ഇന്റർനാഷണൽ അംഗീകാരമുള്ള സർട്ടിഫിക്കറ്റ് കോഴ്‌സുകൾ, ലോണും തരപ്പെടുത്തി നൽകും; ഒടുവിൽ വിദേശത്ത് ജോലിക്ക് അപേക്ഷിക്കുമ്പോൾ പുറത്ത് വരുന്നത് 'ഇന്റർനാഷണൽ സർട്ടിഫിക്കറ്റ്' തട്ടിപ്പ്; പഠിക്കാനെത്തുന്നവർക്ക് നഷ്ടമാകുന്നത് ലക്ഷങ്ങൾ; വിഎൽസിസിയുടെ തട്ടിപ്പിനിരയായവരുടെ പരാതികളേറുമ്പോൾ പണം കൈപ്പറ്റി 'കൂസലില്ലാതെ' തട്ടിപ്പും തുടരുന്നു
കൊച്ചി: ഇന്റർനാഷണൽ അംഗീകാരമുള്ള സർട്ടിഫിക്കറ്റ് നൽകാമെന്ന വ്യാജേന വിഎൽസിസി ഇൻസ്റ്റിറ്റ്യൂട്ട് കബളിപ്പിച്ചത് നിരവധി പേരെ. തിരുവന്തപുരത്തെ സ്ഥാപനത്തിൽ കോഴ്സ് പൂർത്തിയാക്കി പണം നഷ്ടമായവർ രംഗത്തെത്തിയതിന് പിന്നാലെ വിഎൽസിസിയുടെ കൂടുതൽ തട്ടിപ്പ് വിവരങ്ങളാണ് പുറത്ത് വരുന്നത്. സംസ്ഥാനത്ത് മാത്രം അഞ്ചോളം സ്ഥാപനങ്ങളാണ് വിഎൽസിസിയുടെ കീഴിലുള്ളത്. ഇവിടെ പഠിച്ചിറങ്ങി വിദേശത്ത് ജോലിക്കായി ശ്രമിക്കുന്ന ഒട്ടുമിക്ക പേർക്കും സമാനമായ അനുഭവമാണ് നേരിടേണ്ടി വന്നതെന്നാണ് സൂചന. എറണാകുളം കടവന്ത്ര പോലീസിലും വിഎൽസിസി ഇൻസ്റ്റിറ്റ്യൂട്ടിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
എറണാകുളം ചേരനല്ലൂർ സ്വദേശി അശ്വതി നൽകിയ പരാതിയിലാണ് കേസെടുത്തത്. 3,41,047 രൂപയാണ് ഇന്റർനാഷണൽ അഫിലിയേഷനുള്ള സർട്ടിഫിക്കറ്റ് നൽകാമെന്ന വ്യാജേന ഇവർ പരാതിക്കാരിയിൽ നിന്നും കൈപ്പറ്റിയത്. 2024 ഫെബ്രുവരിയിലാണ് അശ്വതി വൈറ്റില പൊന്നുരുന്നിയിലെ വിഎൽസിസി ഇൻസ്റ്റിറ്റ്യൂട്ടിൽ കോഴ്സിന് ചേരുന്നത്. ഇന്റർനാഷണൽ കോഴ്സ് ഇൻ ഇസ്തിയോളജി എന്ന കോഴ്സിനാണ് ചേരുന്നത്. 5 ലക്ഷം രൂപയാണ് ഈ ഒന്നര വർഷത്തെ കോഴ്സിനായി വിഎൽസിസി ആവശ്യപ്പെട്ടത്. മറ്റ് സ്ഥാപനങ്ങളെ അപേക്ഷിച്ച് വിഎൽസിസിയിൽ ഫീസ് അധികമായിരുന്നുവെന്നാണ് തട്ടിപ്പിനിരയായവർ പറയുന്നത്. ഇന്റർനാഷണൽ അഫിലിയേഷനുള്ള സർട്ടിഫിക്കറ്റുകൾ നല്കുന്നതിനാലാണ് അധികം തുകയാകുന്നതെന്നുമായിരുന്നു വിഎൽസിസിയുടെ വിശദീകരണം.
