റോഡിലൂടെ പോയ സ്ത്രീയുടെ കണ്ണില്‍ മുളകുപൊടിയെറിഞ്ഞശേഷം മാല പൊട്ടിച്ചെടുക്കാന്‍ ശ്രമം; എത്തിയത് ആഡംബര കാറില്‍; മുളകുപൊടി കണ്ണില്‍ വീഴാതിരുന്നത് രക്ഷയായി; പിന്നാലെ കാര്‍ ഓടിച്ച് രക്ഷപ്പെട്ടു; പരാതി നല്‍കിയതിനെ തുടര്‍ന്ന് അന്വേഷണം; അന്വേഷണത്തിനൊടുവില്‍ പോലീസ് പ്രതികളെ കണ്ടെത്തി; അറസ്റ്റ്
ആറ്റിങ്ങല്‍: വീട്ടിലേക്ക് നടന്ന് പോകുകയായിരുന്ന സ്ത്രീയുടെ കണ്ണിൽ മുളകുപൊടി എറിയുകയും മാലപൊട്ടിച്ച് കവരാൻ ശ്രമിക്കുകയും ചെയ്ത യുവതിയെയും സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം സ്വദേശി ലക്ഷ്മി (26)യും സുഹൃത്ത് സാലു (26)യുമാണ് പിടിയിലായത്. കൊല്ലം ഈസ്റ്റ് വില്ലേജ് പുള്ളിക്കട വടക്കുംഭാഗം പുതുവല്‍ പുരയിടത്തില്‍നിന്ന് മയ്യനാട് ധവളക്കുഴി സുനാമി ഫ്‌ളാറ്റില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു.
ആഡംബര കാറിലെത്തിയാണ് ഇരുവരും പിടിച്ചുപറിശ്രമം നടത്തിയത്. സംഭവസ്ഥലത്തുനിന്നും രക്ഷപ്പെട്ട പ്രതികളെ സി.സി.ടി.വി.ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച രാവിലെ 10-ഓടെ അവനവഞ്ചേരി പോയിന്റുമുക്ക് ജങ്ഷനിലാണ് സംഭവം. ചന്തയില്‍നിന്ന് സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് നടന്നുപോയ മോളി(54)യുടെ മാലയാണ് പൊട്ടിച്ചെടുക്കാന്‍ ശ്രമിച്ചത്. മോളിയുടെ അടുത്ത് കാര്‍ നിര്‍ത്തിയശേഷം പുറത്തിറങ്ങിയ ലക്ഷ്മി ആറ്റിങ്ങലിലേക്ക് പോകുന്ന വഴി അന്വേഷിച്ചു. ഇതിനിടെ കൈയില്‍ കരുതിയിരുന്ന മുളകുപൊടി മോളിയുടെ കണ്ണിലേക്കെറിഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ചു.
എന്നാല്‍ മുളകുപൊടി ലക്ഷ്മിയുടെ കണ്ണിലും വീണതിനാല്‍ മാലപൊട്ടിക്കാന്‍ കഴിഞ്ഞില്ല. ലക്ഷ്മി കാറില്‍ കയറിയ ഉടന്‍ കാര്‍ ആറ്റിങ്ങല്‍ ഭാഗത്തേക്ക് ഓടിച്ചുപോയി. പരാതി ലഭിച്ചതിനെത്തുടര്‍ന്ന് പോലീസ് പ്രദേശത്തെ സി.സി.ടി.വി.ദൃശ്യങ്ങള്‍ ശേഖരിച്ച് കാര്‍ തിരിച്ചറിഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കാറുടമയെ കണ്ടെത്തുകയും അയാളില്‍നിന്ന് പ്രതികളിലേക്കെത്തുകയുമായിരുന്നു. ലക്ഷ്മിയുടെ അമ്മ ഒമാനിലാണ്. ഇവരുടെ സാമ്പത്തികബാധ്യതതീര്‍ക്കാനാണ് കവര്‍ച്ച ആസൂത്രണം ചെയ്തതെന്ന് പോലീസ് പറഞ്ഞു.
അറസ്റ്റിലായ സാലുവിന്റെ പേരില്‍ നിരവധി കേസുകള്‍ നിലവിലുണ്ട്.ആറ്റിങ്ങല്‍ ഡിവൈഎസ്പി മഞ്ജുലാലിന്റെ നിര്‍ദേശപ്രകാരം എസ്എച്ച്ഒ ജി. ഗോപകുമാറിന്റെ നേതൃത്വത്തില്‍ എസ്‌ഐമാരായ എം.എസ്.ജിഷ്ണു, ഉത്തരേന്ദ്രനാഥ്, എഎസ്‌ഐമാരായ ജിഹാനില്‍ ഹക്കീം, എം.എസ്.രേഖ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.ആക്രമണത്തിനുപയോഗിച്ച വാഹനവും മുളകുപൊടിയും കണ്ടെടുത്തിട്ടുണ്ട്.