പോക്‌സോ കേസ് വ്യാജമല്ല; ബിരിയാണിയില്‍ വിഷം കലര്‍ത്താന്‍ നേരത്തെയും ശ്രമിച്ചു; രാമന്തളി ദുരന്തത്തില്‍ മാധ്യമങ്ങള്‍ വേട്ടയാടിയ ആ 28-കാരിയുടെ കണ്ണീര്‍ക്കഥ; രാമന്തളിയിലെ കൂട്ടമരണം: ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ശരണ്യ എം. ചാരു

Update: 2026-01-05 05:42 GMT

ആലപ്പുഴ: രാമന്തളി കൂട്ടമരണത്തിന് പിന്നില്‍ ഭര്‍ത്താവ് ഒരുക്കിയ ക്രൂരമായ കെണിയുടെയും ആ അമ്മ അനുഭവിച്ച സമാനതകളില്ലാത്ത പീഡനങ്ങളുടെയും ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ചര്‍ച്ചകളില്‍. മാധ്യമ പ്രവര്‍ത്തകയായ ശരണ്യ എം ചാരുവിനെ എഴുതിയ കുറിപ്പാണ് ചര്‍ച്ചയാകുന്നത്.

സോഷ്യല്‍ മീഡിയയും മാധ്യമങ്ങളും ചേര്‍ന്ന് പ്രതിക്കൂട്ടിലാക്കിയ 28 വയസ്സുള്ള ആ അമ്മയുടെ ജീവിതം യഥാര്‍ത്ഥത്തില്‍ കണ്ണീരില്‍ കുതിര്‍ന്നതായിരുന്നു. 19-ാം വയസ്സില്‍ വിവാഹിതയായ അവള്‍ക്ക് ഭര്‍ത്താവില്‍ നിന്നും വീട്ടുകാരില്‍ നിന്നും നേരിടേണ്ടി വന്നത് കൊടും ക്രൂരതകളാണ്. പാചകപ്പുരയിലെ കയ്യാളായും ശാരീരിക പീഡനങ്ങളുടെ ഇരയായും അവള്‍ ആ വീട്ടില്‍ കഴിഞ്ഞു. മുലപ്പാല്‍ കുടിക്കുന്ന പ്രായത്തില്‍ പോലും കുഞ്ഞുങ്ങളെ അവളില്‍ നിന്ന് അകറ്റി നിര്‍ത്തിയാണ് ആ കുടുംബം അവളുടെ മാതൃത്വത്തെ ചോദ്യം ചെയ്തത്.

നാട്ടില്‍ ചര്‍ച്ചയായ പോക്‌സോ കേസ് ആ അമ്മ കെട്ടിച്ചമച്ചതല്ല എന്നതിന് കൃത്യമായ മെഡിക്കല്‍ തെളിവുകളുണ്ട്. കുഞ്ഞിന്റെ ശരീരത്തില്‍ കണ്ട മാറ്റങ്ങളെക്കുറിച്ച് ഡോക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെയും ഗവണ്‍മെന്റ് ആശുപത്രിയില്‍ നിന്നുള്ള വിവരത്തിന്റെയും അടിസ്ഥാനത്തില്‍ പോലീസ് സ്വമേധയാ എടുത്ത കേസാണത്. കുഞ്ഞിന്റെ മൊഴി ക്രൈംബ്രാഞ്ചും മജിസ്ട്രേറ്റും നേരിട്ട് രേഖപ്പെടുത്തുകയും കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തതാണ്. എന്നാല്‍ പ്രതിയെ അറസ്റ്റ് ചെയ്യാന്‍ വൈകിയതും കൃത്യമായ നിയമനടപടികള്‍ പാലിക്കാത്തതും വലിയ വീഴ്ചയായി.

മരണത്തിന് രണ്ട് ദിവസം മുന്‍പ് കോടതിയില്‍ വെച്ച് കുഞ്ഞിനെ വിട്ടുകിട്ടാന്‍ കലാധരന്‍ ശ്രമിച്ചെങ്കിലും കോടതി അയാളെ രൂക്ഷമായി ശകാരിച്ചിരുന്നു. തുടര്‍ന്ന് സ്‌നേഹം നടിച്ച് കുട്ടികളെ തന്നോടൊപ്പം കൊണ്ടുപോവുകയുമായിരുന്നു. ഡിസംബര്‍ 20-ന് തന്നെ ബിരിയാണിയില്‍ വിഷം കലര്‍ത്തി നല്‍കാന്‍ അയാള്‍ ശ്രമിച്ചിരുന്നതായി വെളിപ്പെടുത്തലുണ്ട്. മരണപ്പെട്ട ദിവസം സ്‌കൂളില്‍ കൊണ്ടുവിടാം എന്ന് പറഞ്ഞാണ് അയാള്‍ കുട്ടികളെ കൊണ്ടുപോയത്. എന്നാല്‍ അയാള്‍ അവരെ മരണത്തിലേക്കാണ് നയിച്ചത്.

കുട്ടികള്‍ നഷ്ടപ്പെട്ട വേദനയില്‍ വിറങ്ങലിച്ചു നില്‍ക്കുന്ന ആ അമ്മയെ മാനസികരോഗിയായും കൊലപാതകിയായും ചിത്രീകരിക്കാനാണ് മാധ്യമങ്ങള്‍ ശ്രമിച്ചത്. എഫ്.ഐ.ആര്‍ പോലും വായിക്കാതെ ചാനലുകള്‍ വിധി കല്‍പ്പിച്ചപ്പോള്‍ ആ പെണ്‍കുട്ടിക്ക് മുന്നില്‍ ലോകം അടഞ്ഞുപോയി. സ്വന്തം ചോരയെ കൊന്ന ഭര്‍ത്താവിനെ ലോകം ന്യായീകരിക്കുമ്പോള്‍, എല്ലാം നഷ്ടപ്പെട്ട ആ അമ്മയ്ക്ക് നീതി കിട്ടാന്‍ മനുഷ്യത്വമുള്ളവര്‍ കൂടെ നില്‍ക്കേണ്ടതുണ്ട്. സത്യം പുറത്തുവരുന്നതുവരെ അവള്‍ക്കൊപ്പം നില്‍ക്കുമെന്ന് ഈ പോസ്റ്റ് പറയുന്നത്.

ശരണ്യ എം ചാരുവിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ചുവടെ

സത്യം ചെരുപ്പിടുമ്പോഴേക്കും കള്ളം ലോകം ചുറ്റുമെന്ന് നിങ്ങള്‍ കേട്ടിട്ടല്ലേ ഉള്ളൂ, എന്നെ സംബന്ധിച്ചിടത്തോളം അത് നേരിട്ട് കണ്ട, അനുഭവിച്ച ദിവസങ്ങളാണ് കടന്ന് പോയത്. ഇത് രാമന്തളിയിലെ കൂട്ട മരണങ്ങളെ കുറിച്ചുള്ള പോസ്റ്റാണ്. കേരളം കേള്‍ക്കാത്ത, അറിയാത്ത മറ്റൊരു കഥയാണ് എഴുതാനുള്ളത്. തീര്‍ച്ചയായും ഇതൊരു നീണ്ട പോസ്റ്റാണ്. മരണം ഒരു മനുഷ്യനേയും വിശുദ്ധനാക്കുന്നില്ലെന്ന് വിശ്വസിക്കുന്നത് കൊണ്ട് അവിടെ മരണപ്പെട്ട രണ്ട് മുതിര്‍ന്ന മനുഷ്യരെ കുറിച്ചുള്ള അപ്രിയ സത്യങ്ങള്‍ മറച്ചു വയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ല. താത്പര്യമുള്ളവര്‍ മാത്രം തുടര്‍ന്ന് വായിക്കുക.

മരണപ്പെട്ട കുഞ്ഞുങ്ങളുടെ അമ്മയെ ഞാന്‍ നേരിട്ട് പോയി കണ്ടു സംസാരിച്ചിരുന്നു. ഒന്നില്‍ കൂടുതല്‍ തവണ നേരില്‍ പോയും, ഫോണിലൂടേയും അവളോട് സംസാരിക്കുമ്പോള്‍ ഒരു മരത്തിനോടൊ, കല്ലിനോടോ സംസാരിക്കുന്ന ഫീല്‍ ആണെനിക്ക്. 28 വയസ്സ് മാത്രം പ്രായമുള്ള, ജീവിതത്തില്‍ എല്ലാം നഷ്ടപ്പെട്ട ഒരുവള്‍. വയറു കീറി പ്രാണന്‍ പോകുന്ന വേദനയില്‍ പ്രസവിച്ച രണ്ട് കുഞ്ഞുങ്ങള്‍ കൊലചെയ്യപ്പെട്ടെന്ന സത്യത്തെ പോലും അംഗീകരിച്ചിട്ടില്ലെന്ന് തോന്നിയിട്ടുണ്ട് പലപ്പോഴും. ഒഴുക്കി വിട്ടൊരു പുഴപോലെയാണ് അവളവളുടെ 7 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തെ കുറിച്ചെന്നോട് സംസാരിച്ചത്. ഈ കാലയാളവിനിടയില്‍ അവള്‍ അനുഭവിച്ചും കടന്ന് പോയതുമായ സകലതും അവളെന്നോട് പറഞ്ഞു. ഒരു വട്ടം പോലും ഒന്ന് കരയാതെ, സ്വന്തം കുഞ്ഞുങ്ങളെ കൊന്ന അവളുടെ ഭര്‍ത്താവിനെ ഒരു വട്ടം പോലും കുറ്റപ്പെടുത്താതെ! അയാളെ ഇപ്പഴും പ്രണയിച്ചു കൊണ്ട്, സ്‌നേഹിച്ചു കൊണ്ട്!

ഇന്നലെ ജനുവരി ഒന്നിന്, അവളുടെ രണ്ട് കുട്ടികളില്‍ ചെറിയവന് രണ്ട് വയസ് തികയുന്ന ദിവസമായിരുന്നു. ഇന്നലെ പോസ്റ്റ് ചെയ്യാന്‍ വേണ്ടി നേരത്തെ എടുത്തു വച്ച ഫോട്ടോകള്‍ ഇപ്പോഴും അന്നത്തെ ഫോട്ടോഗ്രാഫറിന്റെ കയ്യിലുണ്ട്. കേക്ക് മുറിച്ചൊരു കുഞ്ഞു പിറന്നാള്‍ ആഘോഷമൊക്കെ പ്ലാന്‍ ചെയ്തിരുന്നതാണ് ആ അമ്മ. അതിന് മുന്നേ അവള്‍ക്ക് അവളുടെ രണ്ട് മക്കളെയും നഷ്ടപ്പെട്ടു. അവരുടെ അച്ഛന്‍ തന്നെ അവരെ വിഷം കൊടുത്തു കൊന്നു. എന്നിട്ടും ലോകത്തിന് മുന്നില്‍ മൊത്തം കുറ്റക്കാരി അവളായി. അവളെ ആളുകള്‍ മാനസീക രോഗിയും, കുഞ്ഞുങ്ങളെ ഉപദ്രവിക്കുന്ന അമ്മയും, വാശിക്കാരിയും, പ്രതികാര ബുദ്ധിയോടെ പ്രവര്‍ത്തിക്കുന്നവളുമാക്കി. കുട്ടികളുടെ അച്ഛാച്ചനെതിരെ വ്യാജ പോക്‌സോ കേസ് കൊടുത്തവളാക്കി. സൈബര്‍ സ്‌പെയ്‌സില്‍ വലിച്ചു കീറി, സമാനതകള്‍ ഇല്ലാത്ത ബുള്ളീയിങ് നടത്തി, എന്നെങ്കിലും ഇനി ഒന്ന് പുറത്തേക്കിറങ്ങി നടന്നാല്‍ ആളുകള്‍ കല്ലെറിഞ്ഞു കൊല്ലുന്ന അവസ്ഥയിലെത്തിച്ചു.അതിനൊന്നും മറുപടി പറയാന്‍ പക്ഷെ ഞാന്‍ ഇപ്പോള്‍ ഉദ്ദേശിക്കുന്നില്ല. മരിച്ചു കിടന്നുന്നൊരു പെണ്ണിനെ ചവിട്ടി കൊല്ലാന്‍ നോക്കുന്നവര്‍ക്ക് മറുപടി കൊടുക്കല്‍ എന്റെ ജോലിയുമല്ല.

അവളുടെ 19 മത്തെ വയസ്സിലാണ് അവളും കുട്ടികളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്ത കലാധരനും തമ്മിലുള്ള വിവാഹം നടക്കുന്നത്. മദ്യപാനികളായ രണ്ട് അച്ഛന്‍ന്മാര്‍ തമ്മില്‍ ഒരു കള്ള് കുടി സദസില്‍ വച്ചു തീരുമാനിച്ചുറപ്പിച്ച വിവാഹം. അവളുടെ അച്ഛന്‍ നോക്കുമ്പോള്‍ കലാധരന്‍ മിടുക്കനാണ്. ചെറിയ പ്രായത്തില്‍ തന്നെ കുടുംബത്തിന്റെ ബാധ്യത ഏറ്റെടുത്ത, ഉയര്‍ന്ന ശമ്പളത്തില്‍ ഷെഫ് ആയി ജോലി ചെയ്ത, ഇടയ്ക്കിടെ വിദേശത്തൊക്കെ പോകുന്ന, നാട്ടില്‍ സ്വന്തമായി വീട് ഉള്ള, സ്വന്തമായി കാറ്ററിങ് ജോലി ചെയ്യുന്ന, നാട്ടുകാര്‍ക്ക് മുന്നില്‍ മാന്യനും സല്‍സ്വഭാവിയുമായ ചെറുപ്പക്കാരന്‍. മകളുടെ ജീവിതം അവന്റെ കൂടെ സേഫ് ആണെന്ന് കരുതി ആവണം അന്ന് പയ്യന്നൂര്‍ കോളേജില്‍ ഡിഗ്രിക്ക് പഠിപ്പിക്കുന്ന മകളുടെ ഇപ്പൊ വിവാഹം വേണ്ടെന്ന ആവശ്യം പോലും പരിഗണിക്കാതെ അയാള്‍ ആ വിവാഹം നടത്തിയത്. 70 പവന്റെ സ്വര്‍ണ്ണവും കൊണ്ടാണ് അവളാ വീട്ടിലേക്ക് പോയത്. വിവാഹം കഴിഞ്ഞാലും പഠിത്തം മുടക്കില്ലെന്നും, ഡിഗ്രി കഴിഞ്ഞ ശേഷം അവള്‍ക്ക് ഇഷ്ടമുള്ള പോലെ ഡാന്‍സ് ക്ലാസിന് പോകാന്‍ അവസരം ഉണ്ടാക്കാം എന്നുമുള്ള വാഗ്ദാനങ്ങള്‍ക്കും ഉറപ്പ് നല്‍കലുകള്‍ക്കും ശേഷം നടന്ന ആര്‍ഭാടമായ വിവാഹം. വിവാഹ ശേഷം പക്ഷെ വാഗ്ദാനങ്ങള്‍ ഒന്നും പാലിക്കപ്പെട്ടില്ല. അവള്‍ക്ക് വിവാഹത്തിന് വീട്ടുകാര്‍ നല്‍കിയ മുഴുവന്‍ സ്വര്‍ണ്ണവും ആദ്യ ദിവസങ്ങളില്‍ തന്നെ അവന്റെ അച്ഛനും അമ്മയും വാങ്ങി സൂക്ഷിച്ചു. മാസം ഒന്ന് തികയും മുന്നേ, കാറ്ററിംഗ് ജോലിക്ക് കാലധരനെ സഹായിച്ചിരുന്ന ആളിനെ പറഞ്ഞു വിട്ടിട്ട് അവളെ അയാള്‍ പാചകത്തിന് കയ്യാള്‍ ആയി കൂടെ കൂട്ടി.

20 കളില്‍ ജീവിക്കുന്നൊരു പെണ്ണ് രാവും പകലും അവനൊപ്പം അധ്വാനിച്ചു. അഞ്ഞൂറും ആയിരവും പേര്‍ക്ക് അവന്‍ ഭക്ഷണം ഉണ്ടാക്കുമ്പോള്‍ കറിക്കരിഞ്ഞും പച്ചക്കറി മുറിച്ചും പാത്രം കഴുകിയും അവള്‍ കൂടെ നിന്നു. എന്നിട്ടും പക്ഷെ സുഖകരമായില്ല അവളുടെ ജീവിതം. നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും പ്രിയങ്കരനായ അവളുടെ ഭര്‍ത്താവിന്റെ യഥാര്‍ത്ഥ സ്വഭാവം തല്ലുകളായി അവള്‍ തിരിച്ചറിഞ്ഞു കൊണ്ടേ ഇരുന്നു. അമ്മയും ബന്ധുക്കളും പറഞ്ഞു കൊടുക്കുന്ന എന്തിനും ഏതിനും അവന്‍ അവളെ തല്ലി തല്ലി പഥംവരുത്തി. ചട്ടുകം കൊണ്ടും അടുപ്പ് കത്തിക്കുന്ന വിറക് കൊണ്ട് പോലും അവളുടെ ദേഹത്തവന്‍ തല്ലിയിട്ടുണ്ട്. ഒരാളിന്റെ അച്ഛന്‍, അമ്മ, അമ്മാവന്‍, അമ്മാവന്റെ മകന്‍ എന്തിന് അനിയന്റെ ഭാര്യ പോലും ഇരുപത് കഴിഞ്ഞൊരു പെണ്ണിന്റെ ദേഹത്ത് കൈവയ്ന്നത് ചിന്തിക്കാന്‍ പറ്റുമോ നിങ്ങള്‍ക്ക്. ഇതൊക്കെ എന്നോട് പറയുമ്പോള്‍ പോലും ആ കുട്ടി ഒരിടത്തു പോലും കരഞ്ഞിട്ടില്ല. ഏട്ടന് ദേഷ്യം ഇത്തിരി കൂടുതല്‍ ആണ്, അതോണ്ട് ആണ് ഇങ്ങനെ ഒക്കെ എന്നവള്‍ ന്യായീകരിക്കയാണ് അവനെ.

