വാളയാര്‍ കേസില്‍ അച്ഛനും അമ്മയും പ്രതികള്‍; ഇരുവര്‍ക്കുമെതിരെ ബലാത്സംഗ പ്രേരണാകുറ്റം ചുമത്തി; കുട്ടികള്‍ പീഡനത്തിന് ഇരയായത് അറിഞ്ഞിട്ടും മറച്ചുവെച്ചുവെന്ന് കുറ്റപത്രത്തില്‍; എറണാകുളം സിബിഐ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത് പോക്സോ വകുപ്പുകള്‍ ചുമത്തി; കേസില്‍ അട്ടിമറിയെന്ന് മാതാവ്
വാളയാര്‍ കേസില്‍ അച്ഛനും അമ്മയും പ്രതികള്‍
കൊച്ചി: വാളയാര്‍ കേസില്‍ അച്ഛനെയും അമ്മയെയും പ്രതി ചേര്‍ത്ത് സിബിഐ കുറ്റപത്രം. തിരുവനന്തപുരം സിബിഐ യൂണിറ്റാണ് കൊച്ചിയില്‍ സിബിഐ മൂന്നാം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ബലാത്സംഗ പ്രേരണാകുറ്റമാണ് ചുമത്തിയത്. പോക്സോ, ഐപിസി നിയമങ്ങള്‍ അനുസരിച്ചാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തിട്ടുള്ളത്. എറണാകുളം സിബിഐ കോടതിയിലാണ് കുറ്റപത്രം നല്‍കിയത്.
കുട്ടികള്‍ ബലാത്സംഗത്തിന് ഇരയായ വിവരം മുന്‍കൂട്ടി അറിഞ്ഞിട്ടും മാതാപിതാക്കള്‍ പൊലീസിനെ അറിയിച്ചില്ല. ഇക്കാരണത്താലാണ് ബലാത്സംഗ പ്രേരണാകുറ്റം ചുമത്തിയത്. പ്രതികള്‍ പീഡിപ്പിച്ചിരുന്നുവെന്ന് ഞങ്ങള്‍ നേരത്തെ അറിഞ്ഞിരുന്നുവെന്ന് മാതാപിതാക്കള്‍ മൊഴി നല്‍കിയിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ സിബിഐ സംഘം നടത്തിയ പരിശോധനയ്ക്കുടുവിലാണ് ഇരുവരെയും പ്രതിചേര്‍ത്തത്.
വാളയാറിലെ പെണ്‍കുട്ടികളെ നിരന്തരം പീഡിപ്പിക്കപ്പെട്ടുവെന്ന് അറിഞ്ഞിട്ടും മാതാപിതാക്കള്‍ തടയാന്‍ ശ്രമിച്ചില്ലെന്നും നിയമ നടപടികള്‍ക്ക് മുതിര്‍ന്നില്ലെന്നും സിബിഐ വ്യക്തമാക്കി. ഡിവൈഎസ്പി ഉമയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്. അതേസമയം, കഥകള്‍ കെട്ടിച്ചമയ്ക്കുകയാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ തങ്ങളെ കണ്ടില്ലെന്നും വാളയാര്‍ പെണ്‍കുട്ടികളുടെ മാതാവ് പ്രതികരിച്ചു.
കേസില്‍ അട്ടിമറി നടന്നിട്ടുണ്ട്. നിയമപോരാട്ടം തുടരും. ഭീഷണിക്ക് വഴങ്ങില്ല. കിട്ടിയവരെ പ്രതിയാക്കുകയാണ്. സര്‍ക്കാരും സി ബി ഐയും ഒത്തുകളിക്കുകയാണിവിടെ. പ്രതികരിക്കില്ലെന്ന് അവര്‍ കരുതിക്കാണും. ശരിയായി അന്വേഷിച്ചാല്‍ കേസ് തെളിയിക്കാനാകുമെന്നും അവര്‍ ഒരു മാദ്ധ്യമത്തോട് പറഞ്ഞു. മാതാപിതാക്കള്‍ പ്രതികള്‍ തന്നെയാണെന്ന് മുന്‍ സമരസമിതി നേതാവ് ബാലമുരളി പ്രതികരിച്ചു. മാതാപിതാക്കളുടെ നിയമപോരാട്ടം നാടകമാണ്. കുട്ടിയെ പീഡിപ്പിക്കുന്ന രണ്ടാനച്ഛന്‍ കണ്ടിട്ടും പൊലീസിനോട് പറഞ്ഞില്ലെന്നും അദ്ദേഹം ആരോപിച്ചു.
2017 ജനുവരി ഏഴിനും മാര്‍ച്ച് നാലിനുമാണ് പതിമൂന്നും ഒമ്പതും വയസ്സുള്ള സഹോദരിമാരെ വീടിനോട് ചേര്‍ന്ന ചായ്പ്പില്‍ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവര്‍ പീഡനത്തിനിരയായിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. പ്രായപൂര്‍ത്തിയാവാത്ത ഒരാള്‍ ഉള്‍പ്പെടെ അഞ്ചു പേരായിരുന്നു കേസിലെ പ്രതികള്‍. ഇതില്‍ ആലപ്പുഴ ചേര്‍ത്തല സ്വദേശിയായ പ്രദീപ് വിചാരണക്കിടെ ജീവനൊടുക്കി. ഇതിനു പിന്നാലെ നാലാം പ്രതിയായ കുട്ടി മധുവും ആത്മഹത്യ ചെയ്തു.
വലിയ മധു, കുട്ടി മധു, ഷിബു, പ്രദീപ് എന്നീ നാല് പ്രതികള്‍ക്കെതിരെ ആറ് കേസുകളാണുണ്ടായിരുന്നത്. വലിയ മധു രണ്ട് പെണ്‍കുട്ടികളെയും പീഡിപ്പിച്ച കേസിലും കുട്ടി മധുവും ഷിബുവും മൂത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലും പ്രതികളായിരുന്നു.