കാർ നദിയിലേക്ക് മറിഞ്ഞ് ബിജെപി നേതാവിന്റെ മകനെ കാണാനില്ല; പത്ത് ദിവസത്തോളം തിരച്ചിൽ; വിശാൽ സോണിയെ കണ്ടെത്താൻ കഴിയാതായതോടെ പോലീസിന് സംശയം; അന്വേഷണത്തിൽ പുറത്ത് വന്നത് കാളിസിന്ധിലെ 'മരണ നാടകം'

Update: 2025-09-20 04:39 GMT

ഭോപാൽ: ഒന്നരക്കോടി രൂപയുടെ കടബാധ്യതയിൽ നിന്ന് രക്ഷപ്പെടുന്നതിനായി സ്വന്തം മരണം വ്യാജമായി സൃഷ്ടിച്ച ബിജെപി നേതാവിന്റെ മകൻ വിശാൽ സോണി അറസ്റ്റിൽ. കാളിസിന്ധ് നദിയിലേക്ക് കാർ മറിഞ്ഞ് അപകടം സംഭവിച്ചതായി വരുത്തിതീർത്ത് ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് കേസിൽ വഴിത്തിരിവുണ്ടാക്കിയത്.

സെപ്റ്റംബർ അഞ്ചിന് രാജ്ഗഢ് ബിജെപി നേതാവ് മഹേഷ് സോണിയുടെ ഉടമസ്ഥതയിലുള്ള കാർ കാളിസിന്ധ് നദിയിലേക്ക് മറിഞ്ഞതായി പോലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന്, മധ്യപ്രദേശ് പോലീസും ദുരന്തനിവാരണസേനയും വിശാൽ സോണിയെ കണ്ടെത്താനായി ഏകദേശം പത്ത് ദിവസത്തോളം തിരച്ചിൽ നടത്തി. നദിയിൽ നിന്ന് കാർ കണ്ടെത്തിയെങ്കിലും വിശാലിനെ കണ്ടെത്താനായില്ല.

സംശയത്തെ തുടർന്ന് പോലീസ് മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ വിശാൽ മഹാരാഷ്ട്രയിൽ ഒളിവിൽ കഴിയുകയാണെന്ന് കണ്ടെത്തുകയായിരുന്നു. മഹാരാഷ്ട്ര പോലീസിന്റെ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് വിശാൽ സോണിയെ പിടികൂടുന്നത്.

ചോദ്യം ചെയ്യലിൽ, ഒന്നരക്കോടി രൂപയുടെ കടബാധ്യതയിൽ നിന്ന് രക്ഷപ്പെടുന്നതിനാണ് ഇത്തരത്തിൽ നാടകം കളിച്ചതെന്ന് വിശാൽ സമ്മതിച്ചു. മരണസർട്ടിഫിക്കറ്റ് ലഭിച്ചാൽ ബാങ്ക് വായ്പകൾ എഴുതിത്തള്ളാമെന്ന ധാരണയിലാണ് ഇയാൾ ഇതിന് മുതിർന്നത്. ട്രക്ക് ഡ്രൈവറുടെ സഹായത്തോടെ കാർ നദിയിലേക്ക് തള്ളിയിട്ട ശേഷം ഇയാൾ ബൈക്കിൽ ഇന്ദോറിലേക്ക് രക്ഷപ്പെട്ടിരുന്നു. മാധ്യമങ്ങളിൽ തന്റെ 'മരണം' സംബന്ധിച്ച വാർത്തകൾ കണ്ടതിന് ശേഷമാണ് മഹാരാഷ്ട്രയിലേക്ക് കടന്നതെന്നും വിശാൽ മൊഴി നൽകിയിട്ടുണ്ട്.

Tags:    

Similar News