ശരീരത്തില്‍ ചില ചതവുകള്‍ കാണുന്നുണ്ട്; പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വരുന്നതോടെ കാര്യങ്ങളില്‍ വ്യക്തത വരും; പ്രതിയെ നാട്ടിലെത്തിക്കാനുള്ള നടപടി ഉണ്ടാകും; ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും; ഭര്‍ത്താവും സഹദരിയും അച്ഛനും അകത്താകും; വിപഞ്ചിക കേസില്‍ പീഡനത്തിന് തെളിവ് ഇന്‍ക്വസ്റ്റില്‍

Update: 2025-07-23 08:34 GMT

തിരുവനന്തപുരം: ഷാര്‍ജയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച കൊല്ലം സ്വദേശിനി വിപഞ്ചികയുടെ ഇന്‍ക്വസ്റ്റ് നടപടികളില്‍ തെളിയുന്ന മര്‍ദ്ദനത്തിന്റെ പാടുകള്‍. ശരീരത്തില്‍ ചില ചതവുകള്‍ കാണുന്നുണ്ട്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വരുന്നതോടെ കാര്യങ്ങളില്‍ വ്യക്തത വരുമെന്നും ഡിവൈഎസ്പി മുകേഷ് ജിബി പറഞ്ഞു. അന്വേഷണം നടക്കുന്നുണ്ട്. പ്രതിയെ നാട്ടിലെത്തിക്കാനുള്ള നടപടി ഉണ്ടാകും. ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നത് ഉള്‍പ്പടെ പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ നിതീഷ് അറസ്റ്റിലാകുമെന്ന് ഏതാണ്ട് ഉറപ്പായി. വിപഞ്ചികയുടെ മൃതദേഹത്തെ അനുഗമിച്ച് ഭര്‍ത്താവോ വീട്ടുകാരോ വന്നിട്ടില്ല. അറസ്റ്റ് ഭയന്നാണ് ഇത്. അതിനിടെ ഈ കുടുംബം ഒളിവില്‍ പോകാനും സാധ്യതയുണ്ട്. അതിനാല്‍ അടിയന്തര നടപടികളിലേക്ക് പോലീസ് കടക്കും.

പ്രതിക്ക് അര്‍ഹമായ ശിക്ഷ ലഭിക്കണമെന്ന് വിപഞ്ചികയുടെ കുടുംബം പറയുന്നു. പ്രതിക്ക് അര്‍ഹമായ ശിക്ഷ ലഭിക്കണമെങ്ങില്‍ നാട്ടിലെത്തിച്ചു നിയമനടപടിക്ക് വിധേയനാക്കണം. പ്രതിയെ നാട്ടില്‍ എത്തിക്കാന്‍ സര്‍ക്കാരും കോണ്‍സിലേറ്റും ഇടപെടണമെന്നും വിപഞ്ചികയുടെ സഹോദരന്‍ വിനോദ് മണിയന്‍ പറഞ്ഞു. 'മാനസിക പീഡനം ആണെങ്കിലും ആത്മഹത്യ ചെയ്തതിനാല്‍ ഷാര്‍ജയില്‍ നിയമ സാധുത ഇല്ല. പ്രശ്‌നങ്ങള്‍ താന്‍ തന്നെ തീര്‍ത്ത് കൊള്ളാം എന്ന് വിപഞ്ചിക പറഞ്ഞിരുന്നു. ഒരു തവണ താന്‍ ഇടപെട്ട് പ്രശ്‌നം പരിഹരിക്കാന്‍ വിപഞ്ചികയെ നാട്ടില്‍ എത്തിച്ചു. നിതീഷ് വീണ്ടും ഒരു അവസരം ആവശ്യപ്പെട്ടപ്പോള്‍ ആണ് വിപഞ്ചിക കൂടെ പോയത്',-എന്ന് കുടുംബം പറയുന്നു.

10 ദിവസം മുന്‍പാണ് ഷാര്‍ജ അല്‍ നാഹ്ദയിലെ താമസയിടത്തില്‍ കൊല്ലം കൊറ്റംകര കേരളപുരം സ്വദേശിനി രജിത ഭവനില്‍ വിപഞ്ചിക മണിയന്‍ (33), മകള്‍ ഒന്നര വയസ്സുകാരി വൈഭവി നിധീഷ് എന്നിവരെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മകളെ കൊലപ്പെടുത്തിയ ശേഷം വിപഞ്ചിക ആത്മഹത്യ ചെയ്തതാണെന്നും പിന്നീട് ഷാര്‍ജ പോലീസ് സ്ഥിരീകരിക്കുകയുണ്ടായി. അതുകൊണ്ട് തന്നെ അവിടുത്തെ കേസില്‍ ഭര്‍ത്താവ് നിതീഷ് പ്രതിയാകില്ല. എന്നാല്‍ കേരളത്തില്‍ എടുത്ത കേസില്‍ ആത്മഹത്യാ പ്രേരണയും സ്ത്രീധന പീഡന വകുപ്പുകളുമുണ്ട്. ഇതെല്ലാം ജാമ്യമില്ലാ വകുപ്പുകളാണ്. ഈ സാഹചര്യത്തിലാണ് വിപഞ്ചികയുടെ ഭര്‍ത്താവും കുടുംബവും നാട്ടിലേക്ക് വരാത്തത്.

അതേസമയം, വിപഞ്ചികയുടേത് ആത്മഹത്യ ആണോ കൊലപാതകം ആണോ എന്നത് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കുന്നതോടെ മനസിലാകുമെന്ന് ബിജെപി നേതാവ് വി. മുരളീധരന്‍ പറഞ്ഞു. കുടുംബത്തിനു കൊലപാതകം ആണെന്ന സംശയം ഉണ്ട്. സര്‍ക്കാര്‍ കുടുംബത്തോടൊപ്പം നില്‍ക്കണം. നിയമനടപടിയിലേക്ക് കടക്കുമ്പോള്‍ സര്‍ക്കാര്‍ ഒപ്പം ഉണ്ടാകണമെന്നും വി. മുരളീധരന്‍. കൊല്ലം കേരളപുരത്തെ വീട്ടുവളപ്പിലാണ് വിപഞ്ചികയുടെ സംസ്‌കാരം നടക്കുക. മൂന്നു മണിയോടെയാകും സംസ്‌കാരച്ചടങ്ങുകള്‍ നടക്കുക.

Tags:    

Similar News