യുവതിയും യുവാവും സഞ്ചരിച്ച കാറില്‍ കാറിടിപ്പിച്ച് യുവാവിനെ സിനിമാ സ്റ്റൈലില്‍ തട്ടിക്കൊണ്ടുപോയി; യുവാവിനെ അജ്ഞാത കേന്ദ്രത്തില്‍ കൊണ്ടുപോയി മര്‍ദ്ദിച്ചു; പിന്നില്‍ സാമ്പത്തിക തര്‍ക്കം; ഹണിട്രാപ് കേസ് പ്രതിയടക്കം മൂന്ന് പേര്‍ അറസ്റ്റില്‍; മൂന്ന് കാറുകള്‍ പിടികൂടി പോലീസ്
യുവതിയും യുവാവും സഞ്ചരിച്ച കാറില്‍ കാറിടിപ്പിച്ച് യുവാവിനെ സിനിമാ സ്റ്റൈലില്‍ തട്ടിക്കൊണ്ടുപോയി
കഴക്കൂട്ടം: നടുറോഡില്‍ സിനിമാ സ്‌റ്റൈലില്‍ കാറിടിപ്പിച്ചു യുവാവിനെ തട്ടിക്കൊണ്ടു പോയി. സംഭവത്തില്‍ പോലീസ്, അന്വേഷണത്തില്‍ മൂന്ന് പ്രതികളെയും കാറുകളും കസ്റ്റഡിയിലെടുത്തു. സംഭവത്തിന് പിന്നില്‍ ഹണിട്രാപ്പ് സംഘങ്ങള്‍ക്കിടയിലെ സാമ്പത്തിക തര്‍ക്കം. കഠിനംകുളം പോലീസാണ് മൂന്ന് പേര് അറസ്റ്റു ചെയ്തത്. യുവതിയും യുവാവും സഞ്ചരിച്ച കാറില്‍ മറ്റൊരു കാറിടിപ്പിച്ച് യുവാവിനെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. ഹണിട്രാപ്പ് കേസിലെ പ്രതിയടക്കം മൂന്നുപേരാണ് പിടിയിലായത്.
നെയ്യാറ്റിന്‍കര സ്വദേശി കാര്‍ത്തിക് (24),കരുനാഗപ്പള്ളി സ്വദേശികളായ സബീര്‍ (28),റമീസ് (32) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. വെഞ്ഞാറമൂട് സ്വദേശി റാഷിദിനെയാണ് തട്ടിക്കൊണ്ടുപോയത്. ഇയാളെ പൊലീസ് സാഹസികമായി മോചിപ്പിച്ചു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് കഠിനംകുളത്തായിരുന്നു സംഭവം. റാഷിദും സുഹൃത്തായ യുവതിയും സഞ്ചരിച്ച കാറില്‍ മൂന്നംഗസംഘം കഠിനംകുളം മര്യനാടു വച്ച് കാറിടിപ്പിച്ചു. തുടര്‍ന്ന് റാഷിദിനെ സംഘം മറ്റൊരു കാറില്‍ തട്ടിക്കൊണ്ടുപോയി. സാമ്പത്തിക തര്‍ക്കമാണ് പിന്നിലെന്നാണ് നിഗമനം.
ഒപ്പമുണ്ടായിരുന്ന ഇടുക്കി സ്വദേശിയായ യുവതിയാണ് കഠിനംകുളം പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. ഇതേ തുടര്‍ന്നായിരുന്നു അന്വേഷണം. കാറും മൊബൈല്‍ നമ്പറുകളും കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തിയെങ്കിലും ഇവരെ കണ്ടെത്താന്‍ കഴിഞ്ഞില്ല.അതിനിടെ, വാഹനങ്ങള്‍ മാറ്റി സഞ്ചരിച്ച സംഘം യുവാവിനെ അജ്ഞാത കേന്ദ്രത്തില്‍ കൊണ്ടുപോയി മര്‍ദ്ദിച്ചു.ഇവര്‍ തിരികെ വെഞ്ഞാറമൂട് ഭാഗത്തേക്ക് വരുന്നതായി ഇന്നലെ വിവരം ലഭിച്ച പൊലീസ്,കിളിമാനൂരില്‍ വച്ച് പിന്തുടര്‍ന്നു. തുടര്‍ന്ന് കാര്‍ തടഞ്ഞാണ് റാഷിദിനെ മോചിപ്പിച്ചത്. അതിനിടെ, മുഖ്യപ്രതിയും നേരത്തെ ഹണിട്രാപ്പ് കേസിലടക്കം അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ കാര്‍ത്തിക് കാറില്‍ നിന്നിറങ്ങി ഓടി രക്ഷപ്പെട്ടു.
ഇയാളെ കഴക്കൂട്ടത്തു നിന്നാണ് പിന്നീട് പിടികൂടിയത്. തട്ടിക്കൊണ്ടുപോയ യുവാവിനെയും കാറിലുണ്ടായിരുന്നവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ മേയില്‍ കഴക്കൂട്ടത്ത് ഹണിട്രാപ്പിലൂടെ യുവാവിനെ വിളിച്ചുവരുത്തി ആഡംബര കാറും സ്വര്‍ണവും തട്ടിയെടുത്തത് ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് കാര്‍ത്തിക്. തട്ടിക്കൊണ്ടു പോകാന്‍ ഉപയോഗിച്ച മൂന്ന് കാറുകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. തട്ടിക്കൊണ്ടുപോയ സംഘത്തിലെ മറ്റുള്ളവരെക്കുറിച്ച് അന്വേഷണം നടന്നുവരുന്നതായി കഠിനംകുളം പൊലീസ് പറഞ്ഞു.