ഭാര്യയുടെ ജീവിതകഥ സിനിമയാക്കാമെന്ന് വാഗ്ദാനം നൽകി പണം കൈപ്പറ്റി; 200 കോടി രൂപ വരെ ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ചു; 30 കോടി രൂപ തട്ടിയെന്ന പരാതിയിൽ പിടിയിലായത് ബോളിവുഡ് സംവിധായകൻ വിക്രം ഭട്ട്
മുംബൈ: 30 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രശസ്ത ബോളിവുഡ് സംവിധായകൻ വിക്രം ഭട്ട് അറസ്റ്റിൽ. രാജസ്ഥാൻ പോലീസ് മുംബൈ പോലീസുമായി ചേർന്ന് നടത്തിയ സംയുക്ത നീക്കത്തിലാണ് സംവിധായകൻ പിടിയിലായത്. ഉദയ്പൂരിലെ ഒരു ഡോക്ടറെ സിനിമാ നിർമ്മാണത്തിന്റെ പേരിൽ കബളിപ്പിച്ചു എന്നാണ് വിക്രം ഭട്ടിനും കുടുംബാംഗങ്ങൾക്കുമെതിരായ പരാതി.
ഉദയ്പൂരിലെ ഇന്ദിര ഗ്രൂപ്പ് ഓഫ് കമ്പനീസ് സ്ഥാപകനായ ഡോ. അജയ് മുർദിയയാണ് വിക്രം ഭട്ടിനും മറ്റ് എട്ട് പേർക്കുമെതിരെ ഭൂപാൽപുര പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഡോക്ടറുടെ അന്തരിച്ച ഭാര്യയുടെ ജീവിതകഥ സിനിമയാക്കാമെന്ന് വാഗ്ദാനം ചെയ്താണ് വിക്രം ഭട്ടും സംഘവും പണം കൈപ്പറ്റിയത്. സിനിമയിൽ നിന്നു 200 കോടി രൂപ വരെ ലാഭം നേടാമെന്ന് വിശ്വസിപ്പിച്ചാണ് ഡോ. മുർദിയയിൽ നിന്ന് 30 കോടി രൂപയിലേറെ തട്ടിയെടുത്തതെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേസിൽ പ്രതികളായ വിക്രം ഭട്ട്, ഭാര്യ ശ്വേതാംബരി ഭട്ട്, മകൾ കൃഷ്ണ ഭട്ട് ഉൾപ്പെടെയുള്ളവർക്കെതിരെ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് മുംബൈയിലെ യാരി റോഡിലുള്ള ബന്ധുവിന്റെ വീട്ടിൽ നിന്ന് വിക്രം ഭട്ടിനെ രാജസ്ഥാൻ പോലീസ് കസ്റ്റഡിയിലെടുത്തത്. വിക്രം ഭട്ടിന്റെ ഭാര്യ ശ്വേതാംബരി ഭട്ടിനെയും പോലീസ് കസ്റ്റഡിയിലെടുത്തതായാണ് റിപ്പോർട്ടുകൾ.
അറസ്റ്റിന് പിന്നാലെ വിക്രം ഭട്ടിനെ ഉദയ്പൂരിലേക്ക് കൊണ്ടുപോകുന്നതിനായി രാജസ്ഥാൻ പോലീസ് മുംബൈ ബാന്ദ്ര കോടതിയിൽ ട്രാൻസിറ്റ് റിമാൻഡിന് അപേക്ഷിച്ചു. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം ഉടൻ തന്നെ അദ്ദേഹത്തെ ഉദയ്പൂരിലേക്ക് കൊണ്ടുപോകും. തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ വിക്രം ഭട്ട് നേരത്തെ നിഷേധിച്ചിരുന്നു. ഡോക്ടർ പറയുന്ന രേഖകളെല്ലാം വ്യാജമാണെന്നും അദ്ദേഹം ഒരു പ്രസ്താവനയിൽ അറിയിച്ചിരുന്നു.
‘രാസ്’, ‘1920’, ‘ഹോണ്ടഡ്’ തുടങ്ങിയ നിരവധി ത്രില്ലർ, ഹൊറർ ചിത്രങ്ങളിലൂടെ ബോളിവുഡിൽ ശ്രദ്ധേയനായ സംവിധായകനാണ് വിക്രം ഭട്ട്. പ്രമുഖ ചലച്ചിത്രകാരൻ മഹേഷ് ഭട്ടിന്റെ സഹോദരൻ കൂടിയാണ് അദ്ദേഹം. വിക്രം ഭട്ടിന്റെ അറസ്റ്റ് ബോളിവുഡ് സിനിമാ ലോകത്ത് വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്.