ഇത്രയും നാളും അടുത്തുപെരുമാറിയ അഞ്ചുപേരെ കൂട്ടക്കുരുതി നടത്തിയിട്ടും തെല്ലും കൂസലില്ല, പശ്ചാത്താപവുമില്ല; സ്‌കാനിങ്ങിനായി പുറത്തിറക്കിയപ്പോള്‍ കൂസലില്ലാതെ ക്യാമറയെ നോക്കി പുഞ്ചിരിച്ച് അഫാന്‍; വെഞ്ഞാറമൂട് കൂട്ടക്കൊല വ്യക്തമാക്കുന്ന ഫര്‍സാനയുടെ കൂടുതല്‍ സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്; മുത്തശ്ശിയെ കൊന്ന കേസില്‍ അറസ്റ്റ് രേഖപ്പെടുത്തി
അഞ്ചുപേരെ കൂട്ടക്കുരുതി നടത്തിയിട്ടും അഫാന് തെല്ലും കൂസലില്ല
തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ കടബാധ്യതയുടെ പേരില്‍ 23 വയസുള്ള ഒരുചെറുപ്പക്കാരന്‍ എന്തിനാണ് ഇളയസഹോദരനെയും, മുത്തശ്ശിയെയും, പിതൃസഹോദരനെയും ഭാര്യയെയും പെണ്‍സുഹൃത്തിനെയും കൂട്ടക്കുരുതി നടത്തിയത്? അതും ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് മുഖം വികൃതമാക്കിയുളള ക്രൂര കൊലപാതകങ്ങള്‍. സാമ്പത്തിക ബാധ്യതയുടെ പേരില്‍ നിലതെറ്റിയാണ് അഫാന്‍ ഈ കടുംകൈ ചെയ്തതെന്നാണ് പൊലീസിന്റെ നിഗമനം.
തന്റെ ക്രൂരപ്രവൃത്തി അഫാന്‍ ആസൂത്രിതമായി നടപ്പാക്കിയതാണെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്്. അഞ്ചുപേരെ കൂട്ടക്കൊല ചെയ്തിട്ടും, തെല്ലുപോലും പശ്ചാത്താപം ഈ പ്രതിക്കുള്ളതിന്റെ യാതൊരു ലക്ഷണവും കാണാനില്ല. മെഡിക്കല്‍ കോളേജില്‍, സ്‌കാനിങ്ങിനായി പുറത്തിറക്കിയപ്പോള്‍ വീല്‍ചെയറില്‍ കൂസലില്ലാതെ ക്യാമറയില്‍ നോക്കി പുഞ്ചിരിച്ചാണ് അഫാന്‍ പോയത്. മുഖത്ത് മാസ്‌ക് ഉണ്ടായിരുന്നു. രണ്ടു ദിവസം കൂടി അഫാന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തുടരും. ഡിസ്ചാര്‍ജ് അനുവദിച്ചാല്‍ ജയിലില്‍ എത്തിക്കും.
അതിനിടെ, കൂട്ടക്കൊല വ്യക്തമാകുന്ന കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഫര്‍സാന അഫാന്റെ വീട്ടിലേക്ക് പോകുന്ന ദൃശ്യവും പിറകെ അഫാന്‍ എത്തുന്നതും ഫോണില്‍ സംസാരിക്കുന്നതും ഉള്‍പ്പെട്ട സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. അഫാന്റെ ചോദ്യവും ഫര്‍സാനയുടെ മറുപടിയും ദൃശ്യങ്ങളില്‍ വ്യക്തമാണ്. എവിടെയാണ് നില്‍ക്കുന്നതെന്ന് അഫാന്‍ ചോദിക്കുന്നതും ഫര്‍സാനയുടെ മറുപടിയും കേള്‍ക്കാം. വൈകിട്ട് 3.42നാണ് പെണ്‍സുഹൃത്തിനെ അഫാന്‍ കൂട്ടിക്കൊണ്ടുവരുന്നത്
അതേസമയം കേസില്‍ പ്രതി അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തി. പിതൃമാതാവ് സല്‍മാ ബീവിയെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. പാങ്ങോട് പൊലീസ് മെഡിക്കല്‍ കോളേജിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മറ്റു കേസുകളിലെ അറസ്റ്റ് പ്രതിയെ കസ്റ്റഡിയില്‍ വാങ്ങിയ ശേഷം മാത്രമേ രേഖപ്പെടുത്തൂവെന്നും അഫാനെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ഡിവൈഎസ്പി പറഞ്ഞു.
കടം നല്‍കിയവര്‍ അഫാന്റെ വീട്ടിലെത്തി പ്രശ്നമുണ്ടാക്കിയിരുന്നോ എന്ന് അന്വേഷിക്കാനും പ്രതിയുടെ മൊഴി രേഖപ്പെടുക്കാനും അന്വേഷണ സംഘം നീക്കമാരംഭിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ അഭിപ്രായം കൂടി തേടിയ ശേഷമായിരിക്കും അഫാന്റെ മൊഴി രേഖപ്പെടുത്തുക. അഫാന്റെ ഫോണിന്റെ ശാസ്ത്രീയ പരിശോധനാ ഫലവും പൊലീസ് കാത്തിരിക്കുകയാണ്.
അതേസമയം, അഫാന്റെ മാതാവ് ഷെമിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. കൂട്ടക്കൊലയ്ക്ക് കാരണം സാമ്പത്തിക പ്രശ്നങ്ങളാണ് എന്ന നിഗമനത്തിലാണ് ഇപ്പോള്‍ പൊലീസ്. അഫാന്റെ മാതാവിന് മാത്രം 60 ലക്ഷത്തിലേറെ രൂപയുടെ ബാദ്ധ്യതയുണ്ടെന്ന് പൊലീസ് ഇന്നലെ കണ്ടെത്തിയിരുന്നു. കടക്കെണിയിലും അഫാന്റെ കുടുംബം ആഡംബര ജീവിതം നയിച്ചുവെന്നും പൊലീസ് കണ്ടെത്തി.