14 വയസുള്ളപ്പോൾ 42കാരനെ വിവാഹം കഴിച്ചു; നിരന്തര ഉപദ്രവം മനം മടുപ്പിച്ചു; പിന്നാലെ സമൂഹ മാധ്യമത്തിൽ പരിചയപ്പെട്ട യുവാവുമായി അടുപ്പത്തിലായി; വീണ്ടും വിവാഹം കഴിക്കാൻ തീരുമാനിച്ചതോടെ ഭർത്താവിനെ ഒഴിവാക്കാൻ കൊലപാതകം; നശിപ്പിക്കാൻ നൽകിയ ഭർത്താവിന്റെ ഫോൺ കാമുകൻ ഉപയോഗിച്ചത് കുരുക്കായി; കേസിന്റെ ചുരുളഴിഞ്ഞത് ഒരു വർഷത്തിന് ശേഷം
ന്യൂഡൽഹി: ക്രിമിനൽ കേസ് പ്രതിയുടെ കൊലപാതകത്തിൽ 34കാരിയായ ഭാര്യ അടക്കം മൂന്ന് പേരെ പോലീസ് പിടികൂടിയത് സുപ്രധാന നീക്കത്തിലൂടെ. ഒരു വർഷത്തിന് ശേഷമാണ് കേസിലെ യഥാർഥ പ്രതികളെ ഡൽഹി പോലീസിന് കണ്ടെത്താനായത്. ഭാര്യ സോണിയ, കാമുകനായ രോഹിത്, വിജയ് എന്നിവരാണ് പിടിയിലായത്. മയക്കുമരുന്നിന് അടിമയായ പ്രീതം നിരന്തരം ഭാര്യ സോണിയയെ ഉപദ്രവിച്ചിരുന്നു. ഇതിൽ മനം മടുത്ത് ഭർത്താവിനെ കൊല്ലാൻ സോണിയ പദ്ധതിയിടുകയായിരുന്നു. കൊലപാതക ശേഷം സോണിയ നശിപ്പിക്കാനായി കാമുകന് നൽകിയ ഭർത്താവിന്റെ ഫോൺ ട്രാക്ക് ചെയ്തതിലൂടെയാണ് പോലീസ് പ്രതികളിലേക്കെത്തിയത്.
14 വയസുള്ളപ്പോഴാണ് സോണിയ 42 വയസുള്ള പ്രീതമിനെ വിവാഹം കഴിക്കുന്നത്. വീട്ടുകാരുടെ എതിർപ്പ് അവഗണിച്ചായിരുന്നു വിവാഹം. ദമ്പതികൾക്ക് ഒരു മകനും രണ്ട് പെൺമക്കളുമുണ്ട്. ഡൽഹിയിലെ അലിപൂരിലാണ് കുടുംബം താമസിച്ചിരുന്നത്. അനധികൃതമായി തോക്കുകൾ കൈവശം വയ്ക്കൽ, കവർച്ച, തട്ടിക്കൊണ്ടുപോകൽ എന്നിവയുൾപ്പെടെ നിരവധി കുറ്റകൃത്യങ്ങളിൽ പ്രതിയായിരുന്നു പ്രീതം. മയക്കുമരുന്ന് ഉപയോഗം ഉൾപ്പെടെ എല്ലാ കുറ്റകൃത്യങ്ങളും ഉപേക്ഷിച്ച് നല്ലൊരു മനുഷ്യനാകാൻ താൻ നിരവധി തവണ പ്രീതമിനോട് ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ലെന്നാണ് സോണിയ പറയുന്നത്.