വിവാഹ ശേഷം അതികം താമസീയാതെ, 2 വര്‍ഷം തികയും മുന്നേ തന്നെ അവള്‍ക്ക് ആദ്യത്തെ കുഞ്ഞു ജനിച്ചു. അന്നത്തെ 21 കാരിക്ക് അവളുടെ കുഞ്ഞിനെ മര്യാദയ്ക്ക് ഒന്ന് എടുക്കാനോ, പാല് കൊടുക്കാനോ അറിയില്ലെന്നത് സത്യമായിരുന്നു. അതും പക്ഷെ ആ വീട്ടില്‍ വലിയ തെറ്റായിരുന്നു. 3 മാസം പ്രായമുള്ള കുഞ്ഞിനെ അവളില്‍ നിന്ന് മാറ്റി കിടത്തിക്കൊണ്ടാണ് അവരതിനെ പ്രതിരോധിച്ചത്. കുഞ്ഞിന് കുപ്പിപ്പാല്‍ കൊടുത്ത് അച്ഛച്ഛനും അമ്മമ്മയും ആ കുഞ്ഞിനെ കൂടെ കിടത്തി. 6 വയസ്സ് വരെയും അവളോട് ആ കുട്ടിക്ക് അടുപ്പം തോന്നാതിരിക്കാന്‍ പറ്റാവുന്നതെല്ലാം അവര് ചെയ്തു. പക്ഷെ ചോരയ്ക്ക് ചോരയെ തിരിച്ചറിയുമെന്നാണല്ലോ, ആ കുഞ്ഞിന് അവളുടെ അമ്മയോട് സ്‌നേഹമായിരുന്നു എന്നതിന്റെ തെളിവുകള്‍ എത്ര വേണമെങ്കിലും ഇപ്പോഴും അവളുടെ കയ്യിലുണ്ട്.

കുഞ്ഞു ജനിച്ചിട്ടും അവരുടെ ജീവിതം നന്നായിട്ടല്ല മുന്നോട്ട് പോയത്. അവള്‍ക്ക് നേരെയുള്ള അക്രമം നിരുപാധികം അവര് തുടര്‍ന്നു. അവളുടെ അച്ഛന്‍ മരിച്ചു കിടക്കുമ്പോള്‍ അവളുടെ വീട്ടിലേക്ക് വന്ന ബന്ധുക്കളെ അവള്‍ നല്ല രീതിയില്‍ ട്രീറ്റ് ചെയ്തില്ലെന്ന് പറഞ്ഞു കൊണ്ട് അച്ഛന്‍ മരിച്ച രണ്ടാം ദിവസം അവന്‍ അവളെ ആളുകള്‍ നോക്കി നില്‍ക്കെ പരസ്യമായി തല്ലി. ഒരു വയസ്സ് കഴിഞ്ഞ മുലകുടി മാറാത്ത കുഞ്ഞിനെ അവര്‍ അവള്‍ക്ക് നല്‍കാതെ കൂടെ കൊണ്ടു പോയി. മുലകളില്‍ പാല് നിറഞ്ഞു വീര്‍ത്ത് അവള്‍ പനിച്ചു കിടന്നു.

ഈ ഘട്ടത്തിലാണ് അവര്‍ക്കിടയില്‍ ആദ്യത്തെ കൗണ്‍സിലിംഗ് നടക്കുന്നത്. അവനെ കൂടെ ഇരുത്തി തന്നെ അവള്‍ അവളുടെ പ്രശ്‌നങ്ങള്‍ എല്ലാം കൗണ്‍സിലറോട് പറഞ്ഞു. അവനതൊന്നും നിഷേധിച്ചില്ല. കാരണം അവന്റെ യാഥാസ്ഥിതിക മനസ്സില്‍ അവന്‍ അവളോട് ചെയ്യുന്നതും പറയുന്നതുമൊക്കെ ശെരിയായ കാര്യങ്ങളായിരുന്നു. അയാള്‍ക്ക് ഭാര്യയായാല്‍ ഭര്‍ത്താവിനേയും അവന്റെ വീട്ടുകാരേയും അനുസരിക്കേണ്ടവളും അവര്‍ രണ്ട് തല്ലിയാല്‍ അത് കൊള്ളേണ്ടവളും ആയിരുന്നു. ഒരു കാരണവശാലും നിങ്ങളോ നിങ്ങളുടെ വീട്ടുകാരോ ഇനി അവളുടെ ദേഹത്ത് കൈ വയ്ക്കരുതെന്ന് പറഞ്ഞ അന്നത്തെ കൗണ്‍സിലറോട് അന്നവന്‍ പറഞ്ഞത്, ഞാനും എന്റെ വീട്ടുകാരും പറയുന്നത് കേട്ടും സഹിച്ചും ജീവിക്കാമെങ്കില്‍ അവള് കൂടെ നിന്നാ മതി എന്നാണ്. അത് ശെരിയല്ലെന്ന് തീര്‍ത്തും പറഞ്ഞ കൗണ്‍സിലര്‍ക്ക് മുന്നിലേക്ക് പിന്നെ അയാള്‍ വന്നതേ ഇല്ല. അവരിന്നും ഓര്‍ക്കുന്നുണ്ട് അന്നത്തെ അവന്റെ സംസാരവും രീതികളും. അവരതൊക്കെ ആര്‍ക്ക് മുന്നിലും പറയാന്‍ തയ്യാറാണെന്നിരിക്കെ, അവന്‍ പറഞ്ഞു നടന്നത് അവള്‍ മാനസീക രോഗി ആണെന്ന് കൗണ്‍സിലര്‍ പറഞ്ഞെന്നാണ്.

അങ്ങനെയിരിക്കെ 2022 ല്‍ അവള്‍ അവനെതിരെ നിയമപരമായി തന്നെ പരാതി നല്‍കി. ഗാര്‍ഹിക പീഡനത്തിന്. അവളെ നിരന്തരം അക്രമിച്ച അയാളുടെ അച്ഛനും അമ്മയും കൂടി ആ കേസില്‍ പ്രതിയായി. കേസില്‍ അവര് ശിക്ഷിക്കപ്പെടുമെന്ന ഘട്ടമെത്തിയപ്പോള്‍ അവന്‍ വീണ്ടും അവള്‍ക്ക് മുന്നിലേക്ക് പോയി. അന്ന് ഡാന്‍സ് ക്ലാസിന് പോയിക്കൊണ്ടിരുന്ന അവളെ അവന്‍ ദിവസേന പോയി കണ്ടു. സങ്കടം അഭിനയിച്ചും, അവളും കുഞ്ഞുമില്ലാതെ പറ്റില്ലെന്ന് പറഞ്ഞും അവളെ മാനിപ്പുലേറ്റ് ചെയ്തു വശത്താക്കി. അപ്പോഴും ഇപ്പോഴും അയാളോട് പ്രണയം മാത്രമുള്ള ആ കുട്ടി അതില്‍ കൃത്യമായി ചെന്ന് വീഴുകയും അതുവരെ അവളുടെ കൂടെ നിന്ന മനുഷ്യരെ എല്ലാം തള്ളി പറഞ്ഞിട്ട് അവന്റെ കൂടെ പോവുകയും ചെയ്തു. രണ്ടാം വരവില്‍ അവള്‍ക്ക് പക്ഷെ ആ വീട്ടില്‍ കിട്ടിയത് ഗംഭീരമായ സ്വീകരണമായിരുന്നു. കേസ് ഹൈക്കോടതി വഴി ക്വാഷ് ചെയ്യുന്ന സമയം വരെ അവരവളോട് നന്നായി തന്നെ പെരുമാറി. ആ കാലയളവില്‍ അവള്‍ രണ്ടാമതും ഗര്‍ഭിണി ആയി. കേസ് തേച്ചു മായ്ച്ചു കളഞ്ഞതും അവസ്ഥകള്‍ പഴയ പോലെ ആയി. കൂടെ നിന്ന വീട്ടുകാരെ തള്ളി കളഞ്ഞിട്ട് അവന്റെ കൂടെ പോയവള്‍ക്ക് രണ്ടാം പ്രസവത്തിന് പോലും സ്വന്തം വീട്ടിലേക്ക് വരാനുള്ള സാഹചര്യം കിട്ടിയില്ല. സിസേറിയന്‍ ആയിരുന്നു അവളുടെ രണ്ട് പ്രസവങ്ങളും. രണ്ടാം പ്രസവത്തിന് ശേഷം ഒരുമാസം ഹോം നേഴ്സിനെ വീട്ടില്‍ നിര്‍ത്തിയെങ്കിലും അവര് പോയ ഉടനെ അവള് വീട്ടു ജോലികളും, അവനെ സഹായിക്കുന്ന ജോലികളും, കുഞ്ഞിന്റെ കാര്യങ്ങളും ചെയ്തു തുടങ്ങി. അത് കഴിഞ്ഞ ഏപ്രില്‍ വരെ തുടര്‍ന്നു.

