കണ്ടെയ്‌നര്‍ കസ്റ്റഡിയില്‍ എടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോകുമ്പോള്‍ ഉള്ളില്‍ എന്തോ ഉണ്ടെന്ന് സംശയം; ഭാരം ഉള്ള വസ്തു ഇടിക്കുന്ന പോലെ; തുറന്നതോടെ ഉള്ളിലെ ക്രെറ്റ കാറില്‍ നിന്ന് പുറത്തേക്ക് ഓടി രണ്ടുപേര്‍; നാമക്കലില്‍ സംഭവിച്ചത് വിവരിച്ച് ഡിഐജി
നാമക്കലില്‍ സംഭവിച്ചത് വിവരിച്ച് ഡിഐജി
സേലം: ത്രില്ലര്‍ സിനിമിയിലെ പോലെ 30 ബൈക്കുകളില്‍ കുറ്റവാളിയെ ചെയ്‌സ് ചെയ്ത് തമിഴ്‌നാട് പൊലീസ്. നാമക്കല്‍ ജില്ലയില്‍, കുമാരപാളയത്തിന് അടുത്ത് സേലം- കൊച്ചി ദേശീയ പാതയിലെ അഞ്ചുകിലോമീറ്ററിലായിരുന്നു അമ്പരിപ്പിക്കുന്ന സിനിമ സ്റ്റൈല്‍ ചേസ്. രക്ഷപ്പെടാന്‍ കിണഞ്ഞുശ്രമിക്കുന്നതിനിടെ, പല വാഹനങ്ങളെയും കൊള്ളസംഘം സഞ്ചരിച്ച കണ്ടെയ്‌നര്‍ തട്ടി.
തൃശൂരിലെ മൂന്ന് എടിഎം സെന്ററുകളില്‍ നിന്ന് തട്ടിയ പണവുമായി കാര്‍ കണ്ടെയ്‌നറിലേക്ക് ഓടിച്ചുകയറ്റിയാണ് പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചത്. നാമക്കലില്‍ വച്ചുണ്ടായ ഒരു അപകടം സംഘത്തെ കുടുക്കി. പൊലീസ് ആപത്ത് മണത്തു. പ്രതികള്‍ ഹരിയാനക്കാരാണെന്ന് സേലം മേഖല ഡിഐജി ഇ എസ് ഉമ അറിയിച്ചു. വാഹന പരിശോധന വെട്ടിച്ച് പാഞ്ഞ കണ്ടെയ്‌നര്‍ നിരവധി വാഹനങ്ങള്‍ ഇടിച്ച് തെറിപ്പിച്ചാണ് മുന്നോട്ട് പോയത്. പിടിയിലായ ശേഷവും രക്ഷപ്പെടാന്‍ ശ്രമം നടത്തിയ പ്രതികള്‍ക്കെതിരെ പൊലീസിനെ ആക്രമിച്ചതിന് അടക്കം കേസെടുക്കുമെന്ന് ഡിഐജി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
രാവിലെ കേരളാ പോലീസില്‍ നിന്ന് വിവരം കിട്ടിയപ്പോള്‍ വിവിധ സംഘങ്ങളായി പരിശോധന തുടങ്ങി. കണ്ടെയ്‌നര്‍ ലോറിയിലാണ് പ്രതികള്‍ എന്ന വിവരം 8:45ന് ലഭിച്ചു. തുടര്‍ന്ന് കുമാരപാളയം ജംഗ്ഷന്‍ ബൈപാസില്‍ വച്ച് പൊലീസ് സംഘം വാഹനം കൈ കാണിച്ച് നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും വേഗത്തില്‍ മുന്നോട്ട് പോയി. പിന്തുടര്‍ന്നപ്പോള്‍ അടുത്ത ടോള്‍ ഗേറ്റിന് അടുത്ത് വച്ച് ലോറി തിരിച്ച് അടുത്ത വഴിയിലേക്ക് പോകാന്‍ ശ്രമിച്ചു. ഇതിനിടെ നിരവധി വാഹനങ്ങള്‍ ഇടിച്ചു തെറിപ്പിച്ചുവെന്നും ഡിഐജി പറയുന്നു.
പിന്തുടര്‍ന്ന് പോയ പൊലീസ് 10:45ന് സന്യാസിപ്പെട്ടിയില്‍ വച്ച് വാഹനം നിര്‍ത്തി ഡ്രൈവറെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. കണ്ടെയ്‌നറില്‍ മുന്നില്‍ നാല് പേര്‍ ഇരിക്കുന്നുണ്ടായിരുന്നു. അവരെയും കസ്റ്റഡിയില്‍ എടുത്ത് പൊലീസ് സ്റ്റേഷനിലേക്ക് യാത്ര തിരിച്ചു. വഴിയില്‍ വച്ച് ലോറിയുടെ ഉള്ളില്‍ എന്തോ ഉണ്ടെന്ന് സംശയം തോന്നി. ഭാരം ഉള്ള വസ്തു ഇടിക്കുന്ന പോലെ തോന്നി. അതിനാല്‍ ലോറി നിര്‍ത്തി തുറന്നു പരിശോധിക്കാന്‍ ശ്രമിച്ചു. അപ്പോഴാണ് അകത്ത് കാറും 2 പേരും ഉണ്ടെന്ന് കണ്ടതെന്നും ഡിഐജി പറഞ്ഞു.