വിദേശത്ത് ജോലിക്കായി ശ്രമിച്ചവരാണ് തട്ടിപ്പിനിരയായവരിൽ ഏറെയും. 4 ലക്ഷത്തോളം രൂപയാണ് കോഴ്സിന്റെ ഫീസായി ആവശ്യപ്പട്ടിരുന്നത്. ഇതിൽ 2 ലക്ഷം രൂപ ആദ്യ തവണയായി പരാതിക്കാരി അടച്ചിരുന്നു. 1,41,047 രൂപ ലോണായും വിഎൽസിസി ജീവനക്കാർ തന്നെ തരപ്പെടുത്തി നൽകി. എന്നാൽ കോഴ്സ് പൂർത്തിയാക്കുന്നതിന് മുന്നേ തന്നെ പരാതിക്കാരിക്ക് വിഎൽസിസിയുടെ തട്ടിപ്പ് മനസ്സിലായി. മുൻപത്തെ ബാച്ചിൽ കോഴ്സ് പൂർത്തിയാക്കിയ കുട്ടി പരാതിയുമായി എത്തിയതോടെയാണ് തട്ടിപ്പ് പുറത്ത് വരുന്നത്. കോഴ്സ് പൂർത്തിയാക്കി ദുബായിൽ ജോലിക്ക് അപേക്ഷിച്ചപ്പോൾ ദുബായ് മെഡിക്കൽ അതോറിറ്റി (ഡിഎച്ച്എ) സർട്ടിഫിക്കറ്റ് നിരസിക്കുകയായിരുന്നു. അംഗീകാരമില്ലാത്തതിനാലാണ് സർട്ടിഫിക്കറ്റ് നിരസിച്ചത്.
ദുബായിൽ മെഡിക്കൽ ക്ലിനിക്കൽ ജോലികൾക്ക് യോഗ്യത നേടുന്നതിനായി ഒരു വർഷത്തെ പരിചയസമ്പത്ത് കൂടാതെ ദുബായ് മെഡിക്കൽ അതോറിറ്റി കീഴിൽ സംഘടിപ്പിക്കുന്ന പരീക്ഷ പാസ് ആകേണ്ടതുണ്ട്. സർട്ടിഫിക്കറ്റുകളുടെ അഫിലിയേഷൻ അടക്കമുള്ള കാര്യങ്ങൾ വിലയിരുത്തിയ ശേഷമാണ് ഈ പരീക്ഷ നടത്തുന്നതും. എന്നാൽ പാർലർ ജോലികൾക്ക് ഇത് ബാധകമല്ല. ക്ളിക്കൽ ജോലികൾക്ക് പരിശീലനം നൽകുന്ന കോഴ്സ് എന്ന് വിശ്വസിപ്പിച്ചാണ് പരാതിക്കാരിയെയും ചേർക്കുന്നത്. എന്നാൽ പഠിപ്പിച്ചിരുന്നത് വെറും ബ്യൂട്ടീഷ്യൻ കോഴ്സ് മാത്രമാണെന്ന് പിന്നീടാണ് മനസ്സിലാക്കുന്നതും. സർട്ടിഫിക്കറ്റുകൾ വിദേശ അംഗീകാരം ഉള്ളവയല്ലെന്ന ആരോപണവുമായി മുൻപ് പഠിച്ചിറങ്ങിയവർ രംഗത്തെത്തിയതോടെ പരാതിക്കാരിക്ക് കോഴ്സ് പൂർത്തിയാക്കാൻ കഴിയാതെയായി.
മൂന്നര ലക്ഷത്തിലേറെ രൂപ അശ്വതിക്ക് നഷ്ടമായിരുന്നു. പണം തിരികെ നൽകണമെന്ന ആവശ്യവുമായി പല തവണ വിഎൽസിസിയെ ബന്ധപ്പട്ടെങ്കിലും ഓരോ കാരണങ്ങൾ പറഞ്ഞ് അധികാരികൾ ഒഴിഞ്ഞു മാറുകയായിരുന്നു എന്നാണ് പരാതിക്കാരി പറയുന്നത്. നിരവധി പേരാണ് വിഎൽസിസിയുടെ തട്ടിപ്പിനിരയായത്. മലപ്പുറം സ്വദേശിയായ ഹന്നയും പൊന്നുരുന്നിയിലെ വിഎൽസിസി ഇൻസ്റ്റിറ്റ്യൂട്ടിനെതിരെ പരാതി നൽകിയിരുന്നു. നാലര ലക്ഷത്തോളം രൂപയാണ് ഹന്നയ്ക്ക് നഷ്ടമായതെന്നാണ് പരാതിയിൽ പറയുന്നത്. വിഎൽസിസിയുടെ തിരുവനന്തപുരം ബ്രാഞ്ചിനെതിരെയും സമാനമായ പരാതി ഉയർന്ന് വന്നിരുന്നു. പോത്തൻകോട് സ്വദേശിയായ സജ്‌ന ജബ്ബാർ ( 30 ) നൽകിയ പരാതിയിൽ ഫോർട്ട് പോലീസും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിദേശത്ത് ജോലി ചെയ്യാൻ ആവശ്യമായ സിഡെസ്കോ സർട്ടിഫിക്കേഷൻ പോലും ഇൻസ്റ്റിറ്റ്യൂട്ടിന് ഇല്ലെന്നും തട്ടിപ്പിനിരയായവർ പറയുന്നു.