വളക്കൈ സ്‌കൂള്‍ ബസ് അപകടം ഡ്രൈവിങ് സമയത്ത് നിസാമുദ്ദീന്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നതായി തെളിവുകള്‍ പുറത്തുവന്നു; ആ വാട്‌സ്ആപ്പ് സ്റ്റാറ്റസ് വെറുതേ വന്നതല്ല; സൈബര്‍ പൊലിസ് അന്വേഷണം ആരംഭിച്ചു

ആ വാട്‌സ്ആപ്പ് സ്റ്റാറ്റസ് വെറുതേ വന്നതല്ല; സൈബര്‍ പൊലിസ് അന്വേഷണം ആരംഭിച്ചു

Update: 2025-01-02 15:01 GMT

കണ്ണൂര്‍: ശ്രീകണ്ഠാപുരം-തളിപറമ്പ് ദേശീയപാതയില്‍ സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ടു മറിഞ്ഞ് അഞ്ചാം ക്‌ളാസ് വിദ്യാര്‍ത്ഥിനി അതിദാരുണമായി മരണമടഞ്ഞ സംഭവത്തില്‍ പ്രതിയായ ഡ്രൈവര്‍ നിസാമുദ്ദീന്റെ മൊബൈല്‍ ഫോണ്‍ പൊലിസ് പിടിച്ചെടുത്തു. അപകടം നടക്കുന്നതിന് തൊട്ടുമുന്‍ പായി വരെ നിസാമുദ്ദീന്‍ വാട്‌സ്ആപ്പ് പ്രൊഫൈല്‍ പിക്ചര്‍ ഡ്രൈവിങ്ങിനിടെ അപ്‌ഡേറ്റ് ചെയ്തിരുന്നതായി തെളിഞ്ഞിരുന്നു.

ഇതേ തുടര്‍ന്നാണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇയാളില്‍ നിന്നും മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്ത് ശ്രീകണ്ഠാപുരം പൊലിസ് സൈബര്‍ വിങിന് കൈമാറിയത്. അപകട ദിവസം നാലുമണി മുതല്‍ നിസാമുദ്ദീന്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. വാട്‌സ്ആപ്പില്‍ ഇയാള്‍ ഫോട്ടോകള്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ഈ കാര്യം ചോദിച്ചപ്പോള്‍ അതു നേരത്തെ ഷെയര്‍ ചെയ്ത തെന്നാണ് നിസാമുദ്ദീന്‍ പൊലിസിന് മൊഴി നല്‍കിയത്. എന്നാല്‍ ഇതുപൊലിസ് അംഗീകരിച്ചിട്ടില്ല. ഡ്രൈവിങ് സമയത്ത് നിസാമുദ്ദീന്‍ഫോണ്‍ ഉപയോഗിച്ചിരുന്നുവെന്ന സംശയമാണ് പൊലിസിനുള്ളത്.

മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ അന്വേഷണവും ഈ ദിശയിലേക്ക് തന്നെയാണ് വിരല്‍ചൂണ്ടുന്നത്. ഇതോടെയാണ് വളക്കൈയില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് ഒരു വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ നിസാമുദ്ദിനെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് പൊലിസ് കേസെടുത്തത്. . നിസാമുദ്ദീന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. നിസാമുദ്ദീന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് അപകടത്തില്‍ കലാശിച്ചതെന്ന എംവിഐ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. നിസാമുദ്ദീന്‍ അമിത വേഗതയിലാണ് വാഹനമോടിച്ചതെന്ന് അപകടത്തില്‍ പരുക്കേറ്റ വിദ്യാര്‍ത്ഥിനകളും രക്ഷിതാക്കളും മൊഴി നല്‍കിയിട്ടുണ്ട്.

എന്നാല്‍ വളക്കൈഇറക്കം ഇറങ്ങുന്നതിനിടെ ബ്രേക്ക് പൊട്ടിയതാണ് അപകടത്തിന് കാരണമെന്നായിരുന്നു ഡ്രൈവര്‍ നിസാമും ആയ സുലോചനയും മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ ബ്രേക്ക് പൊട്ടിയിട്ടില്ലെന്ന് എംവിഡി പരിശോധനയില്‍ കണ്ടെത്തിയിരുന്നു. അപകടത്തിന് ശേഷവും ബ്രേക്ക് കൃത്യമായി പമ്പ് ചെയ്യുന്നുവെന്നാണ് എം വിഡിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. അപകടത്തിന് കാരണമാകും വിധമുള്ള മറ്റ് മെക്കാനിക്കല്‍ തകരാറുകള്‍ ഇല്ലെന്നും എംവിഡി പറഞ്ഞു.

മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗം ഇത് സംബന്ധിച്ച പ്രാഥമിക റിപ്പോര്‍ട്ട് ആര്‍ടിഒയ്ക്ക് കൈമാറി. ഡ്രൈവറുടെ മെഡിക്കല്‍ പരിശോധന നടത്തണമെന്നാവശ്യപ്പെട്ട് എംവിഡി പൊലീസിന് കത്ത് നല്‍കിയിട്ടുണ്ട്. സ്‌കൂള്‍ ബസിന് ഫിറ്റ്നെസ് ഉണ്ടായിരുന്നില്ലെന്നും എംവിഐ നേരത്തെ അറിയിച്ചിരുന്നു.

Tags:    

Similar News