വിദേശ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; വാങ്ങിയെടുത്തത് 3.80 ലക്ഷം; പാസ്പോര്‍ട്ട് ഏജന്റിന്റെ കൈവശം; വിസ തട്ടിപ്പിനിരയായി മൂന്നു യുവാക്കള്‍ ദുബായില്‍ കുടുങ്ങിക്കിടക്കുന്നുവെന്ന് ബന്ധുക്കള്‍
വിദേശ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; വാങ്ങിയെടുത്തത് 3.80 ലക്ഷം; പാസ്പോര്‍ട്ട് ഏജന്റിന്റെ കൈവശം
പത്തനംതിട്ട: ജോലി വാഗ്ദാനം ചെയ്തുള്ള തട്ടിപ്പില്‍ അകപ്പെട്ട മൂന്നു യുവാക്കള്‍ ദുബായില്‍ കുടുങ്ങിക്കിടക്കുന്നുവെന്ന് ബന്ധുക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ചെന്നീര്‍ക്കര ചിറക്കേരോട്ട് ബിന്ദുകുമാറിന്റെ മകന്‍ വിപിന്‍കുമാര്‍, കല്ലുങ്കല്‍ റാണിയുടെ മകന്‍ മനീഷ്, ഓച്ചിറ ആലുംപീടിക കോയിക്കത്തറ കിഴക്കേതില്‍ സാജി ലക്ഷ്മിയുടെ മകന്‍ ആദിത് വിജയ് എന്നിവരാണ് തട്ടിപ്പിന് ഇരയായത്.
ഇവര്‍ ദുബായില്‍ എത്തിയ ശേഷം ജോലി ഇല്ലാതെ പുറത്തിറങ്ങാന്‍ കഴിയാതെ ഇപ്പോള്‍ കുടുങ്ങിക്കിടക്കുകയാണ്. ദുബായില്‍ ഡെലിവറി ബോയി ജോലി നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് തിരുവനന്തപുരം കടുവാപ്പള്ളി കല്ലമ്പലം സ്വദേശിയായ മുഹമ്മദ് യാസര്‍ എന്നയാള്‍ 1,30,000 രൂപ വീതം ബിന്ദുകുമാര്‍, റാണി എന്നിവരില്‍ നിന്നും 1,20,000 രൂപ സാജി ലക്ഷ്മിയില്‍ നിന്നും വാങ്ങിയെടുത്തുവെന്നാണ് പരാതി.
ബിന്ദുവിന്റെ വീടിന് അടുത്തുള്ള ചെന്നീര്‍ക്കര ചരിവുകാലായില്‍ സ്മിതയാണ് ഏജന്റായി നിന്ന് പണം വാങ്ങി മുഹമ്മദ് യാസറിന് നല്‍കിയത്. യുവാക്കളെ വിസിറ്റിങ് വിസയില്‍ ദുബായില്‍ എത്തിച്ച ശേഷം ജോലി തരപ്പെടുത്തികൊടുക്കാതെ കബളിപ്പിക്കുകയായിരുന്നു. സ്മിതയുടെ യുപിഐ നമ്പരിലേക്കാണ് മൂവരും പണം അയച്ച് നല്‍കിയത്.
മേയ് 15 ന് വിപിന്‍കുമാറിനേയും ആദിത്യയേയും ദുബായിലേക്ക് കൊണ്ടു പോയി. മനീഷ് ജൂണ്‍ 18 നും പോയി. മനീഷ് ദയറാ എന്ന സ്ഥലത്തും വിവിന്‍കുമാറും ആദിത്യയും അജ്മാനിലുമാണ്. ഇതുവരെ ആര്‍ക്കും ജോലി ലഭിച്ചിട്ടില്ല. ജോലിയുടെ കാര്യം സ്മിതയോടു ചോദിച്ചപ്പോള്‍ ഉടനെ ശരിയാകും എന്ന് പറഞ്ഞ് ഒഴിയുകയായിരുന്നു. ഇപ്പോള്‍ അവരും ഒളിവിലാണ്. യാസറിനെ വിളിച്ചാല്‍ ഫോണ്‍ എടുക്കുന്നില്ല. ഇവര്‍ കൊണ്ടു പോയ നിരവധിപേര്‍ ഇതുപോലെ ജോലി ഇല്ലാതെ അവിടെയുണ്ട്. മൂന്നുയുവാക്കളും അവിടെ വാടക മുറിയില്‍കഴിയുകയാണ്. ഭക്ഷണം പോലും കഴിക്കാന്‍ കഴിയാതെ വിഷമിക്കുകയാണ് അവര്‍.
മൂന്നുപേരുടെയും വിസയും മുഹമ്മദ് യാസര്‍ വാങ്ങി വച്ചിരിക്കുകയാണ്. വിസ കാലാവധി കഴിഞ്ഞതിനാല്‍ മൂന്നുപേര്‍ക്കും പുറത്തിറങ്ങാനും കഴിയുന്നില്ല. രണ്ടു ലക്ഷം രൂപ വീതം നല്‍കിയാല്‍ നാട്ടില്‍ വിടാമെന്നാണ് മുഹമ്മദ് യാസര്‍ പറയുന്നത്. കൂടാതെ ഇയാളുടെ ഭീഷണിയുമുണ്ട്. മക്കളെ എത്രയുംവേഗം നാട്ടില്‍ എത്തിക്കുന്നതിനും നഷ്ടപ്പെട്ട പണം തിരികെ ലഭിക്കാനുമായി ജില്ലാ പോലീസ് മേധാവി, ഇലവുംതിട്ട പോലീസ് എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്ന് ബിന്ദുകുമാര്‍, റാണി, സാജി ലക്ഷ്മി എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. നോര്‍ക്ക, ആന്റോ ആന്റണി എം.പി എന്നിവര്‍ക്കും ഇവര്‍ പരാതി നല്‍കിയിട്ടുണ്ട്.