സുരക്ഷാ വീഴ്ചകളെപ്പറ്റി മുന്നറിയിപ്പ് നൽകിയിട്ടും കാര്യമായെടുത്തില്ല; നാല് വർഷമായി ബാങ്കിൽ സുരക്ഷാ ജീവനക്കാരില്ല; ജനലഴികൾ മുറിച്ച് മോഷ്ടാക്കൾ അകത്തു കയറി; എസ്‌ബിഐ ബാങ്കിൽ നിന്നും കവർന്നത് 10 കിലോയിലധികം സ്വർണവും 38 ലക്ഷം രൂപയും
ഹിന്ദുപുരം: ആന്ധ്രപ്രദേശിലെ ശ്രീ സത്യസായി ജില്ലയിലെ ഹിന്ദുപുരത്തുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) ശാഖയിൽ വൻ കവർച്ച. 10 കിലോയിലധികം സ്വർണാഭരണങ്ങളും 38 ലക്ഷം രൂപയുമാണ് അജ്ഞാതർ കൊള്ളയടിച്ചത്. തുമുകുന്ന ചെക്ക്‌പോസ്റ്റിനടുത്തുള്ള ശാഖയിലാണ് സംഭവം നടന്നത്. ബാങ്കിന്റെ പിറകുവശത്തെ ജനലഴികൾ മുറിച്ചാണ് മോഷ്ടാക്കൾ അകത്തുകടന്നത്. ബാങ്കിലെ സിസിടിവി മോഷ്ടാക്കൾ പ്രവർത്തനരഹിതമാക്കിയിരുന്നു.
ഞായറാഴ്ച്ച പുലർച്ചെ 2 മണിയോടെയാണ് ബാങ്കിൽ കവർച്ച നടന്നത്. ഒറ്റപ്പെട്ട നിലയിലിയിരുന്ന കെട്ടിടത്തിലായിരുന്നു ബാങ്ക് പ്രവർത്തിച്ചിരുന്നത്. കഴിഞ്ഞ നാല് വർഷത്തോളമായി ബാങ്കിൽ സുരക്ഷാ ഗാർഡുകൾ ഇല്ലായിരുന്നുവെന്ന് പോലീസ് പറയുന്നു. കവർച്ചയ്ക്ക് മുൻപ് മോഷ്ടാക്കൾ വൈദ്യുതി സംവിധാനങ്ങൾ വിച്ഛേദിച്ചു. തുടർന്ന് സിസിടിവി പ്രവർത്തനരഹിതമാക്കുകയും ലോക്കർ തുറക്കുകയും ചെയ്തു.
ബാങ്കിന്റെ പിറകുവശത്തെ ജനലഴികൾ മുറിച്ചാണ് മോഷ്ടാക്കൾ അകത്തുകടന്നത്. കൈകൊണ്ട് പോലും എളുപ്പത്തിൽ വളയ്ക്കാൻ കഴിയുന്ന കമ്പികളാണ് ജനാലയിലുള്ളത്. സുരക്ഷാ വീഴ്ചകളെക്കുറിച്ച് മൂന്ന് മാസം മുമ്പ് പോലീസ് ബാങ്ക് അധികൃതർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ അവർ അത് കാര്യമാക്കിയില്ലെന്നും പോലീസ് പറയുന്നു. രണ്ട് മണിക്കൂറോളമെടുത്താണ് പ്രതികൾ ബാങ്കിൽ കവർച്ച നടത്തിയതെന്നാണ് പ്രാഥമിക നിഗമനം.
ബാങ്ക് ഉദ്യോഗസ്ഥർ നൽകിയ പരാതിയെ തുടർന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഫോറൻസിക് സംഘം സംഭവസ്ഥലം പരിശോധിക്കുകയും ഉൾപ്പെട്ടവരെ തിരിച്ചറിയാൻ വിരലടയാളങ്ങളും മറ്റ് തെളിവുകളും ശേഖരിക്കുകയും ചെയ്തു. ചുറ്റുമുള്ള കെട്ടിടങ്ങളിലെയും കടകളിലെയും സിസി ടി.വി ദൃശ്യങ്ങൾ അധികൃതർ പരിശോധിച്ചുവരികയാണ്, കൂടാതെ രക്ഷപ്പെടാനുള്ള സാധ്യതയുള്ള വഴികൾ കണ്ടെത്താനുള്ള ശ്രമത്തിലാണ്. അന്വേഷണത്തിനായി ഒരു പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.