എന്നാല്‍ കണ്ടെയ്‌നര്‍ തുറന്നതും ഉള്ളിലുണ്ടായിരുന്നവര്‍ പുറത്തേക്ക് ഓടാന്‍ ശ്രമിച്ചു. ഇതോടെ അവരെ കീഴ്‌പ്പെടുത്തി. ഇതിനിടയിലാണ് ഡ്രൈവര്‍ ഇന്‍സ്പെക്ടറെ ആക്രമിച്ച് രക്ഷപെടാന്‍ ശ്രമിച്ചത്. അയാളെ വെടി വച്ച് വീഴ്‌ത്തേണ്ടി വന്നുവെന്നും ഡിഐജി പറഞ്ഞു. ക്രെറ്റ കാര്‍ കേരളത്തില്‍ വച്ച് തന്നെ കണ്ടെയ്‌നറിന്റെ ഉള്ളില്‍ കയറ്റി. ഇതിനകത്ത് നിരവധി വ്യാജ നമ്പര്‍ പ്ലേറ്റുകളും കണ്ടെത്തി.
പിടിയിലായവരില്‍ ഏഴ് പ്രതികള്‍ ഹരിയാന സ്വദേശികളാണെന്ന് വ്യക്തമായി. അഞ്ച് പേര്‍ പള്‍വാര്‍ ജില്ലക്കാരാണെന്നും രണ്ട് പേര്‍ നൂഹ് ജില്ലക്കാരാണെന്നും പൊലീസ് പറഞ്ഞു. എസ്ബിഐ എടിഎമ്മില്‍ പണം ഇടക്കിടെ നിറയ്ക്കുമെന്ന് കരുതിയാണ് പ്രതികള്‍ ഇവ ലക്ഷ്യമിട്ടത്. ഗൂഗിള്‍ മാപ്പ് നോക്കിയാണ് എടിഎം കണ്ടെത്തിയത്. നൂഹ് ജില്ലകാര്‍ അടുത്തിടെ കൃഷ്ണഗിരി ജില്ലയില്‍ എടിഎം മോഷണം നടത്തിയിട്ടുണ്ട്. പ്രതികളുടെ പക്കല്‍ നിന്നും പിടികൂടിയ പണം എണ്ണിത്തിട്ടപ്പെടുത്തിയില്ല. പോലീസുകാരെ ആക്രമിച്ചതിലും വാഹനങ്ങള്‍ ഇടിച്ചു തകര്‍ത്തതിലും അടക്കം തമിഴ്‌നാട്ടില്‍ കേസ് എടുക്കുന്നുണ്ട്. അതിന്റെ നടപടി കൂടി കഴിഞ്ഞ് കേരള പൊലീസിന് കൈമാറും. പരിക്കേറ്റ ആള്‍ ആശുപത്രിയില്‍ തുടരുകയാണ്. മറ്റുള്ളവരെ ചോദ്യം ചെയ്യുമെന്നും ഡിഐജി പറഞ്ഞു.
എടിഎമ്മില്‍ നിന്ന് തട്ടിയെടുത്ത 65 ലക്ഷം രൂപ കൊള്ളക്കാരില്‍ നിന്ന് പിടിച്ചെടുത്തു. എടിഎം കൊള്ളയ്ക്കായി കാറിലാണ് സംഘമെത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. കവര്‍ച്ചയ്ക്ക് ശേഷം ദേശീയപാതയിലേക്ക് കടന്ന് കാറും പണവും ഉള്‍പ്പെടെ കണ്ടെയ്‌നറിലേക്ക് മാറ്റുകയായിരുന്നു. എന്തായാലും കണ്ടെയ്നര്‍, റോഡില്‍ അപകടത്തില്‍ പെട്ടതോടെ കൊള്ളസംഘത്തിന്റെ രക്ഷപ്പെടല്‍ പദ്ധതി പൊളിഞ്ഞു.
നേരത്തെ കണ്ണൂര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ കൊള്ള നടത്തിയ സംഘമാണ് ഇപ്പോള്‍ പിടിലായതെന്ന് പൊലീസ് പറയുന്നു. ഏറ്റുമുട്ടലില്‍ ഇന്‍സ്പെക്ടര്‍ തവമണി, രഞ്ജിത്ത് കുമാര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. കൊള്ളസംഘത്തില്‍ ആറ് പേരാണ് ഉണ്ടായിരുന്നതെന്നും എല്ലാവരും ഹരിയാന സ്വദേശികളാണെന്നും പൊലീസ് അറിയിച്ചു. കവര്‍ച്ച സംഘത്തിന്റെ കയ്യില്‍ തോക്കും ഉണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു.