ഈ ഘട്ടത്തിലൊക്കെയും അവളുടെ മൂത്ത കുട്ടി അച്ഛച്ഛനും അമ്മമ്മയ്ക്കുമൊപ്പമാണ് കിടന്നിരുന്നത്. മരണപ്പെട്ട ഉഷ, അതായത് ആ കുട്ടികളുടെ അമ്മമ്മ ഇളയ മകന്റെ ഭാര്യയുടെ പ്രസവം നോക്കാന്‍ ഗള്‍ഫില്‍ പോയ ദിവസങ്ങളില്‍ ഒന്നിലാണ് പോക്‌സോ കേസിന് ആസ്പദമായ വിഷയങ്ങള്‍ ഉണ്ടാകുന്നത്. കുഞ്ഞിനെ കുളിപ്പിക്കുന്നതിനിടയില്‍ സ്വകാര്യ ഭാഗങ്ങളില്‍ സോപ്പ് കൊണ്ട് കുട്ടി കരയുകയും അവള്‍ ചോദിച്ചപ്പോള്‍ സ്വകാര്യ ഭാഗങ്ങളില്‍ വേദനിക്കുന്നതായി കുട്ടി പറയുകയും ചെയ്തതാണ് തുടക്കം. പിന്നീട് ഒരു മാസം അവള്‍ ആ വിഷയത്തില്‍ ഒരു കണ്‍ഫമേഷന്‍ ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ നടത്തി. കുട്ടിയുടെ ശരീരത്തിലുള്ള മാറ്റങ്ങള്‍ ഓരോന്നും തിരിച്ചറിഞ്ഞു. നിരന്തരം കുഞ്ഞിനോട് സംസാരിച്ചു. സംശയം സത്യമാണെന്ന് ഉറപ്പിച്ചു. ഒടുക്കം സത്യം പൂര്‍ണ്ണമായും തിരച്ചറിഞ്ഞ ദിവസം രാത്രി കുഞ്ഞുങ്ങളെയും വാരി എടുത്ത് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. അന്ന് രാത്രി പക്ഷെ അവള്‍ പിടിക്കപ്പെട്ടു. ഒരുപാട് തല്ല് വാങ്ങിച്ചു കൂട്ടി. പിറ്റേ ദിവസം പക്ഷെ അവളാ വീട്ടില്‍ നിന്ന് രക്ഷപ്പെട്ടു. ഇറങ്ങുമ്പോ കഴുത്തില്‍ ഉണ്ടായിരുന്ന താലിയും ഒരു വളയും ആ വീട്ടില്‍ വച്ചിട്ടാണ് അവള്‍ ഇറങ്ങിയത്. അവള്‍ക്ക് വിവാഹത്തിന് വീട്ടുകാര്‍ നല്‍കിയ സ്വര്‍ണ്ണമൊക്കെ അതിനും എത്രയോ മുന്നേ വീടിന്റെ രണ്ടാം നിലയ്ക്ക് വേണ്ടി ഭര്‍ത്താവ് തന്നെ നഷ്ടപ്പെടുത്തിയിട്ടുണ്ട്.

കുഞ്ഞുങ്ങളെയും കൊണ്ട് അവള്‍ നേരെ പോയത് പയ്യന്നൂരിലെ ഒരു പ്രശസ്തമായൊരു ആശുപത്രിയിലേക്കാണ്. അവര്‍ക്ക് പക്ഷെ ഇത്തരമൊരു കേസില്‍ അവളെ സഹായിക്കാന്‍ സാധിക്കുമായിരുന്നില്ല. അവിടുന്ന് പയ്യന്നൂര്‍ പോലീസ് സ്റ്റേഷനില്‍ എത്തിയ അവളെ അവരും നിരുത്സാഹപ്പെടുത്തി, 'വേണമെങ്കില്‍' പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് പൊക്കോ എന്ന് അവരില്‍ ആരോ പറഞ്ഞൊരു വാക്കില്‍ പിടിച്ചാണ് അവള്‍ അങ്ങോട്ട് പോകുന്നത്. അപ്പോള്‍ പോലും ഇത്തരമൊരു വിഷയത്തില്‍ എന്താണ് ചെയ്യേണ്ടതെന്നൊന്നും ആ കുട്ടിക്ക് അറിയില്ലായിരുന്നു. അവിടെ കുഞ്ഞിനെ പരിശോധിച്ച ഡോക്ടര്‍ കുട്ടി സെക്ഷ്വല്‍ വയലന്‍സിന് ഇരയായതായി സര്‍ട്ടിഫൈ ചെയ്തു. സ്റ്റേഷനിലേക്ക് നേരിട്ട് ഇന്റിമേഷന്‍ പോയി. നിവൃത്തിയില്ലാതെ പയ്യന്നൂര്‍ പൊലീസിന് കേസ് രജിസ്റ്റര്‍ ചെയ്യേണ്ടി വന്നു. അതായത്, പ്രതികാര ദാഹിയായ ആ 'അമ്മ കൊടുത്ത വ്യാജ പോക്‌സോ കേസ് അല്ല നിലവിലെ കേസ്'. കുഞ്ഞിനെ ചികിത്സിച്ച ഡോക്ടര്‍ കണ്ടെത്തിയ കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു ഗവണ്മെന്റ് ആശുപത്രിയില്‍ നിന്ന് പോലീസ് സ്റ്റേഷനിലേക്ക് പോയ ഇന്റിമേഷന്‍ പ്രകാരം, കൃത്യമായ മെഡിക്കല്‍ രേഖ പ്രകാരം റജിസ്റ്റര്‍ ചെയ്യപ്പെട്ട ഒന്നാണത്. കഴിഞ്ഞ ദിവസങ്ങളില്‍ ഞാനതൊക്കെ വായിച്ചതാണ്. കുഞ്ഞിന്റെ മൊഴി വായിച്ചും, പോലീസ് ആ കേസില്‍ ഇട്ട വകുപ്പുകള്‍ കണ്ടും ഞെട്ടിയതാണ്.

കേസ് രജിസ്റ്റര്‍ ചെയ്തു, ഗതികെട്ട് പൊലീസിന് രജിസ്റ്റര്‍ ചെയ്യേണ്ടി വന്നു എന്ന് പറയുന്നതാണ് കുറെ കൂടി ശെരി. പക്ഷെ ഒരു പോക്‌സോ കേസില്‍ പാലിക്കേണ്ട ഒരു നിയമവും ഈ കേസില്‍ ആദ്യ ഘട്ടം മുതല്‍ പാലിക്കപ്പെട്ടില്ല. പ്രതിയെ 24 മണിക്കൂറിനുള്ളില്‍ അറസ്റ്റ് ചെയ്തില്ലെന്ന് മാത്രമല്ല അയാള്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കി മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിക്കാനുള്ള നിര്‍ദേശവും നല്‍കി. ശേഷം മൂന്ന് തവണകളിലായി കുഞ്ഞിന് മുന്നില്‍ കൗണ്‍സിലര്‍ എത്തി. ആദ്യ രണ്ട് റിപ്പോര്‍ട്ടിലും കുട്ടിയുടെ മൊഴി കൃത്യമായി രേഖപ്പെടുത്തിയ അതേ ആള്‍, മൂന്നാം റിപ്പോര്‍ട്ടില്‍ കുട്ടി പറയുന്ന കാര്യങ്ങളില്‍ വ്യക്തത കുറവുണ്ടെന്ന് എഴുതി വച്ചു. അവസാനം വന്നപ്പോള്‍ അച്ഛനൊപ്പം പോയില്ലെങ്കില്‍ അമ്മയെ ജയിലില്‍ ഇടുമെന്ന് കുഞ്ഞിനെ പേടിപ്പിക്കുക കൂടി ചെയ്തിരിക്കുന്നു. ആ കുഞ്ഞത് പറഞ്ഞു കരയുന്ന ഓഡിയോ ഇപ്പോഴും ആ അമ്മയുടെ കയ്യിലുണ്ട്. 'അമ്മ പോണ്ട, എനിക്ക് അമ്മയെ വേണം, ഞാന്‍ അച്ഛന്റെ കൂടെ പോയില്ലെങ്കില്‍ അമ്മയെ പോലീസ് പിടിക്കുമെന്ന് ആ ആന്റി പറഞ്ഞു. എനിക്ക് പോണ്ട അമ്മേന്ന്' ആ കുട്ടി കരയുന്നത് ഞാനും കേട്ടു.

