ഭാര്യയുടെ ജന്മദിനത്തോടനുബന്ധിച്ച് നാട്ടില്‍ തിരിച്ചെത്തി; കാമുകനെ ചൊല്ലി തര്‍ക്കം; ഭക്ഷണത്തില്‍ മയക്കമരുന്ന് കലര്‍ത്തി നല്‍കി ബോധരഹിതനാക്കി; കാമുകനെ വിളിച്ച് വരുത്തി കൊല; വെട്ടിനുറുക്കി വീപ്പയ്ക്കുള്ളില്‍ സിമന്റിട്ട് ഉറപ്പിച്ചു; കേസില്‍ ഭാര്യയും കാമുകനും പിടിയില്‍
ലഖ്‌നൗ: മീററ്റില്‍ മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനായ ഭര്‍ത്താവിനെ കൊന്ന് കഷ്ണങ്ങളാക്കി സിമന്റിട്ട് മൂടിയ കേസില്‍ ഭാര്യയും ആണ്‍സുഹൃത്തും അറസ്റ്റില്‍. സൗരഭ് കുമാര്‍ ആണ് കൊല്ലപ്പെട്ടത്. ലണ്ടനില്‍ നിന്ന് തിരിച്ചെത്തിയ സൗരഭ് കുമാറിനെ ഭാര്യയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു. കേസില്‍ ഭാര്യ ഭാര്യ മുസ്‌കാന്‍ റസ്തോഗിയും കാമുകന്‍ സാഹില്‍ ശുക്ലയും അറസ്റ്റിലായി.
ഉത്തര്‍പ്രദേശിലെ മീററ്റിലെ ബ്രഹ്‌മപുരി പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഇന്ദിരാനഗര്‍ മാസ്റ്റര്‍ കോളനിയിലാണ് സംഭവം. കൊല്ലപ്പെട്ട സൗരഭ് കുമാര്‍ മര്‍ച്ചന്റ് നേവിയിലാണ് ജോലി ചെയ്തിരുന്നത്. ഇയാള്‍ പലപ്പോഴും വിദേശത്തേക്ക് പോയിരുന്നു. 2020-ല്‍ ലണ്ടനില്‍ ഡ്യൂട്ടിയിലായിരിക്കെ, ഇയാള്‍ അവിടെ ഒരു മാളില്‍ ജോലി ചെയ്യാന്‍ തുടങ്ങി. 2016 ന്റെ തുടക്കത്തില്‍, സൗരഭ് മുസ്‌കന്‍ റസ്തോഗിയുമായി പ്രണയത്തിലായി. ഇരുവര്‍ക്കും പിഹു എന്ന് പേരുള്ള അഞ്ച് വയസ്സുള്ള ഒരു മകള്‍ ഉണ്ട്. സൗരഭും ഭാര്യയും മകളും ഇന്ദിരാനഗറിലെ ഓംപാലിന്റെ വീട്ടില്‍ മൂന്ന് വര്‍ഷമായി വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു.
ഭാര്യ മുസ്‌കന്റെ ജന്മദിനത്തോടനുബന്ധിച്ച് നാട്ടില്‍ തിരിച്ചെത്തിയതായിരുന്നു സൗരഭ്. ഫെബ്രുവരി 25-നായിരുന്നു ഭാര്യ മുസ്‌കാന്റെ ജന്മദിനം. ഫെബ്രുവരി 24-നാണ് സൗരഭ് തിരിച്ചെത്തിയത്. 2019 മുതല്‍ ഇവര്‍ താമസിച്ചിരുന്ന പ്രദേശത്തെ ശാസ്ത്രി കി കോത്തിയില്‍ താമസിക്കുന്ന സാഹില്‍ ശുക്ല എന്ന യുവാവുമായി മുസ്‌കാന്‍ അടുപ്പത്തിലായിരുന്നു. ഇരുവര് തമ്മിലുള്ള ബന്ധത്തെക്കുറിച്ച് സൗരഭിന് അറിയാമായിരുന്നു. ഇതേത്തുടര്‍ന്ന് ഇവര്‍ക്കിടയില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് മാര്‍ച്ച് 4 ന് രാത്രി മുസ്‌കാന്‍ സൗരഭിന് ഭക്ഷണത്തില്‍ മയക്കമരുന്ന് കലര്‍ത്തി നല്‍കി ബോധരഹിതനാക്കി. പിന്നാലെ കാമുകന്‍ സാഹിലിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി. തുടര്‍ന്നാണ് ഇവര്‍ അരുംകൊല നടത്തിയത്.
പിന്നീട് രണ്ടുപേരും ചേര്‍ന്ന് സൗരഭിനെ കത്തി ഉപയോഗിച്ച് നെഞ്ചില്‍ ആവര്‍ത്തിച്ച് കുത്തി കൊലപ്പെടുത്തുകയായിരുന്നു. ഇതിനുശേഷം, മൃതദേഹം കത്തി ഉപയോഗിച്ച് 15 ഓളം കഷണങ്ങളാക്കി മുറിച്ച് ഒരു പ്ലാസ്റ്റിക് ഡ്രമ്മില്‍ നിറച്ചു. സിമന്റും പൊടിയും ചേര്‍ത്ത് ലായനി ഉണ്ടാക്കിയാണ് ശരീരഭാഗങ്ങള്‍ ഈ ഡ്രമ്മില്‍ ഒളിപ്പിച്ചിരുന്നത്. ശരീരഭാഗങ്ങള്‍ ഡ്രമ്മില്‍ നിറച്ച ശേഷം അത് ഇഷ്ടികകള്‍ കൊണ്ട് മൂടുകയായിരുന്നു.
മാര്‍ച്ച് 4 ന് തന്നെയാണ് ഇവര്‍ ഈ ക്രൂരകൃത്യങ്ങള്‍ എല്ലാം ചെയ്യുന്നത്. പിന്നീട് മുസ്‌കാന്‍ തന്റെ അഞ്ച് വയസ്സുള്ള മകളെ മാതാപിതാക്കളുടെ വീട്ടില്‍ ഉപേക്ഷിച്ച് കാമുകനൊപ്പം ഷിംലയിലേക്ക് പോയി. ചൊവ്വാഴ്ച, മുസ്‌കാന്‍ സംഭവത്തെക്കുറിച്ച് അമ്മയെ അറിയിച്ചു. അമ്മ തന്നെയാണ് പൊലീസില്‍ വിവരം അറിയിച്ചത്. പിന്നാലെ സ്ഥലത്തെത്തിയ പൊലീസ് മുസ്‌കാനെയും കാമുകനെയും അറസ്റ്റ് ചെയ്യുകയും സൗരഭിന്റെ മൃതദേഹം കണ്ടെടുക്കുകയും ചെയ്തു.