ഹരിയാണ-രാജസ്ഥാന്‍ അതിര്‍ത്തിയിലെ നൂഹ് ജില്ലയില്‍ നിന്നുള്ളവരാണ് പ്രതികള്‍. സ്ഥിരമായി എ.ടി.എമ്മുകള്‍ കൊള്ളയടിക്കുന്നതാണ് സംഘത്തിന്റെ രീതി. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് എ.ടി.എം. മെഷീന്‍ തകര്‍ത്ത് പണം കൊള്ളയടിക്കുന്നതാണ് ഇവരുടെ പതിവ്. കണ്ടെയ്‌നര്‍ ലോറിയില്‍ തന്നെയാണ് ഇവര്‍ മുമ്പും രക്ഷപ്പെട്ടിരുന്നത്.
പൊലീസുകാര്‍ പൊലും ഉറങ്ങിപ്പോവുന്ന സമയത്ത് കൊള്ള
തൃശൂര്‍ മാപ്രാണം, കോലഴി, ഷൊര്‍ണൂര്‍ റോഡ് എന്നിവിടങ്ങളിലെ എസ്ബിഐ എടിഎമ്മുകളിലാണ് കവര്‍ച്ച നടന്നത്. മാപ്രാണത്തെ എടിഎമ്മില്‍ നിന്ന് 30 ലക്ഷം രൂപയും കോലഴിയിലെ എടിഎമ്മില്‍ നിന്ന് 25 ലക്ഷം രൂപയും ഷൊര്‍ണൂരിലെ എടിഎമ്മില്‍ നിന്ന് റോഡ് 9.5 ലക്ഷം രൂപയും നഷ്ടപ്പെട്ടു എന്നാണ് പൊലീസിന് ലഭിച്ച വിവരം. പുലര്‍ച്ചെ 2.30 നും 4 മണിക്കും മധ്യേ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് എടിഎം തകര്‍ത്തായിരുന്നു കവര്‍ച്ച. സി.സി.ടി.വി. ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും ജില്ലാ അതിര്‍ത്തികളില്‍ കര്‍ശന പരിശോധന നടത്തിയും കേരളാ പോലീസ് ഊര്‍ജ്ജിതമായി അന്വേഷണം നടത്തുന്നതിനിടെയാണ് പ്രതികള്‍ തമിഴ്‌നാട് പൊലീസിന്റെ പിടിയിലാകുന്നത്.
മൂന്ന് വ്യത്യസ്ത പോലീസ് സ്റ്റേഷന്‍ പരിധികളിലെ മൂന്ന് എ.ടി.എമ്മുകള്‍ തിരഞ്ഞെടുത്തത് ആസൂത്രിത്രമായാണെന്ന് കരുതണം. ആശയക്കുഴപ്പം സൃഷ്ടിച്ചത് കൂടാതെ സി സി ടി വി ക്യാമറകള്‍ ഇല്ലാത്ത എ.ടി.എമ്മുകളായിരുന്നു മൂന്നും എന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ ദിവസം പണം നിറച്ച എ.ടി.എമ്മുകള്‍ തിരക്ക് കുറഞ്ഞ ഇടത്തായത് കൊണ്ട് ആളുകള്‍ പണം അധികം പിന്‍വലിച്ചിരുന്നുമില്ല. പുലര്‍ച്ചെ മൂന്നുമണി തിരഞ്ഞെടുത്തത് പൊലീസുകാരുടെ ശ്രദ്ധ കുറയുന്ന സമയം നോക്കിയായിരുന്നു.
എടിഎം തകര്‍ക്കുമ്പോള്‍ സുരക്ഷാ അലാറം മുഴങ്ങിയതിന് ശേഷം പൊലീസ് എത്താന്‍ എടുക്കുന്ന സമയം കൂടി കണക്കാക്കി അതിവേഗത്തിലായിരുന്നു ഗ്യാസ് കട്ടര്‍ ഉപയോഗിച്ചുള്ള കവര്‍ച്ച. ഒരു എടിഎമ്മില്‍ നിന്ന് പത്ത് മിനിറ്റിനുള്ളില്‍ പണം എടുത്ത് അടുത്ത എ.ടി.എമ്മിലെത്തുന്ന രീതിയാണ് ഇവര്‍ പിന്തുടര്‍ന്നത്. പ്രതികള്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച എസ്.കെ. ലോജിസ്റ്റിക്സ് എന്ന കമ്പനിയുടെ കണ്ടെയ്‌നര്‍ ലോറി ഈ ലോറി മോഷ്ടിച്ചതാവാനും തരമുണ്ട്.