രണ്ടര ഏക്കര്‍ സ്ഥലവും ബംഗ്ലാവ് വീടും ഒറ്റദിവസംകൊണ്ട് ആരുമറിയാതെ വിറ്റ് രാത്രിതന്നെ വീടുമാറിപ്പോയത് പോലീസ് തിരിച്ചറിഞ്ഞെന്ന് മനസ്സിലാക്കി; കുണ്ടറക്കാരനെ പോലീസ് പൊക്കിയത് 23 വര്‍ഷത്തിന് ശേഷം; ഗ്യാസ് രാജേന്ദ്രനെ കുടുക്കിയ പോലീസ് കഥ

Update: 2025-05-11 04:44 GMT

ചേര്‍ത്തല: കേരളത്തിലെ വിവിധ ജില്ലകളിലായി ഒട്ടേറെ മോഷണക്കേസുകളിലും കഞ്ചാവു കേസുകളിലും പ്രതിയായ കൊല്ലം സ്വദേശി 23 വര്‍ഷത്തിനുശേഷം പോലീസ് പിടികൂടുന്നത് സാഹസിക അന്വേഷണത്തിലൂടെ. കൊല്ലം കുണ്ടറ സ്വദേശിയായ കോയമ്പത്തൂര്‍ പുതുമല്‍പേട്ട കലച്ചിക്കാട് വെയര്‍ഹൗസില്‍ ഭുവനചന്ദ്രനെ (ഗ്യാസ് രാജേന്ദ്രന്‍-56)യാണ് ചേര്‍ത്തല പോലീസ് പിടികൂടിയത്.

ഇയാളോടൊപ്പം പല കേസുകളില്‍ പലപ്പോഴായി പിടിയിലായ വിവിധ ജില്ലകളിലുള്ളവരെ കണ്ടെത്തി ചോദ്യംചെയ്തും മാസങ്ങളായി നടത്തിയ അന്വേഷണത്തിനുമൊടുവിലാണ് ഭുവനചന്ദ്രനെ കുടുക്കിയത്.ചേര്‍ത്തല എഎസ്പി ഹരീഷ് ജെയിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചിരുന്നു. ചേര്‍ത്തല പോലീസ് ഇന്‍സ്പെക്ടര്‍ ജി. അരുണ്‍, എസ്ഐ എസ്. സുരേഷ്, എഎസ്ഐ ബിജു കെ. തോമസ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പിടികിട്ടാ പുള്ളികളെ കണ്ടെത്തുകയെന്ന ഓപ്പറേഷന്റെ ഭാഗമായിരുന്നു അന്വേഷണം. സമാനമായി നിരവധി കേസുകള്‍ ആലപ്പുഴ പോലീസ് അന്വേഷിക്കുന്നുണ്ട്.

പോലീസിനെ വട്ടംകറക്കിയ ഭുവനചന്ദ്രനെ അങ്കമാലിയില്‍നിന്നാണ് പിടികൂടിയത്. 2002-ല്‍ ചേര്‍ത്തല സ്വദേശിയുടെ കാര്‍ മോഷ്ടിച്ച കേസില്‍ പിടിയിലായ ഇയാള്‍ കോടതിയില്‍നിന്നു ജാമ്യമെടുത്ത് മുങ്ങ. കോയമ്പത്തൂരില്‍ താമസിച്ചിരുന്ന ഇയാള്‍ തുടര്‍ന്ന്, കൊല്ലം പ്ലാപ്പള്ളി, തൃശ്ശൂര്‍, ശാന്തന്‍പാറ എന്നിവിടങ്ങളില്‍ മാറിമാറി താമസിച്ചു. ശാന്തന്‍പാറയില്‍ അയല്‍വാസികളോടെല്ലാം നല്ല ബന്ധം സ്ഥാപിച്ചിരുന്ന ഭുവനചന്ദ്രനെ ആരും തിരിച്ചറിഞ്ഞിരുന്നില്ല. താമസ സ്ഥലത്ത് നല്ല പിള്ളയായിരുന്നു. ദൂരസ്ഥലങ്ങളിലായിരുന്നു മോഷണമടക്കമുള്ള കുറ്റകൃത്യങ്ങള്‍ നടത്തിയിരുന്നത്.

ഇയാള്‍ രണ്ടര ഏക്കര്‍ സ്ഥലവും ബംഗ്ലാവ് വീടും ഒറ്റദിവസംകൊണ്ട് ആരുമറിയാതെ വിറ്റ് രാത്രിതന്നെ വീടുമാറിപ്പോയത് പോലീസ് കണ്ടെത്തി. ഇതാണ് നിര്‍ണ്ണായകമായത്. ഇതിന് പിന്നാലെ മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടങ്ങി. വിവിധ ജില്ലകളിലുള്ള ഭൂവനചന്ദ്രന്റെ കൂട്ടുകാരെ കണ്ടെത്തിയത് നിര്‍ണ്ണായകമായി. ഇവിരില്‍ നിന്നാണ് ഭുവനചന്ദ്രനെ കുടുക്കാനുള്ള നിര്‍ണ്ണായക വിവരങ്ങള്‍ കിട്ടിയത്.

Tags:    

Similar News