ഷെമിക്ക് 65 ലക്ഷം കടം; കാന്‍സര്‍ ചികിത്സ വട്ടം ചുറ്റിച്ചു; പിതാവ് സൗദിയില്‍ കുരുക്കില്‍ പെട്ടു; കടക്കാരുടെ ശല്യം പെരുകി; കൂട്ട ആത്മഹത്യയ്ക്കും ആലോചിച്ചു; കൊലയ്ക്ക് ശേഷം മാല വിറ്റ് അഫാന്‍ 40,000 രൂപ കടം വീട്ടി; വെഞ്ഞാറമൂട് കൂട്ടക്കാലയ്ക്ക് പിന്നില്‍ സാമ്പത്തിക ബാധ്യത തന്നെ
വെഞ്ഞാറമൂട് കൂട്ടക്കാലയ്ക്ക് പിന്നില്‍ സാമ്പത്തിക ബാധ്യത തന്നെ
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാന്റെ ഉമ്മ ഷെമിക്ക് മാത്രം 65 ലക്ഷം രൂപ കടമുണ്ടെന്ന് പൊലീസ്. കടം കാരണം ജീവിതം മുന്നോട്ടുപോകാന്‍ പറ്റാത്ത സാഹചര്യത്തിലാണ് കൊലപാതകം നടത്തിയതെന്നാണ് അഫാന്‍ കീഴടങ്ങിയപ്പോള്‍ പറഞ്ഞത്. ഇത് ശരിവയ്ക്കുന്ന തരത്തിലാണ് പൊലീസിന്റെ കണ്ടെത്തല്‍. അഫാന്റെ പിതാവിന് വലിയ സാമ്പത്തിക ബാദ്ധ്യതയുണ്ടെന്ന വിവരം നേരത്തേ പുറത്തുവന്നിരുന്നു. കുടുംബത്തിനകത്ത് നിന്നും പുറത്ത് നിന്നുമായി 65 ലക്ഷം രൂപ ഷെമി കടം വാങ്ങിയിരുന്നെന്നാണ് പൊലീസിന് ഇപ്പോള്‍ ലഭിച്ച വിവരം. പിതാവിന് പണം അയക്കാന്‍ കൂടി പറ്റാതായതോടെ വലിയ സാമ്പത്തിക പ്രതിസന്ധിയിലായി കുടുംബം. അതുകൊണ്ട് സാമ്പത്തിക ബാധ്യത തന്നെയാണ് അഫാനെ കൂട്ടക്കൊലയിലേക്ക് നയിച്ചതെന്നാണ് ഇപ്പോഴത്തെ നിഗമനം.
മുത്തശ്ശി സല്‍മാ ബീവിയെ കൊലപ്പെടുത്തിയ ശേഷം കൈക്കലാക്കിയ മാല പണയംവെച്ച് കിട്ടിയ 74,000 രൂപയില്‍നിന്ന് 40,000 രൂപ അഫാന്‍ സ്വന്തം അക്കൗണ്ട് വഴി കടക്കാര്‍ക്ക് നല്‍കിയെന്നും പോലീസിന് വിവരം ലഭിച്ചു. ഇതിനുശേഷമാണ് എസ്.എന്‍.പുരത്തെത്തി പിതാവിന്റെ സഹോദരന്‍ ലത്തീഫിനെയും ഭാര്യ ഷാഹിദയെയും കൊലപ്പെടുത്തിയത്. ബാക്കി പണം ഉപയോഗിച്ചു ഭക്ഷണം വാങ്ങുകയും മദ്യപിക്കുകയുമാണു ചെയ്തത്. അനുജനെ കൊലപ്പെടുത്തിയ ശേഷം, കയ്യില്‍ ബാക്കിയുണ്ടായിരുന്ന പണം മൃതദേഹത്തിനു സമീപം വിതറി.
ഉമ്മയുടെ ചികിത്സാ ചെലവും സഹോദരന്റെ വിദ്യാഭ്യാസ ചെലവും കണ്ടെത്താനാകാതെ അഫാന്‍ ബുദ്ധിമുട്ടിയിരുന്നു. ജോലി ഇല്ലാത്തതും നിത്യച്ചെലവിനുപോലും പണം കണ്ടെത്താനാകാത്തതും സ്‌നേഹിച്ച പെണ്‍കുട്ടിയെ ഒപ്പം കൂട്ടുന്നതിലുണ്ടായ പ്രതിസന്ധിയും അഫാനെ അസ്വസ്ഥനാക്കി.
