വ്യാജരേഖയുണ്ടാക്കി 16- കാരിയെ വിവാഹം ചെയ്തത് 40കാരന്‍; നവവരനും ഇടനിലക്കാരനും അറസ്റ്റില്‍; കുട്ടിയുടെ മാതാപിതാക്കള്‍ക്കുള്ള അജ്ഞത മുതലെടുത്ത് തട്ടിപ്പു നടത്തിയതത് വടകര സ്വദേശി
വടകരയിലെ ഒരു ക്ഷേത്രത്തില്‍വെച്ചാണ് പെണ്‍കുട്ടിയുടെ വിവാഹം നടന്നത്
മാനന്തവാടി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വ്യാജരേഖയുണ്ടാക്കി വിവാഹം കഴിപ്പിക്കാന്‍ ഇടനിലനിന്നയാളും നവവരനും അറസ്റ്റില്‍. വയനാട് സ്വദേശിനിയായ പെണ്‍കുട്ടിയെ വിവാഹം ചെയ്ത വടകര സ്വദേശിയാണ് അറസ്റ്റിലായത്. വടകര പുതിയാപ്പ് കുയ്യടിയില്‍ വീട്ടില്‍ കെ. സുജിത്ത് (40), ഇടനിലക്കാരന്‍ പൊഴുതന അച്ചൂരാനം കാടംകോട്ടില്‍ വീട്ടില്‍ കെ.സി. സുനില്‍കുമാര്‍ (36) എന്നിവരെയാണ് മാനന്തവാടി സ്‌പെഷ്യല്‍ മൊബൈല്‍ സ്‌ക്വാഡ് ഡിവൈ.എസ്.പി. എം.എം. അബ്ദുള്‍ കരീമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റുചെയ്തത്.
2024 ജനുവരിയില്‍ വടകരയിലെ ഒരു ക്ഷേത്രത്തില്‍വെച്ചാണ് പെണ്‍കുട്ടിയുടെ വിവാഹം നടന്നത്. വിവാഹ ഇടനിലക്കാരനായി എഴുപതിനായിരം രൂപ കൈപ്പറ്റിയ സുനില്‍, കുട്ടിയുടെ ആധാര്‍കാര്‍ഡിന്റെ പകര്‍പ്പ് തിരുത്തിയാണ് തട്ടിപ്പുനടത്തിയത്. നിയമത്തില്‍ കുട്ടിയുടെ മാതാപിതാക്കള്‍ക്കുള്ള അജ്ഞത മുതലെടുത്താണ് സുനില്‍ തട്ടിപ്പുനടത്തിയത്.
കുട്ടിക്ക് പ്രായപൂര്‍ത്തിയായില്ല എന്നറിഞ്ഞിട്ടും വിവാഹംചെയ്തതിനാലാണ് സുജിത്തിനെ പോലീസ് ഒന്നാംപ്രതി ചേര്‍ത്തത്. വെള്ളിയാഴ്ച മീനങ്ങാടി പോലീസ് രജിസ്റ്റര്‍ചെയ്ത കേസ് ശനിയാഴ്ചയാണ് എസ്.എം.എസിന് കൈമാറിയത്. സുജിത്തിനെ ശനിയാഴ്ചതന്നെ പോലീസ് അറസ്റ്റുചെയ്തിരുന്നു. ഞായറാഴ്ചയാണ് സുനിലിന്റെ അറസ്റ്റുരേഖപ്പെടുത്തിയത്. ഇരുവരെയും സുല്‍ത്താന്‍ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് റിമാന്‍ഡ് ചെയ്തു.
പട്ടികവര്‍ഗവിഭാഗത്തില്‍പ്പെട്ട പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ വിവാഹംചെയ്യുന്നതുമായി ബന്ധപ്പെട്ട് മുന്‍പ് ഒട്ടേറെ കേസുകളുണ്ടായിരുന്നെങ്കിലും വിവാഹത്തിനു കൂട്ടുനിന്നതിന് ഇടനിലക്കാരന്‍ അറസ്റ്റിലായ സംഭവം മുന്‍പ് ഉണ്ടായിട്ടില്ല. പ്രായമേറിയിട്ടും വിവാഹം കഴിക്കാന്‍ സാധിക്കാതെ വരുന്ന ഇതരജില്ലകളില്‍പ്പെട്ടവരെ ചില ഇടനിലക്കാര്‍ മുതലെടുക്കുന്നതായി പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ജാഗ്രതാ നടപടികളുടെ ഭാഗം കൂടിയാണ് പോലീസിന്റെ ഇപ്പോഴത്തെ ഇടപെടല്‍.
പട്ടികവര്‍ഗത്തില്‍പ്പെട്ടവരുടെ അജ്ഞത മറയാക്കി പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ ജില്ലയ്ക്കകത്തും പുറത്തും വിവാഹവും പുനര്‍വിവാഹം നടത്തിക്കൊടുക്കുന്നതിനുപിന്നില്‍ പ്രവര്‍ത്തിക്കുന്ന ഇടനിലസംഘത്തെക്കുറിച്ച് അന്വേഷണം നടത്തിവരുകയാണെന്നും ശക്തമായ നടപടിയുണ്ടാവുമെന്നും പോലീസ് പറഞ്ഞു.