിലെ സുരക്ഷാ ജീവനക്കാരന്‍ ജി.എസ്.ബിജുവാണ് മൃതദേഹം കണ്ടത്. കെട്ടിടത്തിനു താഴത്തെനിലയില്‍നിന്നു പുക ഉയരുന്നതുകണ്ട് സംശയം തോന്നി തിരച്ചിലിലാണ് മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.