ഭാര്യയുടേയും മകളുടേയും മൃതദേഹവുമായി നാട്ടിലെത്തിയാല്‍ അറസ്റ്റ് ഉറപ്പ്; സംസ്‌കാരം ഷാര്‍ജയില്‍ നടത്താന്‍ പിടിവലി കൂടുന്നതിന്റെ മറ്റൊരു കാരണം കൊല്ലത്തെ റീ പോസ്റ്റ്‌മോര്‍ട്ടം അട്ടിമറി; ഒളിവിലായിരുന്ന നിതീഷ് കോണ്‍സുലേറ്റിലെത്തി വാദിച്ചത് അച്ഛനും സഹോദരിയ്ക്കും കൈവിലങ്ങ് വീഴാതിരിക്കാന്‍; ഷൈലജ പോരാട്ടത്തില്‍; വിപഞ്ചികയ്ക്കും കുഞ്ഞിനും നീതി കിട്ടുമോ?
കൊല്ലം: ഒളിവിലും കളി തുടര്‍ന്ന് നിതീഷ്. കോട്ടയം പനച്ചിക്കാട് പൂവന്‍തുരുത്ത് വലിയവീട്ടില്‍ നിതീഷിന്റെ ഭാര്യയും കുണ്ടറ സ്വദേശിയുമായ വിപഞ്ചികയുടെയും മകള്‍ വൈഭവിയുടെയും മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഇതോടെയാണ് കളികള്‍ തുടങ്ങിയത്. എങ്ങനേയും മരിച്ചവരുടെ മൃതദേഹം നാട്ടില്‍ എത്താതിരിക്കാനായി ശ്രമം. റീ പോസ്റ്റ്‌മോര്‍ട്ടം ഉണ്ടാകാതിരിക്കാനാണ് ഇതെല്ലാം. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനും യുഎഇയില്‍ പ്രതികള്‍ക്കെതിരേ നിയമനടപടികളെടുക്കുന്നതിനും ഷൈലജ ബന്ധുവിനൊപ്പം ചൊവ്വാഴ്ച രാവിലെ ഷാര്‍ജയിലെത്തിയത് ഈ സാഹചര്യത്തിലാണ്.
മകളെ യുഎഇയില്‍ തന്നെ സംസ്‌കരിക്കാനും നിതീഷ് ശ്രമിച്ചു. എന്നാല്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഇതിന് അനുവദിച്ചില്ല. ഇതോടെ രണ്ട് മൃതദേഹവും കേരളത്തിലെത്താനുളള സാധ്യത തെളിഞ്ഞു. ഷാര്‍ജയിലും നിതീഷിനെതിരെ പരാതി കൊടുക്കും. കേരളാ പോലീസിന്റെ കേസെടുക്കലിനെ തുടര്‍ന്ന് ഒളിവില്‍ പോയ നിതീഷ് നേരിട്ടെത്തി ചില ഇടപെടല്‍ നടത്തി. പക്ഷേ അതും വിജയിച്ചില്ല. അങ്ങനെ കുഞ്ഞിന്റെ സംസ്‌കാരം മാറ്റിവെച്ചു. ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ഇടപെടലിനെത്തുടര്‍ന്നാണ് ചൊവ്വാഴ്ച വൈകീട്ട് നടത്താനിരുന്ന വൈഭവിയുടെ സംസ്‌കാരചടങ്ങ് മാറ്റിവെച്ചത്. സംസ്‌കാരം സംബന്ധിച്ച് വിപഞ്ചികയുടെ ഭര്‍ത്താവ് നിതീഷുമായി ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയിലാണ് സംസ്‌കാരം മാറ്റിവെയ്ക്കാന്‍ തീരുമാനമെടുത്തത്. നിതീഷിനെ നിര്‍ബന്ധപൂര്‍വ്വം വിളിച്ചു വരുത്തുകയായിരുന്നു.
വൈഭവിയുടെ മൃതദേഹം ചൊവ്വാഴ്ച വൈകീട്ട് തന്നെ ഷാര്‍ജയില്‍ സംസ്‌കരിക്കാനായിരുന്നു നിതീഷിന്റെയും കുടുംബത്തിന്റെയും നീക്കം. എന്നാല്‍, ഇത് തടയണമെന്നും മൃതദേഹം നാട്ടില്‍ സംസ്‌കരിക്കണമെന്നും ഷാര്‍ജയിലെത്തിയ വിപഞ്ചികയുടെ അമ്മ ഷൈലജ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് ഇന്ത്യന്‍ കോണ്‍സുലേറ്റ് വിഷയത്തില്‍ ഇടപെട്ടത്. കുഞ്ഞിന്റെ മൃതദേഹവുമായി നിതീഷിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ശ്മശാനത്തില്‍ എത്തിയിരുന്നു. ഇതിനിടെയാണ് ഇന്ത്യന്‍ കോണ്‍സുലേറ്റ് ഇടപെട്ടു. നിതീഷിന്റെ ഇന്ത്യന്‍ കോണ്‍സുലേറ്റിലേക്ക് വിളിപ്പിച്ചു. തുടര്‍ന്ന് സംസ്‌കരിക്കാനായി കൊണ്ടുവന്ന മൃതദേഹം തിരികെകൊണ്ടുപോയി.
