വെഞ്ഞാറമൂട്ടില്‍ സ്വവര്‍ഗ്ഗരതിക്കായി യുവാവിനെ വിളിച്ചുവരുത്തിയത് ഗ്രിന്‍ഡര്‍ ആപ്പ് വഴി; ആളൊഴിഞ്ഞ സ്ഥലത്ത് കാറില്‍ രണ്ടുപേരുമായി സ്വവര്‍ഗ്ഗരതിയില്‍ ഏര്‍പ്പെടുന്നതിനിടെ മര്‍ദ്ദിച്ച് മൂന്നുപവന്‍ തട്ടി സുമതി വളവില്‍ ഉപേക്ഷിക്കല്‍; നാലംഗ സംഘം പിടിയിലായപ്പോള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നിരവധി പേര്‍ ഇരകളായെന്ന് വിവരം

വെഞ്ഞാറമൂട്ടില്‍ സ്വവര്‍ഗ്ഗരതിക്കായി യുവാവിനെ വിളിച്ചുവരുത്തിയത് ഗ്രിന്‍ഡര്‍ ആപ്പ് വഴി

Update: 2025-08-11 14:51 GMT

തിരുവനന്തപുരം: ഡേറ്റിങ് ആപ് ഉപയോഗിച്ച് യുവാവിനെ കുടുക്കി തട്ടിക്കൊണ്ടു പോയി 3 പവന്‍ സ്വര്‍ണാഭരണം കവര്‍ന്നെന്ന കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. തട്ടിക്കൊണ്ടുപോയ ശേഷം ഇയാളെ പാലോടിനടുത്തുള്ള സുമതി വളവില്‍ സംഘം ഉപേക്ഷിക്കുകയായിരുന്നു. മലയാളത്തില്‍ സുമതി വളവ് എന്ന പേരിലെ ചിത്രം സൂപ്പര്‍ ഹിറ്റായി ഓടുകയാണ്. അതിനിടെയാണ് ഈ വളവ് വീണ്ടും വാര്‍ത്തകളില്‍ എത്തുന്നത്.

സ്വവര്‍ഗാനുരാഗികള്‍ക്കായുള്ള 'ഗ്രിന്‍ഡര്‍' എന്ന ഡേറ്റിങ് ആപ്പിലൂടെ പുരുഷന്മാരെ പരിചയപ്പെട്ട് കെണിയിലാക്കുകയും ഭീഷണിപ്പെടുത്തി പണവും സ്വര്‍ണവും കവരുകയും ചെയ്യുന്ന നാലംഗ സംഘത്തെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വെഞ്ഞാറമൂട് സ്വദേശിയായ യുവാവിനെ ആക്രമിച്ച് മൂന്നു പവന്‍ സ്വര്‍ണം തട്ടിയെടുത്ത കേസിലാണ് ചിതറ കൊല്ലായില്‍ സ്വദേശി സുധീര്‍ (24), മടത്തറ സത്യമംഗലം സ്വദേശി മുഹമ്മദ് സല്‍മാന്‍ (19), പോരേടം സ്വദേശി ആഷിക് (19), ചിതറ കൊല്ലായില്‍ സ്വദേശി സജിത്ത് (18) എന്നിവര്‍ പിടിയിലായത്. ആറ്റിങ്ങല്‍ ഡിവൈ.എസ്.പി മഞ്ജുലാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് വെഞ്ഞാറമൂട് സ്വദേശിയായ യുവാവ് ഫോണില്‍ ഡേറ്റിങ് ആപ്പ് ഡൗണ്‍ലോഡ് ചെയ്തത്. ആപ്പിലൂടെ ബന്ധപ്പെട്ട പ്രതികള്‍, ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാമെന്ന് വിശ്വസിപ്പിച്ച് യുവാവിനെ വെഞ്ഞാറമൂടിന് സമീപമുള്ള മുക്കുന്നൂരിലേക്ക് വിളിച്ചുവരുത്തി. തുടര്‍ന്ന് ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് സംഘത്തിലെ രണ്ടുപേരുമായി കാറില്‍ സ്വവര്‍ഗരതിയില്‍ ഏര്‍പ്പെടുന്നതിനിടെ, മറ്റുള്ളവര്‍ അപ്രതീക്ഷിതമായി എത്തുകയായിരുന്നു. ഇവര്‍ യുവാവിനെ കാറില്‍നിന്ന് വലിച്ചിറക്കി ക്രൂരമായി മര്‍ദിക്കുകയും കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്നാണ് കഴുത്തിലുണ്ടായിരുന്ന മൂന്നു പവന്‍ സ്വര്‍ണാഭരണം ഊരിയെടുത്തത്. ശേഷം മുഖംമൂടി കെട്ടി അവശനാക്കി പാലോട് സുമതി വളവില്‍ ഉപേക്ഷിച്ചു.

വെള്ളിയാഴ്ച വെഞ്ഞാറമൂട് പോലീസില്‍ നല്‍കിയ പരാതിയില്‍, തന്നെ തട്ടിക്കൊണ്ടുപോയി കവര്‍ച്ച നടത്തിയെന്ന് മാത്രമാണ് യുവാവ് ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ വിശദമായ ചോദ്യം ചെയ്യലിലാണ് ഡേറ്റിങ് ആപ്പിന്റെയും ബ്ലാക്ക്മെയിലിങ്ങിന്റെയും വിവരങ്ങള്‍ പുറത്തുവന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ നാലാം പ്രതിയെ കുളത്തൂപ്പുഴയില്‍ നിന്നും, എറണാകുളത്തേക്ക് കടക്കാന്‍ ശ്രമിച്ച മറ്റു മൂന്നുപേരെ ആലപ്പുഴ പുന്നപ്രയില്‍ വെച്ച് ഹൈവേ പോലീസിന്റെ സഹായത്തോടെയും പിടികൂടുകയായിരുന്നു. വെഞ്ഞാറമൂട് പോലീസ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി.

കവര്‍ച്ച ചെയ്ത സ്വര്‍ണം ഒന്നാം പ്രതിയായ സുധീര്‍ കൊല്ലത്തെ ഒരു ധനകാര്യ സ്ഥാപനത്തില്‍ ഒന്നേകാല്‍ ലക്ഷം രൂപയ്ക്ക് പണയം വെച്ചതായി പോലീസ് കണ്ടെത്തി. കഴിഞ്ഞ ഒരു മാസത്തിനിടെ സമാനമായ രീതിയില്‍ ലക്ഷക്കണക്കിന് രൂപയാണ് സംഘം സമ്പാദിച്ചതെന്നും ഈ പണം സുധീറിന്റെ ബാങ്ക് അക്കൗണ്ടിലാണ് സൂക്ഷിച്ചിരുന്നതെന്നും പോലീസ് അറിയിച്ചു. വിവരം പുറത്തറിയുമെന്ന ഭയം കാരണം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നിരവധി പേര്‍ തട്ടിപ്പിനിരയായിട്ടുണ്ടെന്നും എന്നാല്‍ ആരും പരാതിപ്പെടാന്‍ തയ്യാറാകുന്നില്ലെന്നും പോലീസ് സംശയിക്കുന്നു. റിമാന്‍ഡിലായ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുന്നതോടെ സംഘത്തിന്റെ കൂടുതല്‍ തട്ടിപ്പുകള്‍ പുറത്തുവരുമെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.

Tags:    

Similar News