ബ്രൗണ്‍ഷുഗര്‍ കുത്തിവെച്ചതിന് പിന്നാലെ വിജിലിന്റെ മരണം; വിജിലിന്റെ മൃതദേഹം ചതുപ്പില്‍ താഴ്ത്തി എട്ടു മാസത്തിനു ശേഷം അസ്ഥി കടലില്‍ ഒഴുക്കി; ബൈക്ക് കല്ലായി റെയില്‍വേ സ്റ്റേഷന്‍ സമീപം ഉപേക്ഷിച്ചു; വിജില്‍ കൊലപാതക്കേസില്‍ പ്രതികളുടെ മൊഴി പുറത്ത്; വിജില്‍ ഒളിച്ചോടിയെന്നും എന്നെങ്കിലും വരുമെന്ന് കരുതിയ വീട്ടുകാര്‍ അറിഞ്ഞത് നടുക്കുന്ന വാര്‍ത്ത
ബ്രൗണ്‍ഷുഗര്‍ കുത്തിവെച്ചതിന് പിന്നാലെ വിജിലിന്റെ മരണം
കോഴിക്കോട്: കോഴിക്കോട് അമിത അളവില്‍ ലഹരി കുത്തിവച്ചതിനെ തുടര്‍ന്ന് മരിച്ച യുവാവിനെ കുഴിച്ചിട്ട സംഭവത്തില്‍ പ്രതികളുടെ കൂടുതല്‍ മൊഴി പുറത്ത്. വിജിലിന്റെ മൃതദേഹം ചതുപ്പില്‍ താഴ്ത്തി എട്ടു മാസത്തിനുശേഷം ഒരു അസ്ഥി കടലില്‍ ഒഴുക്കിയതായി പ്രതികള്‍ മൊഴി നല്‍കി. വിജിലിന്റെ ബൈക്ക് കല്ലായി റെയില്‍വേ സ്റ്റേഷന്‍ സമീപം ഉപേക്ഷിച്ചതായും പ്രതികള്‍ മൊഴി നല്‍കി. ഇതോടെ ബൈക്ക് കണ്ടെത്താനുള്ള ശ്രമങ്ങളിലേക്ക് കടക്കുകയാണ് പോലീസ്.
വെസ്റ്റ് ഹില്‍ ചുങ്കം സ്വദേശിയായ വിജിലിന്റെ മരണത്തില്‍ സുഹൃത്തുക്കളായ എരഞ്ഞിപ്പാലം സ്വദേശി നിഖില്‍, വേങ്ങേരി സ്വദേശി ദീപേഷ് എന്നിവരാണ് എലത്തൂര്‍ പൊലിസിന്റെ പിടിയിലായത്. 2019ല്‍ ആണ് കേസിനാസ്പദമായ സംഭവം. അമിത അളവില്‍ ലഹരി മരുന്ന് നല്‍കിയതിനെ തുടര്‍ന്ന് വിജില്‍ ബോധരഹിതനായപ്പോള്‍ കുഴിച്ചിടുകയായിരുന്നു. സരോവരം പാര്‍ക്കില്‍ കുഴിച്ചിട്ടതാണെന്നായിരുന്നു നേരത്തെ പിടിയിലായ യുവാക്കള്‍ മൊഴി നല്‍കിയിരുന്നത് .
അതേസമയം, റിമാന്‍ഡില്‍ ഉള്ള ഒന്നും മൂന്നും പ്രതികളായ നിഖിലിനെയും ദീപേഷിനെയും കസ്റ്റഡിയില്‍ വാങ്ങാന്‍ അന്വേഷണസംഘം ഇന്ന് അപേക്ഷ നല്‍കും. കൊയിലാണ്ടി കോടതിയിലാണ് അപേക്ഷ നല്‍കുക. പ്രതികളെ കസ്റ്റഡിയില്‍ ലഭിച്ചാലുടന്‍ മൃതദേഹം കണ്ടെടുക്കാനടക്കം നടപടികള്‍ തുടങ്ങുമെന്ന് പൊലീസ് അറിയിച്ചു.
ഇലക്ട്രിഷ്യനായ വിജിലിനെത്തേടി അച്ഛന്‍ ഉള്‍പ്പെടെയുള്ള ബന്ധുക്കളും പോലീസും ഒട്ടേറെത്തവണ മൂന്നുപേരെയും ചോദ്യംചെയ്തെങ്കിലും അവന്‍ നാടുവിട്ടു എന്നാണ് സുഹൃത്തുക്കള്‍ പ്രചരിപ്പിച്ചത്. 2019 മാര്‍ച്ച് 17-ന് ഉച്ചതിരിഞ്ഞാണ് സംഭവം. വീട്ടില്‍നിന്ന് ബൈക്കില്‍ സുഹൃത്തുക്കളുടെ അടുത്തേക്കുപോയതാണ് വിജില്‍. സരോവരത്തെ പറമ്പില്‍വെച്ച്, ബ്രൗണ്‍ഷുഗര്‍ കൊണ്ടുവന്ന നിഖില്‍ അത് വലിച്ചു. മറ്റുമൂന്നുപേര്‍ അത് ഇഞ്ചക്ഷനായാണ് ഉപയോഗിച്ചത്. ഏറെനേരം കഴിഞ്ഞിട്ടും വിജില്‍ ഉണര്‍ന്നില്ല. അവിടെത്തന്നെ കിടത്തി മറ്റുള്ളവര്‍ പോയി. രാത്രി തിരിച്ചുവന്നപ്പോഴും അതേപോലെ കിടക്കുന്നതുകണ്ടതോടെ മരിച്ചെന്ന് കൂട്ടുകാര്‍ക്ക് വ്യക്തമായി.