ദിവസങ്ങള്‍ കഴിഞ്ഞിട്ടും പോക്‌സോ കേസില്‍ അറസ്റ്റ് ഉണ്ടാകാതായപ്പോള്‍ പയ്യന്നൂര്‍ സ്റ്റേഷനില്‍ നിന്ന് കേസ് മാറ്റണമെന്ന അപേക്ഷയുമായി ആ അമ്മ എസ്പി ഓഫീസില്‍ പോയി. ഒന്നാലോചിച്ചു നോക്കൂ, ഒരാള്‍ പോയി സ്വന്തം സ്റ്റേഷന്‍ പരിധിയില്‍ ഉള്ളവരെ വിശ്വാസം ഇല്ലെന്ന് പറഞ്ഞ ഉടന്‍ ശെരി എന്ന് പറയുന്നവരാണോ ഇന്നാട്ടിലെ പോലീസ്. അവരുടെ അന്വേഷണത്തില്‍ അവളുടെ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയ ശേഷമായിരിക്കില്ലേ ആ പോക്‌സോ കേസ് ക്രൈം ബ്രാഞ്ചിലെ ഒരു പ്രത്യേക സംഘത്തെ ഏല്‍പ്പിച്ചിരിക്കുക. ആ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ട് മാസങ്ങള്‍ കഴിഞ്ഞിരിക്കുന്നു. കുഞ്ഞിന്റെ മൊഴി കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരും, മജിസ്ട്രേറ്റ് പോലും രേഖപ്പെടുത്തിയിട്ടുണ്ട്. വ്യാജ കേസ് ആണെങ്കില്‍ കുഞ്ഞിനെ കൊണ്ട് സത്യം പറയിപ്പിക്കാന്‍ കഴിവില്ലാത്തവരാണോ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ എന്നാണോ നിങ്ങളൊക്കെ കരുതുന്നത്. 6 വയസ്സുള്ളൊരു കുട്ടിയില്‍ നിന്ന് വെറും മൂന്ന് ചോദ്യത്തില്‍ പോലീസിന് സത്യം മനസ്സിലാകും. അങ്ങനെ ഉള്ളപ്പോള്‍ എന്തടിസ്ഥാനത്തില്‍ ആണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ച കേസ് വ്യാജമാണെന്ന് ചിലര്‍ പ്രചരിപ്പിക്കുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല.

പിന്നെന്ത് കൊണ്ട് അയാളെ അറസ്റ്റ് ചെയ്തില്ലെന്ന ചോദ്യത്തിന് മറുപടി പറയേണ്ടത് ആദ്യം കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസാണ്. അവളല്ല. കോടതിയില്‍ ജാമ്യം കിട്ടിയതുമായി ബന്ധപ്പെട്ട് ഒന്ന് രണ്ട് കാര്യങ്ങള്‍ പറയാം, ഒന്ന് ഹൈക്കോടതി നിയമിച്ച പബ്ലിക്ക് പ്രോസിക്യൂട്ടറുടെ അലംഭാവം ആയിരുന്നു. അദ്ദേഹത്തിന് ഈ കേസിനെ കുറിച്ച് കാര്യമായൊന്നും അറിയില്ലായിരുന്നു എന്നത് വലിയ പ്രശ്‌നമായിട്ടുണ്ട്, രണ്ട് നേരത്തെ പറഞ്ഞ കൗണ്‍സിലറുടെ മൂന്നാമത്തെ റിപ്പോര്‍ട്ട് കോടതി പരിഗണിച്ചു എന്നതാണ്. ഇതിനൊക്കെ പുറമെ അന്ന് ആ കുഞ്ഞിന് വേണ്ടി ഹൈക്കോടതിയില്‍ അയാള്‍ക്കെതിരെ വാദിച്ചത് ആ അമ്മ തന്നെയായിരുന്നു എന്നതാണ്. കോടതി വ്യവഹാരങ്ങളെ കുറിച്ചൊന്നും ഒരു ധാരണയുമില്ലാത്ത ആ കുട്ടിക്ക് സ്വന്തം ഭാഗം കോടതിക്ക് മുന്നില്‍ വാദിച്ചു ജയിക്കാന്‍ കഴിഞ്ഞില്ല. പ്രതിയുടെ ഭാഗത്തു നിന്നുമുണ്ടായ മറ്റ് ചില കാര്യങ്ങള്‍ പക്ഷെ ഇവിടെ ഇപ്പോള്‍ പരസ്യമായി പറയാന്‍ സാധിക്കില്ല. സമയമാകുമ്പോള്‍ അതൊക്കെയും അവള്‍ വഴി തന്നെ ലോകം കേള്‍ക്കും. അങ്ങനെയാണ് ഒന്നരലക്ഷം രൂപ കോടതിയില്‍ കെട്ടി വച്ചിട്ട് അയാള്‍ക്ക് ജാമ്യം കിട്ടുന്നത്. അപ്പോഴും പക്ഷെ ഏപ്രില്‍ മാസം മുതല്‍ കുഞ്ഞുങ്ങള്‍ അവള്‍ക്കൊപ്പം വാടക വീട്ടില്‍ തന്നെ ഉണ്ടായിരുന്നു എന്ന് മറക്കരുത്.

ഇതേ കുഞ്ഞിനെ കുറിച്ചാണ് അച്ഛന്റെ കൂടെ പോകാന്‍ നിര്‍ബന്ധം പിടിച്ചിട്ടും കോടതി സമ്മതിച്ചില്ലെന്നൊക്കെ പലരും എഴുതി കണ്ടത്. അവരോടാണ്, മൂത്ത കുട്ടിയുടെ കേസ് മാത്രമാണ് കോടതിയില്‍ ഉണ്ടായിരുന്നത്. ചെറിയ കുട്ടി ഈ കേസുകളില്‍ ഒന്നും ഭാഗമല്ല. കഴിഞ്ഞ ഏപ്രില്‍ മുതല്‍ കുട്ടികള്‍ രണ്ടുപേരും അവള്‍ക്കൊപ്പം തന്നെയായിരുന്നു. മൂത്ത കുഞ്ഞിനെ മാസങ്ങള്‍ക്ക് മുന്നേ കോടതി അവള്‍ക്കൊപ്പം വിട്ടത്തിന് കാരണം ആ കുട്ടി ഒരു പോക്‌സോ കേസ് വിക്ടിം ആയത് കൊണ്ട് മാത്രമല്ല, ക്രൈംബ്രാഞ്ച് അന്വേഷിച്ചു പോക്‌സോ കോടതിയില്‍ മാസങ്ങള്‍ക്ക് മുന്നേ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ പ്രതിക്കൊപ്പമുള്ള ജീവിതം ആ കുഞ്ഞിന്റെ ജീവന് തന്നെ ഭീഷണി ആണെന്ന് തിരിച്ചറിഞ്ഞിട്ട് കൂടിയാണ്. പിന്നെ കുട്ടി അച്ഛന്റെ കൂടെ പോകാന്‍ കരഞ്ഞ കാര്യം, അത് സത്യമാണ്. കഴിഞ്ഞ ഡിസംബര്‍ 20 ന് കോടതിയില്‍ അങ്ങനൊരു സീന്‍ ഉണ്ടായിട്ടുണ്ട്. ആ കുട്ടിക്ക് 6 വയസ്സാണ് പ്രായം, എന്നുവച്ചാല്‍ അമ്മയുടെ സ്‌നേഹവും കരുതലും സംരക്ഷണവും വേണോ അച്ഛന്റെ വീട്ടിലെ സുഖ സൗകര്യമുള്ള ജീവിതം വേണോ എന്ന് ചിന്തിച്ചു മനസ്സിലാക്കാന്‍ പറ്റാത്ത പ്രായം. ആ കുട്ടി ജനിച്ചതും വളര്‍ന്നതും, അവളുടെ കൂട്ടുകാരും കളിപ്പാട്ടങ്ങളും ഒക്കെ ഉള്ള ഇടത്തേക്ക് പോകാനേ ആ പ്രായത്തിലുള്ള കുട്ടി ശ്രമിക്കൂ. എന്റെയോ നിങ്ങളുടെയോ കുഞ്ഞാണെങ്കില്‍ പോലും അതങ്ങനെയാണ്. അല്ലാതെ വാടക വീട്ടിലെ സൗകര്യക്കുറവിലും അമ്മയുടെ സ്‌നേഹം തിരിച്ചറിയുകയും മറ്റേ വീട്ടില്‍ വച്ചു കുട്ടിക്കുണ്ടായ ഉപദ്രവം തിരിച്ചറിയുകയും ചെയ്യുന്ന പ്രായമായിരുന്നില്ല അതിന്റേതെന്ന മിനിമം ബോധത്തില്‍ സംസാരിക്കാന്‍ ശ്രമിച്ചാല്‍ ആ കാര്യത്തില്‍ വ്യക്തത വരും.

പിന്നൊന്ന് ഈ കുട്ടികളെ അമ്മയും അമ്മമ്മയും നിരന്തരം ഉപദ്രവിക്കുമായിരുന്നു എന്നതാണ്. നോക്കൂ, ഇതേ കുട്ടി അമ്മയെ വേണമെന്ന് പറഞ്ഞു കരയുന്ന, അവളുടെ അനിയന്റെ തോളില്‍ ഇരുന്ന് കളിക്കുന്ന, അവനെ മാറി മാറി ഉമ്മ വയ്ക്കുന്ന, അമ്മാമ്മയുടെ കൂടെ നടക്കുന്ന, കളിക്കുന്ന ചിരിക്കുന്ന എത്ര വീഡിയോകള്‍ നിങ്ങള്‍ക്ക് കാണണം. ഞാന്‍ കാണിച്ചു തരാം. അവള്‍ക്കൊപ്പം ഡാന്‍സ് ചെയ്യുന്ന, പാട്ട് പാടുന്ന ഹാപ്പി ആയിട്ട് ഇരിക്കുന്ന ഒരു ഡസന്‍ വീഡിയോകളും ഫോട്ടോകളും അവളിപ്പോഴും കണ്ടു കൊണ്ടിരിക്കുന്നുണ്ട്. അതവളെ ജീവിപ്പിക്കുന്നുണ്ട്. ഞാന്‍ കണ്ടിട്ടുണ്ട് ഇതില്‍ പലതും. സങ്കടം കൊണ്ട് കരഞ്ഞു പോയിട്ടുണ്ട് ചിലത് കണ്ടിട്ട്.