വിപഞ്ചികയുടെയും കുഞ്ഞിന്റെയും മൃതദേഹം നാട്ടില്‍ കൊണ്ടുപോകാന്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഇടപെടണമെന്ന് ഷാര്‍ജയിലെത്തിയ ഷൈലജ ആവശ്യപ്പെട്ടിരുന്നു. കുഞ്ഞിന്റെ മൃതദേഹം ചൊവ്വാഴ്ച വൈകീട്ട് തന്നെ സംസ്‌കരിക്കുമെന്ന് നിതീഷിന്റെ ബന്ധുക്കള്‍ അറിയിച്ചതായും എന്നാല്‍, രണ്ടുപേരുടെയും മൃതദേഹം നാട്ടില്‍കൊണ്ടുപോയി സംസ്‌കരിക്കണമെന്നതാണ് തങ്ങളുടെ ആവശ്യമെന്നും അവര്‍ പറഞ്ഞു. മൃതദേഹം വിദേശത്ത് സംസ്‌കരിക്കേണ്ട. നാട്ടില്‍ സംസ്‌കരിക്കണം. ഒന്നുകില്‍ നിതീഷിന്റെ വീട്ടിലോ അല്ലെങ്കില്‍ തന്റെ വീട്ടിലോ സംസ്‌കരിക്കണം. നാട്ടില്‍ നിതീഷിന്റെ വീട്ടില്‍ സംസ്‌കാരിച്ചാലും വിഷമമില്ല. നാട്ടില്‍ വേണമെന്നേയുള്ളൂ. രണ്ടുപേരുടെയും മൃതദേഹം നാട്ടിലെത്തിക്കണം. ജനിച്ച മണ്ണില്‍ അവരെ സംസ്‌കരിക്കണം. അതിന് അനുവദിക്കണം. ഇവിടെ സംസ്‌കരിക്കണമെന്ന് നിതീഷ് വാശിപിടിക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും ഷൈലജ പറഞ്ഞു. മൃതദേഹവുമായി നാട്ടില്‍ വന്ന അറസ്റ്റിലാകുമെന്ന് നിതീഷിന് ഭയമുണ്ട്. ഇതുകൊണ്ടാണ് യാത്ര ഒഴിവാക്കാനുള്ള തന്ത്രം.
കൊല്ലം കൊറ്റംകര കേരളപുരം സ്വദേശിനി രജിത ഭവനില്‍ വിപഞ്ചിക മണിയന്‍ (33), മകള്‍ വൈഭവി നിതീഷ് (ഒന്നര) എന്നിവരെയാണ് അല്‍ നഹ്ദയിലെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടത്. കുഞ്ഞിനെ കൊലപ്പെടുത്തി വിപഞ്ചിക ജീവനൊടുക്കിയെന്നാണ് നിഗമനം. ജൂലായ് എട്ടിന് രാത്രിയായിരുന്നു സംഭവം. ദുബായിലെ ഒരു സ്വകാര്യസ്ഥാപനത്തില്‍ ഫയലിങ് ക്ലാര്‍ക്കായിരുന്നു വിപഞ്ചിക. ദുബായില്‍ത്തന്നെ ജോലിചെയ്യുന്ന കോട്ടയം നാല്‍ക്കവല സ്വദേശി നിതീഷ് വലിയവീട്ടിലാണ് ഭര്‍ത്താവ്. ഇരുവരും വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നു. ഏഴുവര്‍ഷമായി വിപഞ്ചിക യുഎഇയിലാണ് ജോലിചെയ്യുന്നത്. നാലരവര്‍ഷം മുന്‍പായിരുന്നു വിവാഹം. നിതീഷിന്റെയും ഭര്‍തൃകുടുംബാംഗങ്ങളുടെയും കൊടിയപീഡനം കാരണമാണ് വിപഞ്ചിക ജീവനൊടുക്കിയതെന്നാണ് ആരോപണം. നിതീഷില്‍നിന്നും ഇയാളുടെ പിതാവ്, സഹോദരി എന്നിവരില്‍നിന്നും നേരിട്ട പീഡനങ്ങളെക്കുറിച്ച് വിപഞ്ചിക എഴുതിയ ആത്മഹത്യാക്കുറിപ്പും പുറത്തുവന്നിരുന്നു. ഇതോടെ നിതീഷും കുടുംബവും പ്രതിക്കൂട്ടിലായി. കുണ്ടറയില്‍ കേസെടുത്തു.
അഥിനിടെ വിപഞ്ചികയുടെ അമ്മ ഷൈലജയുടെ വിശദമായ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. തുടര്‍ന്ന് എഫ്ഐആര്‍ മാറ്റിയെഴുതി. ഗാര്‍ഹിക പീഡനവും ആത്മഹത്യാ പ്രേരണയും മാറ്റി സ്ത്രീധനപീഡന മരണമാക്കിയാണ് എഫ്ഐആര്‍ പുതുക്കിയത്. ഭര്‍ത്താവ് നിതീഷാണ് കേസിലെ ഒന്നാം പ്രതി. ഭര്‍ത്തൃസഹോദരി നീതു രണ്ടാം പ്രതിയും നിതീഷിന്റെ അച്ഛന്‍ മൂന്നാം പ്രതിയുമാണ്.