വയോധികയെ ട്രെയിനിൽ നിന്ന് തള്ളിയിട്ടു; നിമിഷങ്ങള്‍ക്കുള്ളില്‍ തൊട്ടടുത്ത ട്രാക്കിലൂടെ അന്ത്യോദയ എക്‌സ്പ്രസ് കടന്നുപോയി; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; 64കാരിയുടെ ബാഗിലെ പണവുമായി സംസ്ഥാനം വിട്ട കള്ളനെ മുംബൈയിൽ നിന്നും പിടികൂടി പോലീസ്
കോഴിക്കോട്: വയോധികയെ ട്രെയിനിൽ നിന്നും തള്ളിയിട്ട് പണം കവർന്ന കേസിലെ പ്രതിയെ പോലീസ് പിടികൂടിയത് സുപ്രധാന നീക്കത്തിലൂടെ. മഹാരാഷ്ട്രയിലെ പൻവേലിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. സമ്പർക്കക്രാന്തി എക്‌സ്പ്രസിൽ എസ് വണ്‍ കോച്ചില്‍ യാത്ര ചെയ്യുകയായിരുന്ന 64കാരിയായ അമ്മിണിയാണ് ആക്രമിക്കപ്പെട്ടത്. ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. പേരുകൾ മാറ്റിപ്പറയുന്ന പ്രതിയുടെ യഥാർത്ഥ വ്യക്തിവിവരങ്ങൾ തിരിച്ചറിയാനായിട്ടില്ല. ആക്രമണത്തിൽ അമ്മിണിയ്ക്ക് തലയ്ക്ക് സാരമായി പരിക്കേറ്റിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി.
പുലര്‍ച്ചെ നാലരയോടെയാണ് സംഭവം. തൃശൂരില്‍ ഇറങ്ങേണ്ടതിനാല്‍, അമ്മിണിയും അനിയന്‍ വര്‍ഗീസും ഉറക്കമുണര്‍ന്നു. സഹോദരന്റെ വീട്ടിലെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത് മുംബൈയില്‍ നിന്ന് വരികയായിരുന്നു സഹോദരങ്ങള്‍. വാതിലിനരികിലുള്ള സീറ്റിലാണ് ഇരുന്നത്. യുവാവ് ബാഗ് തട്ടിപ്പറിച്ചോടാന്‍ നോക്കി. അറുപത്തിനാലുകാരിയായ അമ്മിണി ബാഗില്‍ നിന്ന് പിടിവിട്ടില്ല. പിടിവലിയ്ക്കിടെ വാതിലിനരികിൽ എത്തി. ഇതോടെ യുവാവ് ഒറ്റചവിട്ടിന് അമ്മിണിയെ പുറത്തേയ്ക്കിട്ടു. ട്രെയിനിന് വേഗം കുറവായിരുന്നു. അതുകൊണ്ടാണ് രക്ഷപ്പെട്ടത്. എസ്-1 കോച്ചിന്റെ വാതിലിനോടുചേര്‍ന്ന സൈഡ് സീറ്റുകളിലായിരുന്നു സഞ്ചരിച്ചിരുന്നത്.
തൊട്ടരികിലെ ട്രാക്കില്‍ ട്രെയിനും കടന്നുപോകുന്നു. തലയില്‍ നിന്ന് രക്തപ്രവാഹം. മറ്റു യാത്രക്കാര്‍ നിലവിളിച്ചു. സഹോദരന്‍ വര്‍ഗീസ് ശുചിമുറിയില്‍ നിന്ന് വരുന്നതിനിടെയാണ് ഇതു കണ്ടത്. ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തി. അമ്മിണിയെ ഉടനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. തലയില്‍ അഞ്ചു തുന്നിക്കെട്ടുണ്ട്. ''ദൈവാനുഗ്രഹം കൊണ്ട് രക്ഷപ്പെട്ടു. ഇതു രണ്ടാം ജന്‍മമാണ്''. അമ്മിണി പറയുന്നു. അമ്മിണി തീവണ്ടിയില്‍നിന്ന് വീണ് നിമിഷങ്ങള്‍ക്കുള്ളില്‍ തൊട്ടടുത്ത ട്രാക്കിലൂടെ അന്ത്യോദയ എക്‌സ്പ്രസ് കടന്നുപോയി. വീണതിന്റെ ഒരു മീറ്റര്‍ അകലെ ഇരുമ്പുപോസ്റ്റും സിഗ്‌നല്‍കമ്പികളും ഉണ്ട്. ഇതിലൊന്നും തട്ടാതെ അദ്ഭുതകരമായ രക്ഷപ്പെടലാണുണ്ടായത്.
കോഴിക്കോട്ട് തീവണ്ടി നിര്‍ത്തിയപ്പോള്‍ ഒപ്പമുണ്ടായിരുന്ന സഹോദരന്‍ വര്‍ഗീസ് ബാത്ത്‌റൂമിലേക്ക് പോയി. തീവണ്ടി നീങ്ങിത്തുടങ്ങിയപ്പോള്‍ അമ്മിണി എഴുന്നേറ്റുനിന്ന് സാരി ശരിയാക്കുന്നതിനിടെ സീറ്റിലുണ്ടായിരുന്ന ബാഗെടുത്ത് മോഷ്ടാവ് ഓടാന്‍ ശ്രമിച്ചു. ഉടന്‍തന്നെ അമ്മിണി ബാഗില്‍ പിടിക്കുകയും പിടിവിടാതെ മോഷ്ടാവിനെ പ്രതിരോധിക്കുകയും ചെയ്തു. ഇതിനിടെ ബാഗ് ബലമായി തട്ടിയെടുത്ത മോഷ്ടാവ് അമ്മിണിയെ വാതിലിലൂടെ പുറത്തേക്ക് തള്ളിയിട്ടു.
ഇവര്‍ വീണതിനുപിന്നാലെ മോഷ്ടാവും ചാടി. സംഭവസമയത്ത് കോച്ചിലെ മറ്റുയാത്രക്കാര്‍ ഉറക്കമായിരുന്നു. ശബ്ദംകേട്ട് ബാത്ത്‌റൂമില്‍നിന്ന് പുറത്തേക്കുവന്ന സഹോദരന്‍ വര്‍ഗീസ് ടിടിഇയുടെ സഹായത്തോടെ ചെയിന്‍വലിച്ച് തീവണ്ടി നിര്‍ത്തുകയായിരുന്നു. സഹോദരിയുടെ ഭര്‍ത്താവിന്‍റെ മരണാനന്തര ചടങ്ങിന് മുംബൈയിൽ പോയി തൃശ്ശൂരിലേക്ക് മടങ്ങവെയാണ് അക്രമമുണ്ടായത്. മോഷ്ടാവ് കവര്‍ന്ന ബാഗില്‍ 8000 രൂപയും മൊബൈല്‍ ഫോണും ഉണ്ടായിരുന്നു. കോഴിക്കോട് റെയില്‍വേ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.
പ്രതി ബാഗ് കൊള്ളയടിച്ച ശേഷം കോഴിക്കോട് നിന്ന് മറ്റൊരു ട്രെയിനിൽ കയറി സംസ്ഥാനത്തിന് പുറത്തേക്ക് കടന്നുവെന്ന വിവരം പോലീസിന് ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പൻവേലിൽ നിന്നും പിടിയിലായത്. ഏതാണ്ട് 35 വയസ് പ്രായം തോന്നിക്കുന്നയാളാണ് പ്രതി. ഇയാളുടെ കൃത്യമായ പേരുവിവരങ്ങൾ ലഭ്യമായിട്ടില്ല.