2023 ലാണ് കാബ് ഡ്രൈവറായ രോഹിതുമായി സോണിയ പരിചയപ്പെടുന്നത്. സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട ഇരുവരും തമ്മിൽ അടുപ്പത്തിലാകുകയായിരിന്നു. തുടർന്ന് ഇരുവരും വിവാഹം കഴിക്കാൻ തീരുമാനിച്ചു. ഇതോടെയാണ് പ്രീതത്തെ ഒഴിവാക്കാൻ സോണിയയും രോഹിതും തീരുമാനിച്ചത്. കൊലപാതക്കേസിലടക്കം പ്രതിയായ രോഹിത്തിനോട് പ്രീതമിനെ കൊല്ലാൻ സോണിയ ആവശ്യപ്പെട്ടു. എന്നാൽ തനിക്ക് കൊല്ലാൻ സാധിക്കില്ലെന്നും വാടകകൊലയാളിയെ കണ്ടുപിടിക്കാമെന്നും രോഹിത് പറഞ്ഞു. ഇതിനായി ആറ് ലക്ഷം രൂപ ഏർപ്പാടാക്കാൻ സോണിയയോട് ആവശ്യപ്പെട്ടു. എന്നാൽ ഇത്രയും തുക തനിക്ക് സംഘടിപ്പിക്കാനാവില്ലെന്ന് സോണിയ പറഞ്ഞു.
ഒടുവിൽ 2024 ജൂലൈ അഞ്ചിനാണ് സോണിയ സോണിയ തന്റെ സഹോദരിയുടെ ഭർത്താവിന്റെ അനിയൻ വിജയിന്റെ സഹായത്തോടെ പ്രീതമിനെ കൊലപ്പെടുത്തുകയായിരുന്നു. ഒരു ലക്ഷം രൂപയായിരുന്നു കൊലപാതകം നടത്താനായി ആവശ്യപ്പെട്ടിരുന്നത്. എന്നാൽ 50,000 രൂപ നൽകി സോണിയ ഇടപാട് ഉറപ്പിച്ചു. കൊലപാതക ശേഷം പ്രീതത്തിന്റെ മൃതദേഹം ഒരു ഷീറ്റിൽ പൊതിഞ്ഞ് അഴുക്കുചാലിന് സമീപം എറിഞ്ഞു. ഹരിയാന പോലീസാണ് ആ പ്രദേശത്ത് നിന്ന് ഒരു അജ്ഞാത പുരുഷ മൃതദേഹം കണ്ടെടുത്തത്.
ഇതിനിടയിൽ ഭർത്താവിനെ കാണാനില്ലെന്ന് കാണിച്ച് സോണിയ പോലീസിൽ പരാതി നൽകി. ഭർത്താവിന്റെ ഫോൺ നശിപ്പിക്കണമെന്ന് പറഞ്ഞ് രോഹിതിന് സോണിയ ഫോൺ കൈമാറുകയും ചെയ്തു. ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. എന്നാൽ കൊലപാതകം നടന്ന് മാസങ്ങളായിട്ടും പ്രതികളെ പിടികൂടാൻ പോലീസിന് കഴിഞ്ഞിരുന്നില്ല. സോണിയ തന്റെ കാമുകനായ രോഹിത്തിന് നശിപ്പ്പിക്കാനായി കൈമാറിയ ഭർത്താവിന്റെ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് കേസിൽ നിർണായകമായത്. കാമുകനായ രോഹിത് സോണിയ നൽകിയ ഫോൺ നശിപ്പിച്ചിരുന്നില്ല. ഇതാണ് പ്രതികളിലേക്കെത്താൻ പോലീസിനെ സഹായിച്ചത്.
പ്രീതത്തിന്റെ ഫോൺ ട്രാക്ക് ചെയ്തപ്പോൾ അത് ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തിയ പോലീസ് രോഹിത്തിനെ നിരീക്ഷണത്തിലാക്കി. തുടർന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ ഫോൺ മറ്റൊരാളിൽ നിന്ന് വാങ്ങിയതാണെന്നായിരുന്നു മറുപടി. എന്നാൽ കൂടുതൽ ചോദ്യം ചെയ്യലിൽ സോണിയയുമായുള്ള ബന്ധത്തെക്കുറിച്ചും കൊലപാതകത്തെകുറിച്ചും രോഹിത് പോലീസിനോട് കുറ്റസമ്മതം നടത്തുകയായിരുന്നു. പിന്നാലെ പോലീസ് സോണിയയെ കസ്റ്റഡിയിലെടുത്തു. കൊലപാതകം നടത്തിയ വിജയ് മോഷണക്കേസിൽ നിലവിൽ ജയിലിലാണെന്നാണ് പോലീസ് പറയുന്നത്.