111 പവന്‍ സ്വര്‍ണവും വെള്ളിയും ആഡംബരക്കാറും സ്ത്രീധനമായി നല്‍കിയ വിവാഹം; അതുംപോരാഞ്ഞ് രണ്ട് കോടി ആവശ്യപ്പെട്ട് നിരന്തര പീഡനം; ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ചു യുവതി; ശരീരത്തില്‍ കണ്ടെത്തിയത് 30 മുറിവുകള്‍; കര്‍ണാടക മുന്‍ മന്ത്രിയുടെ മകനടക്കം 5 പേര്‍ അറസ്റ്റില്‍
യുവതിയുടെ ശരീരത്തിൽ 30 മുറിവുകൾ; കർണാടക മുൻ മന്ത്രിയുടെ മകനടക്കം 5 പേർ അറസ്റ്റിൽ
മുംബൈ: സ്ത്രീധന പീഡനത്തിന് സാമ്പത്തിക അന്തരമില്ലെന്നതാണ് രാജ്യത്തെ ഇന്നത്തെ അവസ്ഥ. ഇക്കാര്യം ശരിവെക്കുന്ന വാര്‍ത്തകളാണ് ദേശീയ തലത്തില്‍ നിന്നും പുറത്തുവരുന്നത്. സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് എന്‍സിപി അജിത് വിഭാഗം മുന്‍ നേതാവിന്റെ മരുമകള്‍ പുണെയില്‍ ജീവനൊടുക്കിയ സംഭവം കൂടുതല്‍ വിവാദമായ കത്തിപ്പടരുകയാണ്. യുവതിയെ കൊലപ്പെടുത്തിയതാണ് എന്നത് അടക്കമുള്ള ആരോപണങ്ങള്‍ ശക്തമായിട്ടുണ്ട്. രാജേന്ദ്ര ഹഗാവാനെയുടെ മരുമകള്‍ വൈഷ്ണവിയെ (26) കഴിഞ്ഞ 16നാണു പുണെയിലെ ബാവ്ധനില്‍ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കടുത്ത സ്ത്രീധന പീഡനത്തെ തുടര്‍ന്നാണ് യുവതിയുടെ മരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.
കേസിലെ പ്രതികള്‍ക്കു സഹായം ചെയ്തതിന്റെ പേരില്‍ കര്‍ണാടക മുന്‍ മന്ത്രിയുടെ മകന്‍ ഉള്‍പ്പെടെ 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. എന്‍സിപി നേതാവായിരുന്ന രാജേന്ദ്ര ഹഗാവാനെ, മകന്‍ സുശീല്‍ എന്നിവര്‍ ഒളിവിലായിരുന്ന സമയത്ത് കൊങ്കോളി ടോള്‍ പ്ലാസയ്ക്കടുത്തു റിസോര്‍ട്ടില്‍ താമസസൗകര്യം ഒരുക്കിക്കൊടുത്തതിനാണു കോണ്‍ഗ്രസ് നേതാവും കര്‍ണാടക മുന്‍ മന്ത്രിയുമായ വീര്‍കുമാര്‍ പാട്ടീലിന്റെ മകന്‍ പ്രിതം പാട്ടീലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. രാജേന്ദ്ര ഹഗാവാനെയും സുശീലും പിന്നീട് അറസ്റ്റിലായിരുന്നു.
111 പവന്‍ സ്വര്‍ണവും വെള്ളിയും ഒരു ആഡംബരക്കാറും നല്‍കി വിവാഹം നടത്തിയിട്ടും, ഭൂമി വാങ്ങാനായി 2 കോടി രൂപ കൂടി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഭര്‍ത്താവിന്റെ കുടുംബം വൈഷ്ണവിയെ തുടര്‍ച്ചയായി പീഡിപ്പിച്ചിരുന്നെന്നു യുവതിയുടെ മാതാപിതാക്കള്‍ ആരോപിച്ചു. അവര്‍ നല്‍കിയ പരാതിയില്‍ വൈഷ്ണവിയുടെ ഭര്‍ത്താവ് ശശാങ്ക്, ഭര്‍തൃമാതാവ് ലത ഹഗാവാനെ, ഭര്‍തൃസഹോദരി കരിഷ്മ എന്നിവരെ നേരത്തേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
കേസിലെ അന്വേഷണം മുറുകവെ കൂടുതല്‍ വിവാദങ്ങളായ കാര്യങ്ങളാണ് പുറത്തുവരുന്നത്. എന്‍സിപി നേതാവിന്റെ മരുമകള്‍ വൈഷ്ണവിയുടെ ശരീരത്തില്‍ മരണസമയത്ത് 30 മുറിവുകള്‍ ഉണ്ടായിരുന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. പ്രോസിക്യൂഷന്‍ ഇത് കോടതിയില്‍ സമര്‍പ്പിച്ചു. വൈഷ്ണവിയുടെ മരണം കൊലപാതകമാണെന്ന ആരോപണം പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്. 15 മുറിവുകള്‍ മരണത്തിന്റെ 24 മണിക്കൂറിനുള്ളില്‍ സംഭവിച്ചതാണ്. 11 മുറിവുകള്‍ 5 മുതല്‍ 7 ദിവസങ്ങള്‍ക്കിടയിലും സംഭവിച്ചു.
മരിക്കുന്നതിനു മുന്‍പ് യുവതി ക്രൂരമായ പീഡനത്തിനു വിധേയയായിട്ടുണ്ടെന്നാണ് അതു സൂചിപ്പിക്കുന്നതെന്നും ആരോപണമുണ്ട്. മാഹരാഷ്ട്ര രാഷ്ട്രീയത്തിലും വിവാദമായി മാറിയിരിക്കയാണ് ഈ സംഭവം.