എംഡിഎംഎ വില്‍ക്കുന്നത് സ്‌കൂളുകള്‍ കോളേജുകള്‍ ലക്ഷ്യമിട്ട്; ബെംഗളൂരുവില്‍നിന്ന് കാറില്‍ കടത്താന്‍ ശ്രമിച്ച 78.84 ഗ്രാം എംഡിഎംഎയുമായി രണ്ട് പേര്‍ പിടിയില്‍: ലഹരിമരുന്ന് വിറ്റ് കിട്ടുന്ന പൈസ കൊണ്ട് ആഡംബരജീവിതം

Update: 2025-05-19 03:23 GMT

കുന്ദമംഗലം: വില്‍പ്പനയ്ക്ക് കൊണ്ടുവന്ന 78.84 ഗ്രാം എംഡിഎംഎയുമായി രണ്ടു യുവാക്കള്‍ പോലീസിന്റെ പിടിയിലായി. മലപ്പുറം വാഴയൂര്‍ മാടഞ്ചേരിയിലെ മുഹമ്മദ് റാഫി (21), പൊക്കുന്ന് കിണാശ്ശേരി കോലഞ്ചിറയിലെ മുഹമ്മദ് ഇബാന്‍ (22) എന്നിവരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. ഡാന്‍സാഫ് വിഭാഗം അസിസ്റ്റന്റ് കമ്മിഷണറുടെ അധിക ചുമതലയുള്ള ബാലചന്ദ്രന്റെയും മെഡിക്കല്‍ കോളേജ് അസിസ്റ്റന്റ് കമ്മിഷണര്‍ ഉമേഷ് എന്നിവരുടെ നേതൃത്വത്തില്‍ കുന്ദമംഗലം എസ്.ഐ എ. നിധിന്‍ ഓവുങ്ങരയില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.

ബെംഗളൂരുവില്‍നിന്ന് കാറില്‍ എംഡിഎംഎ ഒളിപ്പിച്ചു കൊണ്ടുവന്ന പ്രതികള്‍ വാഹനം പിന്‍സീറ്റില്‍ ഇടതുവശത്ത് ഘടിപ്പിച്ച മാഗ്‌നറ്റിക് ബോക്‌സില്‍ പ്ലാസ്റ്റിക് കവറില്‍ രാസലഹരി സൂക്ഷിച്ച നിലയിലായിരുന്നു. ശ്രദ്ധാപൂര്‍വമായ പരിശോധനയിലാണ് അവ കണ്ടെത്തിയത്. പ്രതികളില്‍ നിന്ന് ഒരു മൊബൈല്‍ ഫോണും പൊലീസ് പിടിച്ചെടുത്തു.

ലഹരിമാഫിയാ വന്‍ നെറ്റ് വര്‍ക്കിന്റെ ഭാഗമായി ജില്ലയിലെയും സമീപ പ്രദേശങ്ങളിലെയും സ്‌കൂളുകള്‍, കോളേജുകള്‍, യുവജനങ്ങള്‍, പ്രവാസിതൊഴിലാളികള്‍ തുടങ്ങിയവരിലേക്കാണ് ഇവര്‍ ലഹരി വിതരണം നടത്തിയത്. ഇതിലൂടെ ലഭിച്ച വരുമാനം ഉപയോഗിച്ച് പ്രതികള്‍ ആഡംബരജീവിതം നയിച്ചു വന്നിരുന്നതായും പൊലീസ് വ്യക്തമാക്കി.

പരാതിയില്‍ തുടര്‍നടപടികള്‍ ശക്തമാക്കുന്നതിനായി കൂടുതല്‍ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഡാന്‍സാഫ് എസ്‌ഐ മനോജ് എളയേടത്ത്, സുനോജ് കാരയില്‍, പി.കെ. സരുണ്‍കുമാര്‍, കുന്ദമംഗലം എസ്ഐ ഹാഷിഷ്, എസിപിഒ വിജേഷ്, സിപിഒ ബിബിന്‍ പ്രകാശ് എന്നിവരടങ്ങുന്ന അന്വേഷണസംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡില്‍ വിട്ടു.

Tags:    

Similar News