'എന്റെ ജീവിതം തകർത്തത് ദൈവം..'; കാണിക്കവഞ്ചികളില്‍ നിന്ന് പണം മോഷ്ടിക്കുന്നത് പതിവാക്കി; കവർച്ചയ്ക്ക് മുന്‍പും ശേഷവും വസ്ത്രം മാറും, ആഭരണങ്ങൾ ഉപേക്ഷിക്കും; ദൈവത്തോട് പ്രതികാരം തോന്നാനുണ്ടായ കള്ളന്റെ കാരണം കേട്ട് അമ്പരന്ന് പോലീസ്
റായ്പൂർ: നിരവധി ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചികളിലെ പണം മോഷ്ടിച്ച പ്രതിയെ പിടിയിലായതോടെ പുറത്ത് വന്നത് ഞെട്ടിക്കുന്ന വിവരം. ദൈവത്തോടുള്ള പ്രതികാരമായാണ് താൻ ക്ഷേത്രങ്ങളിൽ മോഷണം നടത്തിയതെന്നായിരുന്നു യുവാവ് പോലീസിന് മൊഴി നൽകിയിരിക്കുന്നത്. 2012-ൽ ജയിലിൽ കഴിഞ്ഞിരുന്നപ്പോഴാണ് ഇയാൾക്ക് എച്ച്‌ഐവി ബാധിച്ചത്.
തുടർന്ന് മതത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടതായും, തന്റെ രോഗബാധയ്ക്ക് പിന്നിൽ ദൈവമാണെന്ന് വിശ്വസിക്കുന്നതായും ഇയാൾ പോലീസിനോട് സമ്മതിച്ചു. നിരവധി ക്ഷേത്രങ്ങളിൽ നിന്നായി കാണിക്കവഞ്ചികളിലെ പണം മോഷ്ടിച്ചതായി പ്രതി സമ്മതിച്ചു. എന്നാൽ, ഇതിലും കൂടുതൽ മോഷണങ്ങൾ നടന്നിരിക്കാമെന്ന് പോലീസ് സംശയിക്കുന്നു. മോഷണത്തിന് ശേഷം ഇയാൾ ആഭരണങ്ങൾ ഉപേക്ഷിക്കുകയും, വസ്ത്രം മാറി രക്ഷപ്പെടുകയുമാണ് പതിവ്.
മോഷണത്തിന് ഉപയോഗിച്ച സ്കൂട്ടറും പോലീസ് കണ്ടെടുത്തു. 2012-ൽ ജയിൽ മോചിതനായ ശേഷം ഇയാൾ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണം ആരംഭിച്ചതായാണ് വിവരം. ഓരോ മോഷണത്തിനും മുമ്പ് ക്ഷേത്രത്തെക്കുറിച്ച് മനസ്സിലാക്കുകയും പിന്നീട് കൃത്യമായ തയ്യാറെടുപ്പുകളോടെ മോഷണം നടത്തുകയുമാണ് ചെയ്തിരുന്നത്.
അവസാനമായി നടത്തിയ മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. തന്റെ ജീവിതം നശിപ്പിച്ചത് ദൈവമാണെന്നും, ജയിലിലെ പായയിൽ നിന്നാണ് തനിക്ക് എച്ച്‌ഐവി പടർന്നതെന്നുമാണ് ഇയാളുടെ വാദം. ദൈവത്തോടുള്ള പ്രതികാരത്തിന്റെ ഭാഗമായാണ് മോഷണം നടത്തിയതെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു.