ഹോം നഴ്സായി വന്നു എടിഎം കാര്‍ഡും മോഷ്ടിച്ച് സ്ഥലം വിട്ടു; കാര്‍ഡിട്ട് പണമെടുത്ത് അടിച്ചു പൊളിച്ചു; കിടപ്പുരോഗിയുടെ വീട്ടില്‍ നിന്ന് പണവും എടിഎം കാര്‍ഡും മോഷ്ടിച്ച യുവതി അറസ്റ്റില്‍

ഹോം നഴ്സായി വന്നു എടിഎം കാര്‍ഡും മോഷ്ടിച്ച് സ്ഥലം വിട്ടു

Update: 2025-09-22 03:40 GMT

പത്തനംതിട്ട: കിടപ്പുരോഗിയായ സ്ത്രീയുടെ വീട്ടില്‍ നിന്നും പണവും എടിഎം കാര്‍ഡും മോഷ്ടിച്ച ഹോം നഴ്സിനെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തു. ഇലവുംതിട്ട മെഴുവേലി മൂക്കടയില്‍ പുത്തന്‍വീട്ടില്‍ രജിത (43) ആണ് പിടിയിലായത്. മൈലപ്ര സ്വദേശിനിയുടെ വീട്ടില്‍ സഹായിയായി ജോലി ചെയ്തുവരവേ ഓഗസ്റ്റ് 16 ന് പ്രതി അലമാരയില്‍ നിന്നും 5000 രൂപയും എടിഎം കാര്‍ഡും 6000 രൂപ വിലയുള്ള മാറ്റും മോഷ്ടിച്ചു കൊണ്ടു പോവുകയായിരുന്നു.

ജോലിക്ക് കയറി ഒരു ദിവസം കഴിഞ്ഞപ്പോള്‍ തന്നെ ബന്ധു മരിച്ചെന്നു പറഞ്ഞു പ്രതി സ്ഥലം വിട്ടുപോയിരുന്നു. പിന്നീട് അലമാരയില്‍ നിന്നും പണവും എടിഎം കാര്‍ഡും നഷ്ടമായതായി മനസിലാക്കിയ കിടപ്പുരോഗിയായ സ്ത്രീ 20ന് പത്തനംതിട്ട പോലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു. എസ് സി പി ഒ ജയരാജ് മൈലപ്രയിലെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി,എസ് ഐ അലോഷ്യസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

പോലീസ് ഇന്‍സ്പെക്ടര്‍ സുനുമോന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം എടിഎമ്മുകള്‍ കേന്ദ്രീകരിച്ചും സൈബര്‍ സെല്ലിന്റെ സഹായത്തോടെ ടവര്‍ ലൊക്കേഷനുകള്‍ എടുത്തും നടത്തിയ അന്വേഷണത്തില്‍ 20ന് തന്നെ പന്തളം കുളനടയില്‍ നിന്ന് പ്രതിയെ കസ്റ്റഡിയില്‍ എടുത്തു. പ്രതിയെ ചോദ്യം ചെയ്തപ്പോള്‍ പണവും വിലപിടിപ്പുള്ള മാറ്റും എടിഎം കാര്‍ഡുകളും എടുത്തുവെന്നും എടിഎം കാര്‍ഡ് ഉപയോഗിച്ച് പലതവണയായി 26000 രൂപ എടുത്തുവെന്നും സമ്മതിച്ചു.

പോലീസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ എസ് ഐ അലോഷ്യസ്, എ എസ് ഐ മാരായ ബീന,അനിതകുമാരി, എസ് സി പി ഒ ജയരാജ്, സി പി ഒ മാരായ രശ്മിമോള്‍, രശ്മി, അനൂപ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

Tags:    

Similar News