പിന്നെ ഉപദ്രവം, എന്റെ വീട്ടിലുമുണ്ട് കുട്ടികള്‍. എത്ര ശ്രദ്ദിച്ചാലും കളിക്കുന്നതിനിടയില്‍ ആ കുട്ടികളിടെ പ്രായത്തിലുള്ള പിള്ളേര് വീഴുന്നതും, മുറിയുന്നതും, ചിലപ്പോ കയ്യോ കാലോ പൊട്ടുന്നതുമൊക്കെ സ്വഭാവികമല്ലേ? നിങ്ങളുടെ വീട്ടിലെ കുട്ടികള്‍ക്ക് ഒന്നും അത്തരം അപകടങ്ങള്‍ പറ്റിയിട്ടെ ഇല്ലേ? അതുപോലെ ഒരപകടമാണ് നവംബറില്‍ ആ കുട്ടിക്കും പറ്റിയത്. രാത്രി കിടക്കാന്‍ നേരം ലൈറ്റ് ഒക്കെ ഓഫ് ആക്കിയ ശേഷം വാതില്‍ അടച്ചപ്പോള്‍ കൈ വാതിലിനിടയില്‍ കുടുങ്ങി പോയി. അപ്പൊ തന്നെ ആശുപത്രിയില്‍ എത്തിച്ച കുഞ്ഞിന് രാത്രി സ്റ്റിച്ചിടാന്‍ പറ്റാത്ത കൊണ്ട് സഡേറ്റ് ചെയ്ത് രാവിലെ സ്റ്റിച്ചിട്ടു. ഇതാണ് നാട്ടില്‍ മൊത്തം പറഞ്ഞു പരത്തിയ ഉപദ്രവ കഥയുടെ സത്യം. കോടതി അമ്മയ്‌ക്കൊപ്പം വിട്ട കുഞ്ഞിന്റെ ജീവന് ഭീഷണി ഉണ്ടെന്ന് പറഞ്ഞ് ആ കുട്ടികളെ കൊന്ന അച്ഛന്‍ പോലീസ് സ്റ്റേഷനില്‍ പോവുകയും, അച്ഛച്ഛന്‍ തല്‍ക്കാലം മാറി നില്‍ക്കാന്‍ പോലീസ് വഴി തീരുമാനം ആക്കുകയും, അയാളെ വീട്ടില്‍ നിന്ന് മാറ്റി എന്ന് പറഞ്ഞു അവന്‍ കുഞ്ഞിനെ കൊണ്ടു പോവുകയും ചെയ്യുന്നു. നോക്കൂ, അത് കോടതി അലക്ഷ്യമായ കാര്യമാണ്. കോടതി അമ്മയ്ക്ക് കൊടുത്ത പോക്‌സോ കേസിലെ വിക്ടിം ആയൊരു കുഞ്ഞിനെ അങ്ങനെ സ്വന്തം ഇഷ്ടത്തിന് കൊണ്ട് പോകാന്‍ ഒന്നും അയാള്‍ക്ക് റൈറ്റ് ഇല്ല. ഏത് പോലീസ് പറഞ്ഞാലും. എന്നിട്ടും അയാള്‍ അത് ചെയ്തു. അതിനെയാണ് ഇവിടെ ചില ആളുകള്‍ അന്ധമായി ന്യായീകരിക്കുന്നത്.

ഇതിന് ശേഷമാണ് കുഞ്ഞിനെ തിരികെ കിട്ടാന്‍ അവള്‍ വീണ്ടും കോടതി കയറുന്നത്. ഡിസംബര്‍ 20 ന് കേസ് വിളിച്ച ദിവസം അവള്‍ക്കെതിരെ ഒരു ഫയല് നിറയെ എന്തൊക്കെയോ തെളിവും കൊണ്ട് കുഞ്ഞിനേയും കൂട്ടി കോടതിയില്‍ എത്തിയ അവനെ കോടതി കണക്കിന് ശകാരിച്ചു. കോടതി വിധി മറികടന്ന് കുഞ്ഞിനെ കൊണ്ടു പോയതിനാണ് അയാള്‍ക്ക് ചീത്ത കേള്‍ക്കേണ്ടി വന്നത്. ആ കുഞ്ഞൊരു പോക്‌സോ കേസിലെ വിക്ടിം ആണെന്ന് കോടതി അയാളെ ഓര്‍മ്മിപ്പിക്കേണ്ട സഹചര്യമുണ്ടായി. കുഞ്ഞിനെ എടുത്തു പുറത്തേക്ക് നില്‍ക്കാന്‍ അവളോട് പറഞ്ഞിട്ടാണ് ഇതൊക്കെ അവിടെ നടന്നത്. സ്വാഭാവികമായും കുറെ ദിവസങ്ങള്‍ അച്ഛനൊപ്പമായിരുന്ന കുട്ടി കരയില്ലേ. അവളും കരഞ്ഞു. കോടതി അവള്‍ക്കൊപ്പം വീണ്ടും കുഞ്ഞിനെ വിട്ടെങ്കിലും കുഞ്ഞിന്റെ കരച്ചിലില്‍ ആ അമ്മ വീണു.

ഇനി നടന്നതൊക്കെയാണ് ഈ കേസിലെ ഏറ്റവും പ്രധാന ഭാഗം.അധികം ആര്‍ക്കും അറിയാത്ത കാര്യങ്ങള്‍. കോടതിയിലെ സംഭവങ്ങള്‍ക്കെല്ലാം ശേഷം തിരിച്ചിറങ്ങിയ അവള്‍ ബസ്സിലിരുന്ന് കുഞ്ഞിനൊപ്പം വീണ്ടും അവനെ ഫോണില്‍ വിളിച്ചു. പയ്യന്നൂരില്‍ വച്ചു കാണാം എന്നും, കുഞ്ഞൊന്നും കഴിച്ചില്ലല്ലോ എന്നും, നിങ്ങള് വന്നാല്‍ കുഞ്ഞി ഭക്ഷണം കഴിക്കുമെന്നും പറഞ്ഞു. അവന്‍ വന്നു. അവര്‍ തമ്മില്‍ കണ്ടു. പയ്യന്നൂരിലെ ഒരു ഹോട്ടലില്‍ കയറി ബിരിയാണി വാങ്ങി ഇരുവരും ചേര്‍ന്ന് കുഞ്ഞിനെ കഴിപ്പിച്ചു. ബാക്കി ബിരിയാണി പാഴ്സല്‍ ചെയ്യാന്‍ പറഞ്ഞു. കുഞ്ഞ് അയാള്‍ക്കൊപ്പം ബൈക്കിലും അവള്‍ ഓട്ടോയിലും അവളുടെ വാടക വീട്ടിലേക്ക് വന്നു. വീട്ടിലെത്തിയ കുട്ടി അച്ഛനൊപ്പം തന്നെ പോകാന്‍ വാശി പിടിച്ചപ്പോള്‍ രണ്ട് കുട്ടികളെയും അയാള്‍ക്കൊപ്പം വിടാന്‍ തയ്യാറായവളാണ് അവള്‍. കോടതി അവനില്‍ നിന്ന് കുഞ്ഞിനെ അവള്‍ക്ക് കൊടുത്ത ശേഷം, അവനെ കണക്കിന് ചീത്ത പറഞ്ഞിറക്കി വിട്ട ദിവസം നടന്നതാണിതെന്ന് ഓര്‍ക്കണം. അത്യാവശ്യം സാധനങ്ങള്‍ ഒക്കെ വാങ്ങിച്ചിട്ട് ഒന്ന് വണ്ടിയില്‍ കറങ്ങി തിരികെ വരാം എന്ന് പറഞ്ഞിട്ട് രണ്ട് കുട്ടികളെയും കൊണ്ട് പോയ അയാള്‍ പിന്നീട് അവളെ വിളിച്ചിട്ട് പറഞ്ഞത് കുഞ്ഞുങ്ങള്‍ക്ക് വേണ്ട സാധനങ്ങള്‍ എല്ലാം വാങ്ങി കൂട്ടത്തില്‍ ഒരു സാധനം കൂടി വാങ്ങിച്ചു അത് പക്ഷെ കുഞ്ഞുങ്ങള്‍ക്ക് ബിരിയാണിയില്‍ കലക്കി കൊടുക്കാന്‍ നോക്കിയിട്ട് എന്നെ കൊണ്ട് പറ്റുന്നില്ല എന്നാണ്. ഇത് നടക്കുന്നത് ഡിസംബര്‍ 20 നാണ്. കൂട്ട മരണങ്ങള്‍ക്ക് രണ്ട് ദിവസം മുന്നേ. ആ കോള്‍ നീണ്ടു പോയത് നീണ്ട 45 മിനിറ്റോളമാണ്. അവര്‍ തമ്മില്‍ ഒരുപാട് സംസാരിച്ചു. അവള്‍ അവനെയും അവന്‍ അവളെയും ആശ്വസിപ്പിച്ചു. ഒരു വാടക വീട് എടുത്തിട്ട് മാറി താമസിക്കാമെന്നും ഇടയ്ക്ക് ഞാന്‍ വന്ന് അവിടെ നില്‍ക്കാമെന്നുമെല്ലാം അവര് തമ്മില്‍ സംസാരിക്കുന്ന ഓഡിയോയില്‍ ആ കുഞ്ഞുങ്ങളുടെ ബഹളം കേള്‍ക്കാം.

