പത്ത് മാസത്തെ അന്വേഷണത്തിനൊടുവില്‍ ആ കാര്‍ കണ്ടെത്തി പോലിസ്; കാര്‍ നന്നാക്കിയ ശേഷം ഇന്‍ഷുറന്‍സ് തുക നേടി ദുബായിലേക്ക് കടന്ന് ഷെജില്‍: നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യാനുള്ള നീക്കം തുടങ്ങി: ആ ഒന്‍പതു വയസ്സുകാരി ഇപ്പോഴും അബോധാവസ്ഥയില്‍
പത്ത് മാസത്തെ അന്വേഷണത്തിനൊടുവില്‍ ആ കാര്‍ കണ്ടെത്തി പോലിസ്
വടകര: പത്ത് മാസത്തെ വിദഗ്ദ അന്വേഷണത്തിന് ഒടുവില്‍ മുത്തശ്ശിയുടെ മരണത്തിന് ഇടയാക്കുകയും ഒന്‍പത് വയസ്സുകാരിയെ അബോധാവസ്ഥയിലാക്കുകയും ചെയ്ത അപകടമുണ്ടാക്കിയ കാര്‍ കണ്ടെത്തി പോലിസ്. വീടുകള്‍ കയറി ഇറങ്ങിയും ഫോണ്‍കോളുകള്‍ പരിശോധിച്ചും രാപകലില്ലാതെ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പോലിസ് പ്രതിയെ കണ്ടെത്തിയത്. പുറമേരി മീത്തലെ പുനത്തില്‍ ഷെജീലി (35) ന്റെ കാറാണ് അപകടം ഉണ്ടാക്കിയത്.
അപകടം നടന്നതിന് ശേഷം കാര്‍ നന്നാക്കി, ഇന്‍ഷുറന്‍സ് തുക നേടിയ ശേഷം പ്രതി ദുബായിലേക്കു പോയി. ഇയാളെ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. പ്രതിക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യക്കുറ്റം ചുമത്തിയതായി റൂറല്‍ പൊലീസ് മേധാവി പി.നിധിന്‍ രാജ് അറിയിച്ചു. സിസിടിവി ക്യാമറകള്‍ പരിശോധിച്ചും ഫോണ്‍കോളുകള്‍ പരിശോധിച്ചും വീടുകള്‍ കയറി ഇറങ്ങിയും നടത്തിയ അന്വേഷണത്തിനൊടുവിലാണ് പോലിസ് പ്രതിയിലേക്ക് എത്തിയത്.
കഴിഞ്ഞ ഫെബ്രുവരി 17ന് രാത്രിയില്‍ ചോറോട് മേല്‍പാലത്തിന് സമീപം ഉണ്ടായ അപകടത്തിലാണ് കണ്ണൂര്‍ തലശ്ശേരി പന്ന്യന്നൂര്‍ പഞ്ചായത്ത് ഓഫിസിന് സമീപം പുത്തലത്ത് ബേബി (68) മരിച്ചത്. ഗുരുതര പരുക്കേറ്റ പേരക്കുട്ടി തൃഷാനയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇപ്പോഴും അബോധാവസ്ഥയിലാണ്.
കണ്ണൂര്‍ മേലേ ചൊവ്വ വടക്കന്‍ കോവില്‍ സുധീറിന്റെയും സ്മിതയുടെയും മകളാണ്. ഷെജീലും കുടുംബവും സഞ്ചരിച്ച കാര്‍ ഇരുവരെയും ഇടിച്ച ശേഷം നിര്‍ത്താതെ പോവുകയായിരുന്നു. പിന്നീടു കാറിനെക്കുറിച്ച് ഒരു വിവരവും ഉണ്ടായിരുന്നില്ല. കാര്‍ കണ്ടെത്തി ഇന്‍ഷുറന്‍സ് തുക ലഭ്യമാക്കി തൃഷാനയ്ക്കു വിദഗ്ധ ചികിത്സ സാധ്യമാക്കണമെന്നു പല ഘട്ടങ്ങളിലായി ഹൈക്കോടതിയും മനുഷ്യാവകാശ കമ്മിഷനും ജില്ലാ ജഡ്ജിയും നിര്‍ദേശിച്ചിരുന്നു.
ഡിവൈഎസ്പി വി.വി.ബെന്നിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണമാണ് പത്ത് മാസത്തിന് ശേഷം ഫലം കണ്ടത്. സാക്ഷികളും സിസിടിവി ദൃശ്യങ്ങളും ഇല്ലാതിരുന്ന കേസ് പോലിസിന് തലവേദനയായിരുന്നു. 40 കിലോമീറ്റര്‍ ചുറ്റളവില്‍ സിസിടിവി ക്യാമറകള്‍ പരിശോധിച്ചും അഞ്ഞൂറോളം സ്‌പെയര്‍ പാര്‍ട്‌സ് കടകളും വര്‍ക്ഷോപ്പുകളും 50,000 ഫോണ്‍കോളുകളും 19,000 വാഹനങ്ങളും പരിശോധിച്ചും പോലിസ് അന്വേഷണം നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല.
അപകടം നടന്ന ചോറോട്, കൈനാട്ടി പ്രദേശത്തെ എല്ലാ വെള്ള കാറുകളുടെയും വിവരങ്ങള്‍ ശേഖരിച്ചു, ഓരോ വീട്ടിലും പൊലീസ് എത്തി. അതിനിടെ മൂന്ന് കാറുകള്‍ സംശയത്തിനിടയാക്കി. ഒരു ഓട്ടോ ഡ്രൈവര്‍ നല്‍കിയ വിവരത്തെത്തുടര്‍ന്നാണ് കെഎല്‍ 18 സീരിസിലെ നമ്പറുകള്‍ പരിശോധിച്ചത്. ഷെജീലിന്റെ ബന്ധുവീട് ചോറോടിനു സമീപം മീത്തലങ്ങാടിയില്‍ ഉള്ളതായും അപകടം നടന്ന ദിവസം രാത്രി ഒന്‍പതരയോടെ കാര്‍ വീട്ടില്‍ ഉണ്ടായിരുന്നതായും കണ്ടെത്തി. കാര്‍ മതിലില്‍ ഇടിച്ചതിനു ഫോട്ടോ തെളിവായി നല്‍കി 36,000 രൂപ ഇന്‍ഷുറന്‍സ് ക്ലെയിം വാങ്ങിയതായും മുന്‍വശത്തെ ഗ്ലാസ്, ബംപര്‍ എന്നിവ മാറ്റിയതായും കണ്ടെത്തി.