ആ ഇന്‍സ്റ്റഗ്രാം വിഡിയോ കണ്ട് ഭാര്യ ഞെട്ടി; ഏഴുവര്‍ഷം മുന്‍പ് കാണാതായ ഭര്‍ത്താവ് മറ്റൊരു യുവതിക്കൊപ്പം റീല്‍സില്‍; ഭാര്യയുടെ പരാതിയില്‍ ഹര്‍ദോയ് സ്വദേശി കസ്റ്റഡിയില്‍

ഭാര്യയുടെ പരാതിയില്‍ ഹര്‍ദോയ് സ്വദേശി കസ്റ്റഡിയില്‍

Update: 2025-09-02 10:46 GMT

ലക്‌നൗ: വര്‍ഷങ്ങളായി ഒളിച്ചുകഴിയുകയായിരുന്ന യുവാവിനെ സോഷ്യല്‍ മീഡിയയിലൂടെ കണ്ടെത്തിയതിന് പിന്നാലെ ഭാര്യയുടെ പരാതിയില്‍ കസ്റ്റഡിയില്‍ എടുത്തു. ഏഴ് വര്‍ഷമായി കാണാമറയത്തായിരുന്ന ഭര്‍ത്താവിനെ ഭാര്യ ഇന്‍സ്റ്റഗ്രാം റീലില്‍ നിന്നും കണ്ടെത്തുകയായിരുന്നു. ഉത്തര്‍പ്രദേശിലാണ് സംഭവം. മറ്റൊരു സ്ത്രീയുമൊത്തുള്ള ഇന്‍സ്റ്റഗ്രാം റീലില്‍ നിന്നാണ് ഏഴ് വര്‍ഷമായി കാണാതായ തന്റെ ഭര്‍ത്താവിനെ ഭാര്യ കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ഷീലു എന്ന യുവതിയാണ് കാണാതായ ഭര്‍ത്താവ് ബബ്ലു എന്നറിയപ്പെടുന്ന ജിതേന്ദ്ര കുമാറിനെ ഇന്‍സ്റ്റഗ്രാമില്‍ നിന്നും കണ്ടെത്തിയത്. ഇവരുടെ വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിനുശേഷം 2018-ലാണ് ജിതേന്ദ്ര കുമാറിനെ കാണാതായതായി റിപ്പോര്‍ട്ട് ചെയ്തത്. വിവാഹത്തിനുശേഷം ഇവരുടെ ബന്ധം അധികനാള്‍ നീണ്ടുപോയില്ല. സ്വര്‍ണ്ണ മാലയും മോതിരവും ഉള്‍പ്പെടെ ആവശ്യപ്പെട്ടതായും സ്ത്രീധനത്തിന്റെ പേരില്‍ ഇയാള്‍ പീഡിപ്പിച്ചതായും ഷീലു ആരോപിച്ചു. ഇതോടെ ഇവരുടെ ദാമ്പത്യം തകര്‍ന്നു. ആവശ്യങ്ങള്‍ നിറവേറ്റപ്പെടാതെ വന്നപ്പോള്‍ അവളെ വീട്ടില്‍ നിന്ന് പുറത്താക്കി. തുടര്‍ന്ന് ജിതേന്ദ്ര കുമാറിനെതിരെ ഷീലുവിന്റെ കുടുംബം സ്ത്രീധന പീഡനം ആരോപിച്ച് കേസ് കൊടുത്തിരുന്നു.

ഇതിന് പിന്നാലെ ജിതേന്ദ്രയെ കാണാതാവുന്നത്. ഇയാളുടെ പിതാവിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നു. ഷീലുവിന്റെ കുടുംബം ജിതേന്ദ്രയെ കൊലപ്പെടുത്തിയെന്ന് പിതാവും ബന്ധുക്കളും ആരോപിച്ചിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്‍സ്റ്റഗ്രാമില്‍ റീല്‍ കാണുന്നതിനിടെയാണ് ഭര്‍ത്താവിനെയും മറ്റൊരു യുവതിയെയും വീഡിയോ ഷീലു കണ്ടത്. ഉടന്‍ പൊലീസിന് വിവരം അറിയിക്കുകയായിരുന്നു. ലുധിയാനയിലേക്ക് പോയ ജിതേന്ദ്ര അവിടെ മറ്റൊരു യുവതിയെ വിവാഹം കഴിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. സ്ത്രീധന നിരോധന നിയമപ്രകാരവും തട്ടിപ്പിനും ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

Tags:    

Similar News