'രാത്രി ഇരുട്ടിൽ ഭയം കൊണ്ട് നേരെ ഓടിയത് അഞ്ചുതെങ്ങിലെ ബന്ധു വീട്ടിൽ; പോലീസ് എത്തിയപ്പോൾ നാടകീയ കീഴടങ്ങൽ..'; മദ്യലഹരിയിൽ കലി അടങ്ങാതെ തീര്‍ഥപ്പന്റെ തല പിടിച്ച് റോഡിലിടിച്ചു; വേദന സഹിച്ച് പാതി ബോധത്തിൽ വീട്ടിലേക്ക് യാത്ര; എല്ലാം കൈവിട്ടുപോയത് ആ ചീത്തവാക്ക് പ്രയോഗത്തിൽ; വിഴിഞ്ഞത്തെ നടുക്കിയ അരുംകൊലയിൽ അയൽവാസി കുടുങ്ങുമ്പോൾ
വിഴിഞ്ഞം: സമൂഹത്തിൽ ഇപ്പോൾ കൊലപാതകങ്ങൾ തുടർക്കഥ ആവുകയാണ്. ആളുകൾ ചെറിയ കാര്യങ്ങൾക്ക് വരെ ദേഷ്യപ്പെടുകയും പക ഉള്ളിലൊതുക്കി നിയമത്തെ പോലും പേടിയില്ലാതെ ക്രൂരമായ പ്രവർത്തികൾ ചെയ്യുന്നു. ചിലപ്പോൾ മദ്യത്തിന്റെ പാതി ബോധത്തിലും ഇത് സംഭവിക്കാറുണ്ട്. അത്തരമൊരു അരുംകൊലയാണ് കഴിഞ്ഞ തിങ്കളാഴ്ച രാത്രി വിഴിഞ്ഞത്ത് നടന്നത്. മദ്യപാനത്തിനിടെ നടന്ന വാക്കുതർക്കമാണ് അരുംകൊലയിലേക്ക് നയിച്ചത്.
കൂട്ടുകാർക്കൊപ്പം ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ അസഭ്യം പറഞ്ഞത് വിലക്കി. ഇതിന്റെ പ്രകോപനത്തിൽ ദേഷ്യം സഹിക്കാൻ കഴിയാതെ മത്സ്യത്തൊഴിലാളിയുടെ തല പിടിച്ച് നിരവധി തവണ റോഡിൽ ഇടിക്കുകയായിരുന്നു. ഇതോടെ തലയ്ക്ക് മാരകമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി. കോട്ടുകാല്‍ വില്ലേജില്‍ ചൊവ്വര അമ്പലത്തുമൂല ഷൈനി ഹൗസില്‍ തീര്‍ഥപ്പന്‍(56) ആണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ വെച്ച് മരിച്ചത്. സംഭവത്തിന് ശേഷം അയല്‍വാസിയായ അലോഷ്യസിനെതിരെ വിഴിഞ്ഞം പോലീസ് കൊലക്കുറ്റം ചുമത്തി കേസ് എടുത്തിരുന്നു. തുടർന്ന് ഒളിവിൽപ്പോയ പ്രതി വിഴിഞ്ഞം പോലീസ് സ്റ്റേഷനിലെത്തി സ്വമേധയ കീഴടങ്ങി.
കഴിഞ്ഞ 28- ന് രാത്രി 9.45- ഓടെയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അടിമലത്തുറ ബീച്ച് റോഡില്‍ സ്റ്റാര്‍ ഇലവന്‍ ക്ലബ്ബിന്റെ ഗ്രൗണ്ടിന് അടുത്തായുള്ള ഷെഡിൽ വെച്ചാണ് അരുംകൊല നടന്നത്. എല്ലാവരുമായി ഒത്തുകൂടിയിരുന്ന് മദ്യപിക്കുന്നതിനിടയില്‍ അലോഷ്യസ് ചീത്ത വാക്ക് പ്രയോഗിച്ചത് തീര്‍ഥപ്പന്‍ വിലക്കിയിരുന്നു. ഇതിന്റെ പ്രകോപനത്തില്‍ വാക്ക് തർക്കം ഉണ്ടാവുകയും അലോഷ്യസ് ഷെഡില്‍നിന്ന് പുറത്തിറങ്ങിയശേഷം തീര്‍ഥപ്പനുമായി കൈയ്യകളിയിലേക്ക് കാര്യങ്ങൾ നീങ്ങുകയും ചെയ്തു. പിടിവലിക്കിടെ തീര്‍ഥപ്പന്‍ റോഡില്‍ വീണു.
തുടര്‍ന്ന് പ്രതി തലപിടിച്ച് നിരവധി തവണ റോഡിലിടിച്ച് തീര്‍ഥപ്പനെ പരിക്കേല്‍പ്പിക്കുകയായിരുന്നു. എന്നാൽ, ഇത് വലിയ കാര്യമാക്കാതെ ചികിത്സ ഒന്നും തേടാതെ പൊട്ടിയ തലയുമായി വീട്ടിലെത്തുകയായിരുന്നു. പിറ്റേ ദിവസം രാവിലെ അവശനിലയിൽ കണ്ട തീര്‍ഥപ്പനെ വീട്ടുകാർ ചേർന്ന്
ഉടനെ തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചുവെങ്കിലും ചികിത്സയിലിരിക്കെ വെളളിയാഴ്ച പുലര്‍ച്ചെ 2.30-ഓടെ മരിച്ചു. തലയ്‌ക്കേറ്റ മാരകമായ മുറിവാണ് മരണകരണമെന്ന് വിഴിഞ്ഞം പോലീസ് വ്യക്തമാക്കി. സംഭവത്തിൽ അയൽവാസിയായ പ്രതി പിടിയിലായിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട് വിഴിഞ്ഞം പോലീസ് മറുനാടനോട് പ്രതികരിച്ചത് ഇങ്ങനെ
തീർഥപ്പനെ കൊലപ്പെടുത്തിയ പ്രതി അറസ്റ്റിലായിട്ടുണ്ട്. അയാൾ കൃത്യം നടത്തിയ ശേഷം ഭയം കൊണ്ട് അഞ്ചുതെങ്ങിലെ ഒരു ബന്ധുവിന്റെ വീട്ടിൽ പോയി. അങ്ങനെ പോലീസിന് കൃത്യമായ വിവരം ലഭിക്കുകയും പ്രതിയെ പിടികൂടാൻ ബന്ധുവീട്ടിൽ ചെന്നപ്പോൾ. അവിടെ നിന്നും പ്രതി വിഴിഞ്ഞം പോലീസ് സ്റ്റേഷനിൽ വന്ന് കീഴടങ്ങുകയായിരുന്നു. മരണപ്പെട്ട ആളിനെ ചീത്തവിളിച്ചതിന്റെ പ്രകോപനത്തിലാണ് ക്രൂര കൃത്യം അരങേറിയത് എന്നും വിഴിഞ്ഞം പോലീസ് പറഞ്ഞു.