നവജാത ശിശു മരിച്ചതായി ഡോക്ടർമാർ ഉറപ്പ് വരുത്തി; കുഞ്ഞിന്റെ അവസാനമായി കാണാനായി മുഖം മറച്ചിരുന്ന തുണി മാറ്റിയപ്പോൾ ഞെട്ടൽ; 12 മണിക്കൂറിനുശേഷം കുഞ്ഞ് കരഞ്ഞു; കുഞ്ഞിന് ജീവനുണ്ടെന്ന് വീട്ടുകാർ തിരിച്ചറിഞ്ഞത് സംസ്കാര ചടങ്ങുകൾക്കിടെ; ആശുപത്രി അധികൃതർക്കെതിരെ ആരോപണവുമായി കുഞ്ഞിന്‍റെ കുടുംബം; തെറ്റ് പറ്റിയിട്ടില്ലെന്ന് ആശുപത്രി അധികൃതർ
മുംബൈ: ഡോക്ടർമാർ മരിച്ചതായി ഉറപ്പ് വരുത്തിയ നവജാത ശിശുവിന് ജീവനുണ്ടെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞത് 12 മണിക്കൂറിനുശേഷം. അംബജോഗൈയിലെ സ്വാമി രാമനാഥ തീർഥ സർക്കാർ ആശുപത്രിയിലാണ് സംഭവം. അടക്കം ചെയ്യുന്നതിനു തൊട്ട് മുൻപാണ് കുട്ടി കരഞ്ഞത്. ആശുപത്രി അധികൃതരുടെ അശ്രദ്ധയാണ് സംഭവത്തിന് കാരമായതെന്ന് കുഞ്ഞിന്റെ ബന്ധുക്കൾ ആരോപിക്കുമ്പോൾ ജനിച്ച ശേഷം ജീവന്‍റെ അടയാളങ്ങളൊന്നും ഉണ്ടായിരുന്നില്ലാത്തതിനാലാണ് കുഞ്ഞിനെ മരിച്ചതായി ഉറപ്പ് വരുത്തിയതെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.
ജൂലൈ 7ന് രാത്രിയോടെയാണ് യുവതി ആശുപത്രിയിൽ വെച്ച് കുഞ്ഞിന് ജന്മം നൽകുന്നത്. എന്നാൽ 8 മണിയോടെ കുഞ്ഞ് മരിച്ചുവെന്ന് ഡോക്ടർമാർ ബന്ധുക്കളെ അറിയിക്കുകയായിരുന്നു. തുടർന്ന് സംസ്ക്കാര ചടങ്ങുകൾക്കായി കുട്ടിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോയി. പിറ്റേന്ന് രാവിലെ സംസ്കാരത്തിനായുള്ള തയ്യാറെടുപ്പുകൾക്കിടെയാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. മൃതദേഹം സംസ്കരിക്കുന്നതിനായി കുഴിയെടുക്കുന്നതിനിടെ കുട്ടിയുടെ മുഖം അവസാനമായി കാണണമെന്ന് മുത്തശ്ശി ആവശ്യപ്പെട്ടു. തുടർന്ന് കുഞ്ഞിന്റെ മുഖം മറച്ചിരുന്ന തുണി മാറ്റുകയായിരുന്നു.
ഇതോടെയാണ് കുഞ്ഞ് കരയാൻ ആരംഭിച്ചത്. ഉടൻ തന്നെ വീട്ടുകാർ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ച് ചികിത്സ ആരംഭിച്ചു. ജൂലൈ 8 ന് രാവിലെ 7:00 മണിയോടെയാണ് കുഞ്ഞിന് ജീവനുണ്ടെന്ന് തിരിച്ചറിയുന്നത്. മരിച്ചതായി പ്രഖ്യാപിച്ച് ഏകദേശം 12 മണിക്കൂറിനുശേഷം കുട്ടിയെ ജീവനോടെ കിട്ടിയത്. ജനിച്ച ശേഷം കുഞ്ഞിൽ ജീവന്‍റെ അടയാളങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും മരുന്നുകളോട് പ്രതികരിച്ചിരുന്നില്ലെന്നും ആശുപത്രി അധികൃതർ പറഞ്ഞു. 27 ആഴ്ചഭ്രൂണ വളർച്ചയുള്ളപ്പോഴാണ് യുവതി ആശുപത്രിയിലെത്തിയത്. പ്രസവത്തിൽ സങ്കീർണതകൾ ഉണ്ടായിരുന്നുവെന്ന് ഡോക്ടർ പറയുന്നു.
ജനിക്കുമ്പോൾ കുഞ്ഞിന് 900 ഗ്രാം ഭാരം മാത്രമാണുണ്ടായിരുന്നത്. കുഞ്ഞിന് ബലഹീനതയും ഭാരക്കുറവും ഉണ്ടായിരുന്നു, വൈദ്യശാസ്ത്രത്തിൽ സാധാരണയായി കാണുന്ന ജീവന്റെ ലക്ഷണങ്ങളൊന്നും കുഞ്ഞ് കാണിച്ചിരുന്നില്ലെന്നും, മരുന്നുകളോട് പ്രതികരിക്കാത്തതിനെ തുടർന്നാണ് കുഞ്ഞ് മരിച്ചുവെന്ന് കരുതിയത്. അടുത്ത ദിവസം രാവിലെ വീട്ടുകാർ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് അന്വേഷണ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും കുറ്റക്കാരെന്ന് കണ്ടെത്തിയാൽ നടപടിയെടുക്കുമെന്നും ആശുപത്രി അധികൃതർ അറിയിച്ചിട്ടിട്ടുണ്ട്.
അതേസമയം, ആശുപത്രി അധികൃതർക്കെതിരെ കുഞ്ഞിന്‍റെ വീട്ടുകാർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ആശുപത്രി അധികൃതരുടെ അശ്രദ്ധയാണ് സംഭവത്തിന് കാരണമെന്ന് നവജാതശിശുവിന്റെ മുത്തച്ഛൻ ആരോപിച്ചു. കുഞ്ഞ് മരിച്ചതായി കാണിച്ച് ആശുപത്രിയിൽ നിന്ന് ഒരു ഫോൺ കോൾ വന്നു. സംസ്കാരത്തിനായി കുഴി എടുക്കുമ്പോൾ ഭാര്യ കുഞ്ഞിന്റെ മുഖം കാണണമെന്ന് പറഞ്ഞു. തുണി നീക്കം ചെയ്തപ്പോൾ കുഞ്ഞ് ജീവിച്ചിരിപ്പുണ്ടായിരുന്നു. ഇത് ആശുപത്രിയുടെ അശ്രദ്ധയാണ്. ഇത് സംഭവിക്കാൻ പാടില്ലാത്തതാണ്. ജീവിച്ചിരിക്കുന്ന എത്ര പേരെ മരിച്ചതായി പ്രഖ്യാപിച്ചിട്ടുണ്ടാകുമെന്നും കുട്ടിയുടെ മുത്തച്ഛൻ സഖാറാം ഘുഗെ പറഞ്ഞു.