കുറ്റിക്കാട്ടിലേക്ക് മൃതദേഹം മാറ്റിക്കിടത്തിയശേഷം വിജിലിന്റെ ബൈക്കും മൊബൈലും എടുത്ത് കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ പാര്‍ക്കിങ് ഏരിയയില്‍ വെച്ചു. പിന്നേറ്റുവന്ന് മൃതദേഹം വെള്ളത്തിലേക്ക് താഴ്ത്തി മുകളില്‍ ചെങ്കല്ല് കയറ്റിവെച്ചു. എട്ടുദിവസംകഴിഞ്ഞ് നോക്കിയപ്പോള്‍ തല വെള്ളത്തിനുമുകളിലേക്ക് ഉയര്‍ന്നതുകണ്ടു. തുടര്‍ന്ന്, ഭാരമേറിയ കരിങ്കല്ലുകൂടി ശരീരത്തിലേക്ക് കയറ്റിവെച്ച് പൂര്‍ണമായി വെള്ളത്തിനടിയിലാക്കിയെന്നും മൊഴിയില്‍ പറയുന്നു.
ആറുവര്‍ഷംമുന്‍പ് വീട്ടില്‍നിന്ന് സുഹൃത്തുക്കളോടൊപ്പം പോയ വിജിലിന്റെ തിരോധാനക്കേസില്‍ വഴിത്തിരിവുണ്ടായത് 'മിസിങ്' കേസ് 'മര്‍ഡര്‍' കേസുപോലെ അന്വേഷിച്ചതുകൊണ്ട്. നഗരത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ വര്‍ഷങ്ങളായി തുമ്പിലാതെയുള്ള 'കാണ്മാനില്ല' കേസുകളെല്ലാം പുനരന്വേഷിക്കണമെന്ന സിറ്റി പോലീസ് കമ്മിഷണര്‍ ടി. നാരായണന്റെ കര്‍ശനനിര്‍ദേശവും ആഴ്ചതോറുമുള്ള അവലോകനവുമാണ് നിര്‍ണായകമായത്.
വിജില്‍ നാടുവിട്ടെന്നും ഒരു ദിവസം തിരിച്ചുവരുമെന്നും കരുതിയിരുന്നവര്‍ക്കിടയിലേക്ക് വീണ്ടും എലത്തൂര്‍ പോലീസ് ഇറങ്ങി സജീവ അന്വേഷണം ആരംഭിച്ചു. കാണാതാകുന്ന ദിവസം ഒപ്പമുണ്ടായിരുന്ന മൂന്നുപേരെയും വീണ്ടും ചോദ്യംചെയ്തു. ഇതിലാണ് നിര്‍ണായക വിവരം ലഭിച്ചത്. കുറ്റബോധത്താല്‍ വിഷമിച്ചിരുന്ന ഒരാള്‍ അന്നുനടന്ന കാര്യങ്ങള്‍ വെളിപ്പെടുത്തി.
2019 മാര്‍ച്ച് 17 മുതലാണ് വിജിലിനെ കാണാതായതെങ്കിലും വീട്ടുകാര്‍ പരാതി നല്‍കിയത് ഏപ്രില്‍ ഏഴിനുമാത്രമാണ്. ഇത്രയേറെ വൈകിയതിന്റെ പ്രധാനകാരണം വിജില്‍ നാടുവിട്ടതാണെന്ന പ്രചാരണമായിരുന്നു. മുന്‍പ് നാടുവിട്ട് മുംബൈയില്‍ പോയിരുന്നെന്നും കുറച്ചുദിവസങ്ങള്‍ക്കുശേഷമാണ് തിരിച്ചുവന്നതെന്നുമുള്ളതാണ് ഈ പ്രചാരണത്തിന് കരുത്തേകിയത്. വിജില്‍ തമിഴ്നാട്ടിലേക്കാണ് പോയതെന്നും അവിടെ വിവാഹം കഴിച്ചെന്നുമെല്ലാമുള്ള പ്രചാരണം ഈ സുഹൃത്തുക്കള്‍തന്നെ നടത്തിയിരുന്നു.
വിജിലിന്റെ അച്ഛന്‍ എന്‍.പി. വിജയനാണ് എലത്തൂര്‍ പോലീസ് സ്റ്റേഷനിലെത്തി 21 ദിവസത്തിനുശേഷം പരാതി നല്‍കിയത്. കുറ്റസമ്മതമൊഴി പുറത്തുവന്നതിനെത്തുടര്‍ന്ന് നിഖിലിനെയും ദീപേഷിനെയും മനഃപൂര്‍വമല്ലാത്ത നരഹത്യ, തെളിവുനശിപ്പിക്കല്‍, മൃതദേഹത്തോട് അനാദരം കാണിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി തിങ്കളാഴ്ച പുതിയ ഒരു എഫ്‌ഐആര്‍ എലത്തൂര്‍ പോലീസ് രജിസ്റ്റര്‍ചെയ്തു.