പകയായത് വിജയലക്ഷ്മിക്ക് മറ്റൊരാളുമായുള്ള ബന്ധം; ഇരുവരുടേയും ഫോണ്‍ വിളി കൈയ്യോടെ പൊക്കിയതോടെ കട്ടിലില്‍ തള്ളിയിട്ടശേഷം വെട്ടി കൊലപ്പെടുത്തി; പത്ത് ദിവസം ആര്‍ക്കും സംശയം തോന്നാതെ സാധാരണ ജീവിതം: ജയചന്ദ്രന്‍ റിമാന്‍ഡില്‍

അമ്പലപ്പുഴ കൊലപാതകം; പ്രതി റിമാന്‍ഡില്‍

Update: 2024-11-20 00:35 GMT

ആലപ്പുഴ: വിജയലക്ഷ്മി കൊലക്കേസില്‍ പ്രതി ജയചന്ദ്രനെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തത്. ഇയാളെ കൊല്ലം ജില്ലാ ജയിലിലേക്ക് മാറ്റി. കരുനാഗപ്പള്ളി പൊലീസ് അമ്പലപ്പുഴയിലെത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കൊലപാതകം നടന്നത് അമ്പലപ്പുഴയില്‍ ആയതിനാല്‍ നിയമ നടപടികള്‍ക്ക് ശേഷം കേസ് അമ്പലപ്പുഴ പൊലീസിന് കൈമാറും.

സ്‌നേഹം പകയായി മാറിയതാണ് വിജയലക്ഷ്മിയുടെ ജീവനെടുക്കാന്‍ ജയചന്ദ്രനെ പ്രേരിപ്പിച്ചത്. കഴിഞ്ഞ രണ്ടര വര്‍ഷമായി ഇരുവരും അടുപ്പത്തിലായിരുന്നു. എന്നാല്‍ വിജയലക്ഷ്മിക്ക് മറ്റൊരാളുമായും ബന്ധമുണ്ടെന്ന് ജയചന്ദ്രന്‍ കണ്ടെത്തി. അമ്പലപ്പുഴയിലെ വീട്ടില്‍ വെച്ച് ഇരുവരും ഫോണില്‍ സംസാരിക്കുന്നത് ജയചന്ദ്രന്‍ കയ്യോടെ പിടികൂടുകയും ചെയ്തു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കൊലനടത്തി പത്തു ദിവസത്തോളം സാധാരണ ജീവിതം നയിക്കുക ആയിരുന്നു ഇയാള്‍. എന്നാല്‍ പ്രതിയുടെ പ്രതിരോധം ഘട്ടംഘട്ടമായി പോലീസ് പൊളിക്കുകയായിരുന്നു.

നവംബര്‍ ആറാം തിയതി മുതലാള് വിജയലക്ഷ്മിയെ കാണാതാവുന്നത്. യുവതിയെ അമ്പലപ്പുഴയില്‍ വീട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷം പ്രതി കൊലപ്പെടുത്തുകയായിരുന്നു. അഴീക്കല്‍ ഹാര്‍ബറില്‍വെച്ചാണ് പ്രതിയും വിജയലക്ഷ്മിയും അടുപ്പത്തിലായത്. എന്നാല്‍ സുധീഷ് എന്നൊരാളുമായും വിജയലക്ഷ്മി ബന്ധം പുലര്‍ത്തിയിരുന്നു. ഒരിക്കല്‍, വിജയലക്ഷ്മിയെ കാണാന്‍പോയ ജയചന്ദ്രനെ കരുനാഗപ്പള്ളിയില്‍ നാട്ടുകാര്‍ തടഞ്ഞുവെക്കുകയും ഭാര്യയെയും മകനെയും അറിയിക്കുകയും ചെയ്തു. ഇതു ജയചന്ദ്രന് അപമാനമായി. സംഭവം വിജയലക്ഷ്മിയുടെ അറിവോടെയാണെന്നാണ് ജയചന്ദ്രന് സംശയമായി.