അവളേറെ ആശ്വസിപ്പിച്ച ശേഷം രാത്രിയോടെ അവന്‍ രണ്ട് കുട്ടികളെയും കൊണ്ട് അവളുടെ വീട്ടിലേക്ക് വരുന്നുണ്ട്. ചെറിയ കുഞ്ഞിനെ അവളെ ഏല്പിച്ചിട്ട് മൂത്ത കുട്ടിയെ അന്ന് അവന്‍ തന്നെ കൊണ്ടു പോയി. കോടതി ഉത്തരവ് പ്രകാരം അവനതിനുള്ള റൈറ്റ് ഇല്ല. ആഴ്ചയില്‍ ഒരു ദിവസം 10 മണി മുതല്‍ 5 വരെ പയ്യന്നൂര്‍ മാളില്‍ വച്ചോ, ഗാന്ധി പാര്‍ക്കില്‍ വച്ചോ കാണാനെ കോടതി സമ്മതിച്ചിട്ടുള്ളൂ. അങ്ങനെ ഉള്ളപ്പോഴാണ് മുറിവ് പറ്റിയ കുഞ്ഞിനെ അവന്‍ ആശുപത്രിയില്‍ നിന്ന് എടുത്തു കൊണ്ട് പോകുന്നതും, മരിക്കുന്നതിന് 2 ദിവസം മുന്നേ കോടതിയില്‍ നിന്ന് വന്ന രാത്രി കൂടെ കൊണ്ട് പോകുന്നതും. അന്നും അവളതിനെ എതിര്‍ത്തില്ലെന്ന് മാത്രമല്ല പിറ്റേ ദിവസം അവന്‍ വന്നപ്പോ ഇളയ കുഞ്ഞിനെ കൂടെ വിടാനും റെഡി ആയി. അന്നും അവന്‍ വൈകിട്ട് ഇളയ കുട്ടിയെ അവളെ ഏല്‍പ്പിക്കുകയും മൂത്ത കുട്ടിയെ കൂടെ തന്നെ കൊണ്ടു പോവുകയും ചെയ്തു. അതിനും അവള്‍ ഓക്കേ ആയിരുന്നു. പിറ്റേന്ന് രാവിലെ അതായത് മരണങ്ങള്‍ നടന്ന ദിവസം രാവിലെ അവന്‍ അവളെ വിളിച്ചിട്ട് പറഞ്ഞത് ഇളയ കുഞ്ഞിനെ റെഡി ആക്കി നിര്‍ത്തൂ ഞാന്‍ വരുന്നുണ്ട് ജനന സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ പോകാനുണ്ട്, അവനെ വേണം എന്നാണ്. അവന്‍ പറഞ്ഞത് പോലെ അവള്‍ കുഞ്ഞിനെ റെഡി ആക്കി നിര്‍ത്തി. മൂത്ത കുട്ടിയെ റെഡി ആക്കി സ്‌കൂള്‍ യൂണിഫോമിലാണ് അവന്‍ കൊണ്ടു വരുന്നത്. മോനെ ഉച്ചയോടെ കൊണ്ട് വിടാം, മോളെ നീ വൈകിട്ട് സ്‌കൂളില്‍ നിന്ന് കൂട്ടിക്കോ, ഞാന്‍ വന്നാല്‍ അവള്‍ വീണ്ടും കരയുമെന്നാണ് അവളോട് പറഞ്ഞത്. ശെരിയെന്നവള്‍ സമ്മതിക്കുകയും അവന്‍ കുഞ്ഞുങ്ങളെയും കൊണ്ട് പോവുകയും ചെയ്തു.

ഉച്ചയ്ക്ക് വീട്ടില്‍ എത്തിയപ്പോള്‍ ഇളയ കുട്ടിയെ അവന്‍ കൊണ്ടു വന്നിട്ടില്ല. ഫോണില്‍ വിളിച്ചപ്പോള്‍ 15 മിനുട്ട് കൊണ്ട് വീടെത്തിക്കാം എന്നയാള്‍ പറഞ്ഞതാണ്. അര മണിക്കൂര്‍ കഴിഞ്ഞും കാണാതായപ്പോള്‍ അവള്‍ വീണ്ടും വിളിച്ചു. പയ്യന്നൂര്‍ എത്തി എന്നവന്‍ മറുപടിയും പറഞ്ഞു. പക്ഷെ പയ്യന്നൂരില്‍ വണ്ടി നിര്‍ത്തുമ്പോ കേള്‍ക്കേണ്ട ഒരു ശബ്ദവും ബഹളവും അവള്‍ കേട്ടില്ല. മൊത്തത്തില്‍ ഒരു സൈലന്‍സ്. സംശയം തോന്നി സ്‌കൂളിലേക്ക് മെസേജ് അയച്ചപ്പോള്‍ ആണ് മൂത്ത കുട്ടി സ്‌കൂളില്‍ എത്തിയിട്ടില്ലെന്ന് അവള്‍ അറിയുന്നത്. അവന്റെ ഫോണ് അപ്പഴേക്കും സ്വിച്ച് ഓഫ് ചെയ്യപ്പെട്ടിരുന്നു. ഉഷയുടെ ഫോണ് റിങ് ചെയ്യുന്നുണ്ട് ആരും എടുക്കുന്നില്ല. അന്നേരം വീട്ടില്‍ നിന്ന് ഇറങ്ങി ഓടിയതാണ് ആ പെണ്‍കുട്ടി. വീടിനടുത്തുള്ള സ്റ്റേഷനില്‍ പോയാല്‍ നീതി കിട്ടില്ലെന്ന് അവള്‍ക്ക് ഉറപ്പായിരുന്നു. പയ്യന്നൂര്‍ പുതിയ സ്റ്റാന്റില്‍ നിന്ന് ബസ്സ് കയറി അവള്‍ നേരെ പോയത് ക്രൈംബ്രാഞ്ച് ഓഫീസിലേക്കാണ്. കരഞ്ഞും നിലവിളിച്ചും അവിടെ എത്തി കാര്യം പറഞ്ഞു. അവര്‍ അവളെ ആശ്വസിപ്പിച്ചു. അടിയന്തരമായി പിങ്ക് പോലീസിനെ വീട്ടിലേക്ക് വിട്ടു. അടച്ചിട്ടിരിക്കുന്ന വീടിനുള്ളില്‍ നിന്ന് അപ്പോഴും ഉഷയുടെ ഫോണ് റിങ് ചെയ്യുന്നുണ്ടായിരുന്നു. തിരികെ എത്തിയ പിങ്ക് പോലീസ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ അവള്‍ ആ ഓഫീസില്‍ ഉണ്ട്. ഒറ്റയ്ക്ക്. ഒരാള്‍ കൂട്ടിനില്ലാതെ. അങ്ങനെയാണ് അവര്‍ അവന്റെ അച്ഛനെ വിളിക്കുന്നത്, ഒരു ഓട്ടത്തില്‍ ആണെന്നും വീട്ടിലേക്ക് ഇപ്പോള്‍ പോകാന്‍ പറ്റില്ലെന്നും ഭാര്യ ഫോണ് എവിടെ എങ്കിലും വച്ചിട്ട് പോയതായിരിക്കുമെന്നും അയാള്‍ മറുപടി പറയുമ്പോഴും അവള്‍ ആ ഓഫീസില്‍ ഉണ്ട്. പരാതി രേഖാമൂലം എഴുതി നല്‍കി. രസീത് വാങ്ങിച്ചിട്ട് തിരികെ വാടക വീട്ടില്‍ എത്തുമ്പോള്‍ അവളറിഞ്ഞില്ല അവന്‍ അവളെ ചതിച്ചിട്ട് അവളുടെ കുഞ്ഞുങ്ങളെ കൊലപ്പെടുത്തി കാര്യം. രാത്രിയോടെ മരണ വിവരം പുറത്തറിഞ്ഞു. വാര്‍ത്തകള്‍ വന്നു. ആ ജീവനുകള്‍ നിലനിര്‍ത്താന്‍ ആ പെണ്ണ് ഓടിയ ഓട്ടമോ ചെയ്ത കാര്യങ്ങളോ മാത്രം പക്ഷെ ആരും അറിഞ്ഞില്ല. ആരും ചോദിച്ചില്ല. ഇതൊക്കെ ആരോടെങ്കിലും പറയാന്‍ സാധിക്കുന്ന അവസ്ഥയില്‍ ആയിരുന്നില്ലല്ലോ അവളും.

