പ്രണയം വീട്ടുകാര്‍ സമ്മതിച്ചില്ല; നിര്‍ബന്ധിച്ച് മറ്റൊരു വിവാഹം കഴിപ്പിച്ചു; വിവാഹശേഷം കാമുകനുമായി ബന്ധം തുടരാനാകാത്തത് വിഷമത്തിലാക്കി; രണ്ട് ലക്ഷത്തിന് ക്വട്ടേഷന്‍ നല്‍കി ഭര്‍ത്താവിനെ കൊന്നു; കാമുകനും ഭാര്യയും പിടിയില്‍; മറ്റ് പ്രതികള്‍ക്കായുള്ള തിരച്ചില്‍

Update: 2025-03-25 06:10 GMT

ഔരിയ: ക്വട്ടേഷന്‍ നല്‍കി ഭര്‍ത്താവിനെ കൊന്ന ഭാര്യയും അതിന് ഗൂഡാലോചന നടത്താന്‍ സഹായിച്ച കാമുകനും പോലീസ് പിടിയില്‍. ഉത്തര്‍പ്രദേശിലെ ഔരിയ ജില്ലയില്‍ നടന്ന ഭീകര കൊലപാതക കേസില്‍ 22കാരി പ്രഗതി യാദവും കാമുകന്‍ അനുരാഗ് യാദവും ആണ് അറസ്റ്റിലായത്. വിവാഹം കഴിഞ്ഞ് വെറും രണ്ടാഴ്ചയ്ക്ക് ശേഷമാണ് കൊലപാതാകം നടന്നത്.

പ്രഗതിയും അനുരാഗും പ്രണയത്തിലായിരുന്നുവെങ്കിലും പെണ്‍കുട്ടിയുടെ കുടുംബം ഈ ബന്ധം അംഗീകരിച്ചില്ല. ഇതിനെത്തുടര്‍ന്ന് മാര്‍ച്ച് 5-ന് അവര്‍ പ്രഗതിയെ നിര്‍ബന്ധിച്ച് ദിലീപുമായി വിവാഹം കഴിപ്പിച്ചു. വിവാഹശേഷം കാമുകനുമായി ബന്ധം തുടരാനാകാത്തത് പ്രഗതിയെ വിഷമത്തിലാക്കി.

തുടര്‍ന്ന് ഭര്‍ത്താവിനെ ഒഴിച്ചുനിര്‍ത്താന്‍ ഇരുവരും ഗൂഢാലോചന നടത്തുകയും കൊലപാതകത്തിന് രാമാജി ചൗധരി എന്ന വാടകക്കൊലയാളിയെയും കൂട്ടുകാരെയും ഏര്‍പ്പെടുത്തുകയും ചെയ്തു. കൊലപാതകത്തിനായി പ്രതിഫലമായി രണ്ട് ലക്ഷം രൂപ നല്‍കിയതായും പൊലീസ് കണ്ടെത്തി.

മാര്‍ച്ച് 19-ന് ദിലീപിനെ വാടക ഗുണ്ടകള്‍ വയലിലേക്ക് കൊണ്ടുപോയ വാടകക്കൊലയാളികള്‍ അവിടെവച്ച് കഠിനമായി മര്‍ദ്ദിക്കുകയും പല തവണ വെടിവെക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ ദിലീപിനെ ആദ്യം ബിധുനയിലെ സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. അവിടെനിന്ന് ഗ്വാളിയോറിലെ ആശുപത്രിയിലേക്കും കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ദിലീപ് മരിച്ചതിന് പിന്നാലെ സഹോദരന്‍ പൊലീസില്‍ പരാതി നല്‍കുകയും അന്വേഷണത്തില്‍ ഭാര്യയും കാമുകനും കൊലപാതകത്തിന് പിന്നിലാണെന്ന് തെളിയുകയും ചെയ്തു. സിസിടിവി ദൃശ്യങ്ങള്‍ അടക്കം തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്. കൊലയ്ക്കുപയോഗിച്ച തോക്ക്, ബൈക്ക്, മൊബൈല്‍ ഫോണുകള്‍ എന്നിവയും പൊലീസ് പിടിച്ചെടുത്തു. പൊലീസ് പ്രതികളായ പ്രഗതിയെയും അനുരാഗിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ പങ്കുണ്ടായ മറ്റ് പ്രതികള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Tags:    

Similar News