'അവൻ എനിക്ക് മകനെ പോലെ..'എന്ന് പറഞ്ഞിട്ടും അവർ കേട്ടില്ല; പിറകെ നടന്ന് അപവാദങ്ങൾ പരത്തി പരസ്യമായി ക്രൂശിച്ചു; പുറത്തിറങ്ങാൻ പോലും കഴിയാത്ത അവസ്ഥ; ഒടുവിൽ ഒരേ ഓഫീസിൽ ജോലി ചെയ്യവേ ആ രണ്ടുപേരുടെ കടുംകൈ; കഥയിലെ വില്ലന്മാരെ കണ്ട് പോലീസിന് ഞെട്ടൽ

Update: 2025-11-28 08:13 GMT

ഭോപ്പാൽ: മധ്യപ്രദേശിലെ ബേതുൽ ജില്ലയിൽ  സഹപ്രവർത്തകരുടെ അപവാദപ്രചാരണത്തെത്തുടർന്ന് രണ്ട് സർക്കാർ ജീവനക്കാർ ജീവനൊടുക്കി. ബേതുൽ നഗർ പരിഷത്തിലെ ക്ലർക്കായ രജനി ദുണ്ഡെല (48), വാട്ടർ അതോറിറ്റി ജീവനക്കാരനായ മിഥുൻ (29) എന്നിവരാണ് ദാരുണമായി മരിച്ചത്. ഇരുവരുടെയും മൃതദേഹം ബയവാഡി ഗ്രാമത്തിലെ കിണറ്റിൽ നിന്നുമാണ് കണ്ടെത്തിയത്.

മിഥുനും രജനിയും രാത്രിയായിട്ടും വീട്ടിൽ തിരിച്ചെത്താതിരുന്നതോടെ നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മിഥുൻ്റെ മൊബൈൽ ഫോൺ ലൊക്കേഷൻ ട്രാക്ക് ചെയ്ത് പോലീസ് സംഘം കിണറിനരികിൽ എത്തുകയായിരുന്നു. കിണറിന് സമീപത്തുനിന്ന് മിഥുൻ്റെ മൊബൈൽ ഫോണും ബൈക്കും ചെരിപ്പുകളും കണ്ടെത്തി. തുടർന്ന് കിണറ്റിൽ നടത്തിയ പരിശോധനയിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്താനായത്.

മൃതദേഹങ്ങൾ കണ്ടെത്തിയതിന് പിന്നാലെ പോലീസ് ഇരുവരുടെയും വീടുകളിൽ പരിശോധന നടത്തി. രജനിയുടെ വീട്ടിൽ നിന്നും സഹപ്രവർത്തകർക്ക് എതിരായ ഗുരുതര ആരോപണങ്ങളുള്ള ഒരു കുറിപ്പ് കണ്ടെത്തി. ഈ കുറിപ്പിലാണ് ഇരുവരും ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമാക്കിയത്.

മിഥുൻ തനിക്ക് മകനെപ്പോലെയാണ് എന്നും എന്നാൽ ഇരുവരും തമ്മിൽ വഴിവിട്ട ബന്ധമുണ്ടെന്ന് സഹപ്രവർത്തകർ പ്രചരിപ്പിച്ചെന്നും കുറിപ്പിൽ പറയുന്നു. സഹപ്രവർത്തകരുടെ ഈ അപവാദ പ്രചാരണം കാരണം തങ്ങൾ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു എന്നും, ഇതാണ് ഈ കടുംകൈ ചെയ്യാൻ പ്രേരിപ്പിച്ചതെന്നും രജനി കുറിപ്പിലൂടെ ലോകത്തോട് പറഞ്ഞു. രജനിയും മിഥുനും ഒരേ ഓഫീസിലാണ് ജോലി ചെയ്തിരുന്നത്. രജനിയുടെ ആത്മഹത്യാ കുറിപ്പിൽ അഞ്ച് സഹപ്രവർത്തകരുടെ പേരുകളും എടുത്തുപറഞ്ഞിട്ടുണ്ട്.

രജനി കുറിപ്പിൽ പരാമർശിച്ചവരെ ചോദ്യം ചെയ്യുമെന്ന് എസ്ഡിഒപി സുനിൽ ലത അറിയിച്ചു. സംഭവത്തിൻ്റെ കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി രണ്ട് പേരുടെയും ഫോൺ രേഖകൾ വിശദമായി പരിശോധിക്കുമെന്നും പോലീസ് വ്യക്തമാക്കി.

രജനിയുടെ ഭർത്താവ് നേരത്തെ മരിച്ചുപോയതാണ്. ഇവർക്ക് ഒരു മകനും രണ്ട് പെൺമക്കളുമുണ്ട്. മകൻ്റെ വിവാഹം ഉടൻ നടക്കാനിരിക്കെയാണ് ഈ ദാരുണമായ സംഭവം ഉണ്ടായിരിക്കുന്നത്. കുടുംബത്തിൻ്റെ സന്തോഷകരമായ നിമിഷങ്ങൾക്കുവേണ്ടി കാത്തിരുന്ന വേളയിലാണ് ഈ ആകസ്മിക വേർപാട്.

അപവാദ പ്രചാരണത്തിലൂടെ ഉണ്ടായ മാനസിക സമ്മർദ്ദം ജീവനുകൾ കവർന്നെടുത്ത ഈ സംഭവം സമൂഹത്തിൽ വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്. അപവാദങ്ങൾ പ്രചരിപ്പിച്ച് ഒരു വ്യക്തിയുടെ മാനസികാരോഗ്യത്തെ തകർക്കുന്നത് എത്രത്തോളം അപകടകരമാണെന്ന് ഈ സംഭവം ഓർമ്മിപ്പിക്കുന്നു.

Tags:    

Similar News