ചാനലുകള്‍ ഏകപക്ഷീയമായി വാര്‍ത്ത നല്‍കി. അവളുടെ കുറ്റങ്ങള്‍ അവന്റെ വീട്ടുകാര്‍ എണ്ണി എണ്ണി പറഞ്ഞു. കുഞ്ഞിനെ തല്ലിയ അമ്മയെ കുറ്റപ്പെടുത്തിയവര്‍ കൊന്ന അച്ഛനെ പുകഴ്ത്തി. അയാളുടെ സ്‌നേഹത്തെ വാഴ്ത്തി. കോടതി വിധി മറികടന്നു കൊണ്ട് കോടതി അലക്ഷ്യം കാണിച്ച് കുഞ്ഞിനെ കൊണ്ടു പോയി കൊന്നിട്ടും, കോടതിയെ കുറ്റപ്പെടുത്തുന്നത് വരെ എത്തി കാര്യങ്ങള്‍. ഗള്‍ഫില്‍ ഏതോ കേസില്‍ ജയിലില്‍ കിടന്നവന്‍ വരെ അവളെ കുറ്റപ്പെടുത്തി ചാനലുകളില്‍ ബൈറ്റ് നല്‍കി. 'നെഞ്ചത്തു കിടത്തി ഉറക്കിയതിന് പോക്‌സോ' എന്ന് ഒരു പ്രമുഖ മാധ്യമം തലക്കെട്ട് നല്‍കി. ആ കേസിലെ എഫ്‌ഐആര്‍ പോലും അതിന് മുന്നേ ഒരുത്തനും വായിച്ചു നോക്കിയില്ല. നാട്ടുകാരും വീട്ടുകാരും അവളെ അറിയുന്നവരും ഇന്നേവരെ കണ്ടിട്ട് പോലും ഇല്ലാത്തവരും പോലും അതിനെ കൊത്തി വലിച്ചു കൊണ്ട് എല്ലായിടത്തും എഴുതി. അവരെന്തൊ നേരില്‍ കണ്ടത് പോലെ അവളുടെ കുറ്റങ്ങള്‍ പാടി നടന്നു. നാളെ ഒന്ന് പുറത്തേക്കിറങ്ങിയാല്‍, ഒരു നല്ല ഉടുപ്പ് ഇട്ടാല്‍ പോലും അവള്‍ ഓഡിറ്റ് ചെയ്യപ്പെടുന്ന അവസ്ഥയില്‍ കാര്യങ്ങളെ എത്തിച്ചതില്‍ നിന്ന് മാധ്യമങ്ങള്‍ക്ക് മാറി നില്‍ക്കാന്‍ കഴിയില്ല. നാളെ ആ കുട്ടി പൂര്‍ണ്ണമായ ബോധത്തിലേക്ക് തിരികെ എത്തിയാല്‍ ആത്മഹത്യ ചെയ്ത പോലും നിങ്ങള്‍ കൂടി അതിന് ഉത്തരവാദികള്‍ ആണ്.

അവളെ കുറിച്ചു വന്ന വാര്‍ത്തയും പോസ്റ്റും ഒക്കെ ആ കുട്ടി കാണുന്നുണ്ട്. വായിക്കുന്നുണ്ട്. ഒരു മിനിമം ബോധത്തില്‍ ആണവളെങ്കില്‍ അവള്‍ ആത്മഹത്യ ചെയ്യാന്‍ എങ്കിലും ശ്രമിക്കുമെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അത്രമേല്‍ തകര്‍ന്ന് പോയത് കൊണ്ടും മരവിപ്പ് മാറാത്ത കൊണ്ടും ഒന്ന് കരയാന്‍ പോലും പറ്റാത്ത വിധം കല്ലായി പോയത് കൊണ്ടുമാകും ചിലപ്പോള്‍ ഇതെല്ലാം കണ്ടിട്ടും അവള്‍ ഇങ്ങനെ ഇരിക്കുന്നതെന്ന് തോന്നിയിട്ടുണ്ട്. അത്രയ്ക്കുണ്ട് ആളുകളുടെ സൈബര്‍ അറ്റാക്കും ബുള്ളീയിങ്ങും. എന്നിട്ടും പക്ഷെ അതൊക്കെ വായിച്ചിട്ട് ഒരു ഫീലും ഇല്ലാതെ ഇരിന്നു പോകുന്നൊരു പെണ്‍കുട്ടിയെ നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാന്‍ പറ്റുമോ? ഞാന്‍ മുന്നില്‍ കാണുകയാണ് അവളെ, മിണ്ടുകയാണ് അവളോട്, കൂടെ തന്നെ ഉണ്ടെന്ന് ആശ്വസിപ്പിക്കുകയാണ്.

ഒരു കാര്യം ഉറപ്പാണ്. ജീവിച്ചിരുന്ന തന്റെ കുഞ്ഞിന് വേണ്ടി അവള്‍ തുടങ്ങി വച്ച ഫൈറ്റില്‍ അവള്‍ ഇനി മുന്നോട്ട് പോകുന്ന അത്രയും കാലം ഞങ്ങള്‍ കുറെ മനുഷ്യര്‍ നിരുപാധികം അവള്‍ക്കൊപ്പം നില്‍ക്കും. പൊതു ബോധത്തിനൊപ്പം ചേര്‍ന്ന് മാധ്യമങ്ങള്‍ വലിച്ചു കീറിയ ഒരുവളുടെ അതിജീവനത്തിന് എന്ത് സാഹചര്യവും ഒരുക്കി നല്‍കും. മനുഷ്യത്വമുള്ള മനുഷ്യരുടെ വാക്കാണത്. ഞങ്ങള്‍ക്ക് ബാക്കി നില്‍ക്കുന്ന സംശയങ്ങള്‍ ഇവയാണ്, ആത്മഹത്യയും കൊലപാതവും നടക്കുന്നതിന്റെ രണ്ട് ദിവസം മുന്നേ അവളോട് മണിക്കൂറുകള്‍ അടുപ്പിച്ചു സംസാരിച്ച കാലധരന്‍ എന്തിനാകും 2 ദിവസത്തിന് ശേഷം ആത്മഹത്യ ചെയ്തത്? അന്ന് രാവിലെ സ്‌കൂളിലേക്കെന്നും പറഞ്ഞു കുഞ്ഞിനെ റെഡി ആക്കി കൊണ്ടു വന്നിട്ട്, ചെറിയ കുഞ്ഞിനേയും കൊണ്ട് പോയ ശേഷം എന്താണ് സംഭവിച്ചിരിക്കുക? കുട്ടികളെയും കൊണ്ട് കാങ്കോല്‍ തെയ്യം കാണാന്‍ പോയ അവനെ ഉച്ചയ്ക്ക് ഒരു മണിവരെ കണ്ടവരുണ്ട്, പിന്നെന്തൊക്കെ നടന്നു കാണും? കോടതി പോലും തനിക്കൊപ്പം നിന്നില്ലെന്നും, ഭാര്യ നിരന്തരം കേസ് കൊടുത്തില്‍ വിഷമിച്ചിരുന്നു എന്നും അവന്റെ വീട്ടുകാര്‍ പറയുന്നു, അതില്‍ മനം നൊന്താണ് മരണമെന്നും. ആ കൂടെ സ്വന്തം അമ്മയെ അയാള്‍ എന്തിന് കൂടെ കൂട്ടി? കുഞ്ഞുങ്ങളെ അവളുടെ ഉപദ്രവത്തില്‍ നിന്ന് രക്ഷിക്കാന്‍ അമ്മയെ കൂടെ എന്തിന്?

ഇനി പ്രധാന കാര്യം, പോക്‌സോ കേസിലെ പ്രതിയുടെ ജാമ്യം റദ്ദാക്കാനും അയാളെ കസ്റ്റഡിയില്‍ വാങ്ങിക്കാനും, പരിശോധനയ്ക്ക് വിധേയനാകാനും അവളുടെ വക്കീല്‍ അപേക്ഷ കൊടുക്കാന്‍ തീരുമാനിച്ച ഘട്ടത്തിലാണ് ഈ മരണങ്ങള്‍ നടന്നത്. പോക്‌സോ കേസിലെ അച്ഛന്റെ പങ്കിനെ അംഗീകരിക്കാത്ത ആ മകന്‍ അന്നേ ദിവസം അതില്‍ വ്യക്തത കണ്ടെത്തിയിരുന്നോ? കുഞ്ഞിന്റെ മൊഴിയില്‍ പറയുന്ന കാര്യങ്ങള്‍ അറിഞ്ഞിട്ടാണോ അമ്മയെ കൂടെ കൂട്ടിയിരിക്കുക?

തീര്‍ന്നിട്ടില്ല ഇനിയുമുണ്ട് തെളിവ് സഹിതം ഇഷ്ടം പോലെ ചോദ്യങ്ങള്‍ അതിന് പക്ഷെ മറുപടി പറയേണ്ടത് പോലീസും കോടതിയുമാണ്. അതുണ്ടാകും മുന്നേ ആരൊക്കെ ആ പെണ്‍കുട്ടിയെ കല്ലെറിഞ്ഞാലും, കുറ്റപ്പെടുത്തിയാലും, കൊത്തി വലിച്ചാലും അവള്‍ക്കൊപ്പം മാത്രമാണ്.അവള്‍ക്കൊപ്പം മാത്രം.

Tags:    

Similar News