മുത്തശ്ശിയാണു ഇടയ്ക്കിടെ പണം നല്‍കിയിരുന്നത്. മറ്റു ബന്ധുക്കളും കുറച്ചു പണം നല്‍കി. എന്നാല്‍, പണം തിരികെ ലഭിക്കാനുള്ള ചിലര്‍ ശല്യപ്പെടുത്താന്‍ തുടങ്ങി. പിതാവ് റഹീമിന് സൗദിയില്‍ സാമ്പത്തികബാധ്യതകളുള്ളതിനാല്‍ നാട്ടിലേക്കു പണം അയച്ചിരുന്നില്ല. യാത്രാ വിലക്കും നിലനില്‍ക്കുന്നു. അര്‍ബുദബാധിതയായ ഉമ്മയുടെ ചികിത്സയ്ക്കുള്‍പ്പെടെ ചില നാട്ടുകാരില്‍ നിന്നും അടുത്ത ബന്ധുക്കളില്‍ നിന്നും പണം കടം വാങ്ങിയിരുന്നതായും പോലീസ് കണ്ടെത്തി. ഇപ്പോള്‍ താമസിക്കുന്ന വീടു വിറ്റ് കടം വീട്ടാനുള്ള ശ്രമവും അഫാന്‍ നടത്തിയിരുന്നതായും വിവരമുണ്ട്. എന്നാല്‍, പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്ന് ഉറപ്പായി. കൂട്ടത്തോടെ ആത്മഹത്യ ചെയ്യുന്നതിനെക്കുറിച്ച് കുടുംബം ചിന്തിച്ചു. എന്നാല്‍ ഷെമി ഇതില്‍നിന്ന് പിന്മാറിയതോടെയാണ് ആത്മഹത്യ നടക്കാതിരുന്നതെന്നാണു പൊലീസ് നല്‍കുന്ന സൂചന.
വ്യാഴാഴ്ച അഫാനും ഫര്‍സാനയും സ്വര്‍ണം പണയം വെച്ചത് കടബാധ്യതകളില്‍ ചിലത് തീര്‍ക്കാനായിരുന്നുവെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. നാട്ടില്‍ തനിക്ക് സാമ്പത്തിക ബാധ്യതയൊന്നുമില്ലെന്നും സൗദിയിലുള്ള കടങ്ങള്‍ മാത്രമേയുള്ളൂവെന്നും സൗദിയില്‍ കച്ചവടം ചെയ്യുന്ന റഹീം പറഞ്ഞിരുന്നു. സാമ്പത്തിക ബാധ്യതയെപ്പറ്റിയോ പെണ്‍കുട്ടിയുമായുള്ള ബന്ധത്തെപ്പറ്റിയോ തന്നെ അറിയിച്ചിട്ടില്ലെന്നും റഹീം വ്യക്തമാക്കി.
ക്രൂരകൃത്യത്തിലേക്ക് അഫാനെ നയിച്ച കൃത്യമായ കാരണങ്ങള്‍ കണ്ടെത്താന്‍ ചികിത്സയിലുള്ള മാതാവ് ഷെമിക്ക് കഴിയുമെന്നാണ് അന്വേഷണസംഘം വിശ്വസിക്കുന്നത്. പ്രതി അഫാന്റെ മൊഴി രേഖപ്പെടുത്താനും പോലീസ് ശ്രമിക്കുന്നുണ്ട്. ഫര്‍സാനയുടെ വീട്ടിലെത്തി ബന്ധുക്കളുടെ മൊഴി അന്വേഷണസംഘം ശേഖരിച്ചു. അഫാന്റെ ബന്ധുക്കളുടെ മൊഴിയും എടുക്കുന്നുണ്ട്. അഫാന്റേയും മാതാവ് ഷെമിയുടെയും ഫോണുകള്‍ ഫോറന്‍സിക് പരിശോധനയ്ക്കായി കൈമാറി.