ഇതു പകയായി മാറുകയും ചെയ്തു. ഇതിനിടയിലാണ് വിജയലക്ഷ്മിക്ക് സുധീഷുമായി അടുപ്പമുണ്ടെന്ന് ജയചന്ദ്രന്‍ മനസ്സിലാക്കുന്നത്. ഇതോടെയാണ് വിജയലക്ഷ്മിയെ കൊലപ്പെടുത്താന്‍ ജയചന്ദ്രന്‍ പദ്ധതി തയ്യാറാക്കുന്നത്. അമ്പലപ്പുഴ ക്ഷേത്രത്തില്‍ കൊണ്ടുപോകാമെന്നു പറഞ്ഞ് കൊല നടന്ന ദിവസം വിജയലക്ഷ്മിയെ ജയചന്ദ്രന്‍ വീട്ടിലേക്കു വിളിച്ചുവരുത്തി. ഈ പക മനസ്സിലുള്ളപ്പോഴാണ് വിജയലക്ഷ്മിക്ക് സുധീഷുമായുള്ള ബന്ധം, അവരുടെ ഫോണ്‍ വിളിയിലൂടെ അന്നു രാത്രി ജയചന്ദ്രന്‍ കണ്ടെത്തുന്നതും.

ഫോണ്‍ സംഭാഷണത്തിന്റെ പേരില്‍ രണ്ടു പേരും തമ്മില്‍ അടിപിടിയായി. വിജയലക്ഷ്മിയെ കട്ടിലില്‍ തള്ളിയിട്ടശേഷം വെട്ടുകത്തി ഉപയോഗിച്ച് ഒന്നിലേറെത്തവണ ഇയാള്‍ വെട്ടി. മരണം ഉറപ്പിച്ച ശേഷം വിജയലക്ഷ്മിയുടെ വസ്ത്രം വീടിനടുത്ത് നിര്‍മാണം നടക്കുന്ന മറ്റൊരു വീടിന്റെ ശൗചാലയത്തിലിട്ടു കത്തിക്കുകയും ചെയ്തു. വീടുപണിയുന്നതിന് തലേന്നു കല്ലിട്ട സമീപത്തെ പുരയിടത്തില്‍ മൃതദേഹം കയറില്‍ കെട്ടിവലിച്ചുകൊണ്ടുപോയി കുഴിച്ചിട്ടത് അതിനുശേഷമാണ്. ഒരുമീറ്റര്‍ ആഴത്തില്‍ കുഴിയെടുത്താണ് മൂടിയത്.

ആ സ്ഥലത്തെ മണ്ണ് രണ്ടുദിവസത്തിനുശേഷം വിണ്ടുകീറിയതുകണ്ട ജയചന്ദ്രന്‍, മറ്റൊരു വീട് പണിയുന്നിടത്തുനിന്ന് കോണ്‍ക്രീറ്റ് മിശ്രിതം കൊണ്ടുവന്ന് അവിടെ വിതറി. അതിനിടെയാണ് ബന്ധുക്കള്‍ വിജയലക്ഷ്മിയെ അന്വേഷിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതും മുന്‍പു കണ്ട സിനിമയിലെ രംഗം അനുകരിച്ച് വിജയലക്ഷ്മിയുെട ഫോണ്‍ എറണാകുളത്തുപോയി കണ്ണൂരിലേക്കുള്ള ബസ്സില്‍ ഉപേക്ഷിച്ചതും.

വിജയ ലക്ഷ്മിയുടെ മൃതദേഹം ഒഡീഷയിലുള്ള സഹോദരന്‍ എത്തിയ ശേഷം കൊല്ലം കുലശേഖരപുരത്തെ വീട്ടില്‍ സംസ്‌കരിക്കും. വിജയലക്ഷ്മി താമസിക്കുന്ന വീട്ടിന് സമീപത്തുള്ളവരാണ് യുവതിയെ കാണാനില്ലെന്ന് ബന്ധുക്കളെ അറിയിച്ചത്. തുടര്‍ന്നാണ് ബന്ധുക്കള്‍ പരാതി നല്‍കിയത്. വിജയലക്ഷ്മിയും ജയചന്ദ്രനും തമ്മില്‍ നേരത്തെ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നും വിജയ ലക്ഷ്മിയുടെ സഹോദരിയും സ്ഥിരീകരിക്കുന്നു. പണം അടക്കം വാങ്ങി വിജയ ലക്ഷ്മി തന്നെ കബളിപ്പിക്കുകയാണ് എന്ന സംശയം ജയചന്ദ്രനുണ്ടായിരുന്നു. അയല്‍ വാസികളോടും സുഹൃത്തുക്കളോടും അടുപ്പം സൂക്ഷിക്കാത്ത പ്രതി അരുംകൊല നടത്തിയതിന്റെ ഞെട്ടലിലാണ് നാട്.

Tags:    

Similar News